ലെസ്റ്റർ: യുകെയിലെ പ്രമുഖ മലയാളി സംഘടനകളിലൊന്നായ ലെസ്റ്റർ കേരള കമ്മ്യൂണിറ്റി (LKC) തങ്ങളുടെ ഐക്യത്തിന്റെയും സാംസ്‌കാരിക പൈതൃകത്തിന്റെയും ഇരുപത് വർഷങ്ങൾ പിന്നിടുന്നു. സംഘടനയുടെ ഇരുപതാം വാർഷികാഘോഷവും ക്രിസ്തുമസ്-പുതുവത്സര ആഘോഷങ്ങളും ഉൾപ്പെടുത്തിക്കൊണ്ടുള്ള “ട്വന്റി-20” എന്ന ബ്രഹ്മാണ്ഡ സംഗമം 2026 ജനുവരി 10 ശനിയാഴ്ച ലെസ്റ്ററിലെ മഹർ സെന്ററിൽ (Maher Centre) നടക്കും.
നക്ഷത്രത്തിളക്കത്തിൽ ആഘോഷരാവ്
മലയാള സിനിമയിലെ നിത്യഹരിത നായകൻ ശങ്കർ ആഘോഷങ്ങളിൽ മുഖ്യാതിഥിയായി പങ്കെടുക്കും. പഴയകാല സിനിമാ ഓർമ്മകളും ആവേശവും പങ്കുവെക്കാൻ താരം എത്തുന്നതിനൊപ്പം യുകെ മലയാളി സമൂഹത്തിലെ പ്രമുഖ വ്യക്തിത്വവും UUKMA പ്രസിഡന്റുമായ ശ്രീ. എബി സെബാസ്റ്റ്യനും ചടങ്ങിൽ വിശിഷ്ട സാന്നിധ്യമായിരിക്കും.
ഓപ്പണിങ് ഷോ NAKSHATRA GEETHAM ’26
ഉച്ചയ്ക്ക് 12:00-ന് ആരംഭിക്കുന്ന “നക്ഷത്ര ഗീതം ’26” എന്ന മെഗാ ഓപ്പണിംഗ് ഷോയിൽ മലയാളത്തിന്റെ പ്രിയ കലാകാരന്മാർ അണിനിരക്കും. പ്രശസ്ത താരം അനു ജോസഫ്, മാന്ത്രിക വിസ്മയങ്ങൾ തീർക്കുന്ന മെന്റലിസ്റ്റ് വിൽസൺ ചമ്പക്കുളം, പിന്നണി ഗായകനും കീറ്റാറിസ്റ്റുമായ ഷിനോ പോൾ എന്നിവർ ചേർന്ന് വിസ്മയിപ്പിക്കുന്ന പ്രകടനങ്ങൾ കാഴ്ചവെക്കും. തുടർന്ന് കമ്മ്യൂണിറ്റി അംഗങ്ങൾ അണിനിരക്കുന്ന കണ്ണഞ്ചിപ്പിക്കുന്ന കലാപരിപാടികളും അരങ്ങേറും.
ആവേശം വിതറാൻ രഞ്ജിനി ജോസും ശ്രീനാഥും സംഘവും:
ആഘോഷങ്ങളുടെ മാറ്റുകൂട്ടാൻ പ്രശസ്ത പിന്നണി ഗായിക രഞ്ജിനി ജോസും അഞ്ചുപേരടങ്ങുന്ന അവരുടെ ബാൻഡും (RJ THE BAND ft. SREENATH) അവതരിപ്പിക്കുന്ന ലൈവ് മ്യൂസിക് ഷോയാണ് ഈ സംഗമത്തിന്റെ പ്രധാന ആകർഷണം. കൂട്ടത്തിൽ ഐഡിയ സ്റ്റാർ സിംഗർ ഫെയിം ശ്രീനാഥും ഒത്തുചേരുന്നതോടെ ഈ ലൈവ് ഷോ ലെസ്റ്ററിലെ മലയാളികൾക്ക് ഇതുവരെ ലഭിച്ചിട്ടില്ലാത്ത ഒരു ദൃശ്യ-ശ്രാവ്യ വിരുന്നായിരിക്കുമെന്ന് ഉറപ്പാണ്.
