ലണ്ടൻ: ബ്രിട്ടീഷ് ജിയോളജിക്കൽ സർവേ (ബിജിഎസ്) പ്രകാരം ഈ വർഷം യുകെയിൽ 300-ലധികം ഭൂകമ്പങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് റിപ്പോർട്ട്. ഭൂകമ്പം അനുഭവപ്പെടുന്ന ഏറ്റവും സജീവമായ പ്രദേശങ്ങളായ പെർത്ത്‌ഷെയർ, സ്കോട്ട്‌ലൻഡിലെ വെസ്റ്റേൺ ഹൈലാൻഡ്‌സ്, വെയിൽസിന്റെ തെക്കൻ ഭാഗങ്ങൾ, ഇംഗ്ലണ്ടിലെ യോർക്ക്ഷെയർ, ലങ്കാഷെയർ എന്നിവ ഉൾപ്പെടുന്നുവെന്ന് ബിജിഎസ് ഡാറ്റ കാണിക്കുന്നു.
ഒക്ടോബർ 20 ന് ലോച്ച് ലിയോണിന് സമീപം മണിക്കൂറുകളുടെ ഇടവേളയിൽ ഉണ്ടായ രണ്ട് ശക്തമായ തീരദേശ ഭൂകമ്പങ്ങൾ പെർത്തിലും കിൻറോസിലും അനുഭവപ്പെട്ടിരുന്നു. 3.7 തീവ്രതയുള്ള ഭൂകമ്പവും തുടർന്ന് 3.6 തീവ്രതയുള്ളതുമാണ് രേഖപ്പെടുത്തിയിരുന്നത്.
സംഭവത്തിനുശേഷം, ഭൂകമ്പത്തിന്റെ അനുഭവം വിവരിക്കുന്ന ആളുകളിൽ നിന്ന് ബിജിഎസിന് 198 അനുഭവ റിപ്പോർട്ടുകൾ ലഭിച്ചു. പ്രഭവകേന്ദ്രത്തിൽ നിന്ന് ഏകദേശം 37 മൈലിൽ കൂടുതൽ അകലെയുള്ളവരിൽ നിന്നും റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ട്.
ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ ലോച്ച് ലിയോണിനടുത്താണ് യുകെയിൽ രേഖപ്പെടുത്തിയ 309 ഭൂകമ്പങ്ങളിൽ 34 എണ്ണവും ഉണ്ടായതെന്ന് ബിജിഎസ് റിപ്പോർട്ട് ചെയ്തു. ഡിസംബർ 3 ന് ലങ്കാഷെയറിലെ സിൽവർഡെയ്‌ലിൽ 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് തീരദേശത്തെ മൂന്നാമത്തെ വലിയ ഭൂകമ്പം, 700 പേർ ഭൂകമ്പം റിപ്പോർട്ട് ചെയ്തു.1931 ലെ ഡോഗർ ബാങ്ക് ഭൂകമ്പം യുകെയിൽ രേഖപ്പെടുത്തിയതിൽ വച്ച് ഏറ്റവും ശക്തമായ ഭൂകമ്പമായി തുടരുന്നു, അതിന്റെ തീവ്രത 6.1 ആയിരുന്നു.
“കഴിഞ്ഞ 12 മാസത്തിനിടെ ഗ്രേറ്റ് ബ്രിട്ടന്റെ പല ഭാഗങ്ങളിലും ഭൂകമ്പങ്ങൾ ഉണ്ടായതായി ഡാറ്റ കാണിക്കുന്നു, സ്കോട്ട്ലൻഡ്, ഇംഗ്ലണ്ട്, വെയിൽസ് എന്നിവിടങ്ങളിൽ നിരവധി സംഭവങ്ങൾ സമീപത്തുള്ള പലർക്കും വ്യാപകമായി അനുഭവപ്പെടാൻ തക്കവിധം പ്രാധാന്യമർഹിക്കുന്നു.” ബിജിഎസിലെ ഭൂകമ്പ ശാസ്ത്രജ്ഞനായ ഡോ. ബ്രയാൻ ബാപ്റ്റി പറഞ്ഞു.
ഈ ഭൂകമ്പങ്ങളിൽ പലതിന്റെയും തീവ്രത മനുഷ്യർക്ക് അനുഭവപ്പെടാൻ കഴിയാത്തത്ര കുറവായിരുന്നു. എന്നാൽ 5 മുതൽ 6 വരെ തീവ്രത രേഖപ്പെടുത്തുന്ന വലിയ ഭൂകമ്പങ്ങൾ സുരക്ഷാ അപകടങ്ങൾ സൃഷ്ടിച്ചേക്കാം. യുകെയിലും പരിസര പ്രദേശങ്ങളിലും സാധാരണയായി ഓരോ മൂന്ന് മുതൽ നാല് വർഷത്തിലും മാഗ്നിറ്റ്യൂഡ്-4, ഏതാനും പതിറ്റാണ്ടുകൾ കൂടുമ്പോൾ മാഗ്നിറ്റ്യൂഡ്-5, ഏതാനും നൂറ് വർഷങ്ങൾ കൂടുമ്പോൾ മാഗ്നിറ്റ്യൂഡ്-6 എന്നിങ്ങനെ രേഖപ്പെടുത്താറുണ്ടെന്ന് ബിജിഎസ് വ്യക്തമാക്കുന്നു. റിപ്പോർട്ടുകൾ കൂടുതൽ നിരീക്ഷിച്ചു വരികയാണെന്നും ആവശ്യമെങ്കിൽ സുരക്ഷാ നടപടികൾക്ക് ശുപാർശ നൽകുമെന്നും ബിജിഎസ് കൂട്ടിച്ചേർത്തു.
click on malayalam character to switch languages