അണിയറയിൽ സജീവമായി വിവിധ സബ്കമ്മറ്റികൾ:
ഈ ബ്രഹ്മാണ്ഡ പരിപാടിയുടെ വിജയത്തിനായി LKC എക്സിക്യൂട്ടീവ് കമ്മിറ്റിയും വിവിധ സബ് കമ്മിറ്റികളും രാപ്പകൽ ഇല്ലാത്ത കഠിനപ്രയത്നത്തിലാണ്. ഭക്ഷണക്രമീകരണങ്ങൾക്കായി ഫുഡ് കമ്മിറ്റിയും, കലാപരിപാടികളുടെ മികവിനായി ആർട്സ് കമ്മിറ്റിയും, അതിഥികളെ സ്വീകരിക്കുന്നതിനായി റിസപ്ഷൻ കമ്മിറ്റിയും അതീവ ജാഗ്രതയോടെ പ്രവർത്തിക്കുന്നു. ഓരോ അംഗത്തിനും മികച്ച അനുഭവം നൽകുക എന്നതാണ് കമ്മിറ്റിയുടെ ലക്ഷ്യം.
“LKC ഹൃദയം”: കരുതലിന്റെ പുതിയ പാത
ഇരുപതാം വർഷത്തിൽ “LKC ഹൃദയം – ചേർത്തുപിടിക്കാം കരുതലോടെ” എന്ന പദ്ധതിയിലൂടെ മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിയുള്ള കുട്ടികൾക്കും പ്രത്യേക കരുതൽ നൽകുവാൻ സംഘടന തീരുമാനിച്ചിട്ടുണ്ട്. മുൻഗണനാ പ്രവേശനം, പ്രത്യേക ഇരിപ്പിടങ്ങൾ തുടങ്ങിയ സൗകര്യങ്ങൾ ഇതിന്റെ ഭാഗമാണ്.
അഭിമാനപൂർവ്വം പ്രായോജകർ:
ഈ വലിയ സംരംഭത്തിന് കരുത്തുപകരാൻ നിരവധി സ്ഥാപനങ്ങൾ മുന്നോട്ടു വന്നിട്ടുണ്ട്. Lifeline insurance and mortgage, Ghelanis superstore, Marshmallow car insurance, Kalyan Jewellers എന്നിവരാണ് പരിപാടിയുടെ പ്രധാന പ്രായോജകർ. കൂടെ സഹ പ്രയോജകരായി Louis Kennedy Solicitors, Southern Spices Restaurant, Muthoot Finance, Eleven Ace Online Tuition, Wow Homes Builders, Law and Lawyers, Gia Travela, Kavya Silks, A1 Car Traders Ltd, Kerala Delights, House of Bakelyn Restaurant, Chacko Cottages, Theresas London, Shan Properties എന്നിവരും കൈകോർക്കുന്നു.
പ്രധാന അറിയിപ്പുകൾ:
കൃത്യം 12 മണിക്ക് ഓപ്പണിംഗ് ഷോ ആരംഭിക്കുമെന്നതിനാൽ ഇരിപ്പിടങ്ങൾ ഉറപ്പാക്കാൻ എല്ലാവരും നേരത്തെ എത്തണമെന്ന് സംഘാടകർ അറിയിച്ചു. ഇമെയിൽ വഴി ലഭിക്കുന്ന QR കോഡ് സ്കാൻ ചെയ്താണ് പ്രവേശനം. ഈ ആഘോഷം വിജയിപ്പിക്കുന്നതിയായി പ്രസിഡന്റ് അജീഷ് കൃഷ്ണൻ, സെക്രട്ടറി സ്മൃതി രാജീവ്, പ്രോഗ്രാം കൺവീനർ രമേഷ് ബാബു എന്നിവരടങ്ങുന്ന പ്രോഗ്രാം ഓർഗനൈസിങ് കമ്മിറ്റി എല്ലാവരുടെയും സഹകരണം അഭ്യർത്ഥിച്ചു.
click on malayalam character to switch languages