1 GBP = 129.70

ബോണ്ടി ബീച്ച് കൂട്ടക്കൊല: അക്രമി ഹൈദരാബാദ് സ്വദേശിയെന്ന് സ്ഥിരീകരണം; നടുക്കത്തിൽ കുടുംബം

ബോണ്ടി ബീച്ച് കൂട്ടക്കൊല: അക്രമി ഹൈദരാബാദ് സ്വദേശിയെന്ന് സ്ഥിരീകരണം; നടുക്കത്തിൽ കുടുംബം

ഇന്ത്യ: ഹൈദരാബാദ്:- ഓസ്‌ട്രേലിയയിലെ സിഡ്‌നി ബോണ്ടി ബീച്ചിൽ ജൂത ആഘോഷത്തിനിടെ 15 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിലെ മുഖ്യപ്രതി ഹൈദരാബാദ് സ്വദേശിയെന്ന് റിപ്പോർട്ട്. ആക്രമണത്തിനിടെ പോലീസ് വെടിയേറ്റ് കൊല്ലപ്പെട്ട 50-കാരനായ സാജിദ് അക്രം ഹൈദരാബാദിൽ ജനിച്ചു വളർന്നയാളാണെന്ന് തെലങ്കാന പോലീസ് സ്ഥിരീകരിച്ചു. ഇയാളുടെ തീവ്രവാദ നിലപാടുകളെക്കുറിച്ച് തങ്ങൾക്ക് അറിവില്ലായിരുന്നുവെന്ന് ഹൈദരാബാദിലെ കുടുംബാംഗങ്ങൾ മൊഴി നൽകി.

ഹൈദരാബാദിൽ നിന്ന് കൊമേഴ്‌സ് ബിരുദം പൂർത്തിയാക്കിയ സാജിദ്, 1998 നവംബറിലാണ് ജോലി തേടി ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയത്. അവിടെ വെച്ച് ഒരു യൂറോപ്യൻ യുവതിയെ വിവാഹം കഴിച്ച ഇയാൾക്ക് ഒരു മകനും മകളുമുണ്ട്. കഴിഞ്ഞ 27 വർഷത്തിനിടെ ആറ് തവണ മാത്രമാണ് ഇയാൾ ഇന്ത്യ സന്ദർശിച്ചത്. പിതാവ് മരിച്ച സമയത്ത് പോലും ഇയാൾ നാട്ടിലെത്തിയിരുന്നില്ലെന്ന് പോലീസ് അറിയിച്ചു. ഇയാളുടെ തീവ്രവാദ ബന്ധങ്ങൾക്ക് ഇന്ത്യയുമായോ ഹൈദരാബാദുമായോ യാതൊരു ബന്ധവുമില്ലെന്നാണ് പ്രാഥമിക നിഗമനം.

കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരമാണ് ബോണ്ടി ബീച്ചിൽ ഹനൂക്ക (Hanukkah) ആഘോഷത്തിനെത്തിയവർക്ക് നേരെ സാജിദ് അക്രമും മകൻ നവീദ് അക്രമും (24) വെടിയുതിർത്തത്. ഓസ്‌ട്രേലിയൻ ചരിത്രത്തിലെ ഏറ്റവും ഭീകരമായ വെടിവെപ്പുകളിൽ ഒന്നായ ഇതിൽ 10 വയസ്സുള്ള പെൺകുട്ടിയും പ്രശസ്തനായ റബ്ബായിയും ഉൾപ്പെടെ 15 പേർ കൊല്ലപ്പെട്ടു. സംഭവസ്ഥലത്ത് വെച്ച് തന്നെ സാജിദിനെ പോലീസ് വധിച്ചു. പരിക്കേറ്റ മകൻ നവീദ് നിലവിൽ സിഡ്‌നിയിലെ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.

ആക്രമണത്തിന് തൊട്ടു മുൻപ് ഇരുവരും ഫിലിപ്പീൻസ് സന്ദർശിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഐഎസ് (IS) ഭീകര സംഘടനയുമായി ഇവർക്ക് ബന്ധമുണ്ടോ എന്ന കാര്യത്തിൽ ഓസ്‌ട്രേലിയൻ ഫെഡറൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്. ഹൈദരാബാദിലെ ടോളിചൗക്കിയിലുള്ള ഇയാളുടെ വീട്ടിൽ പോലീസ് സംഘം പരിശോധന നടത്തി. മാന്യമായ പശ്ചാത്തലമുള്ള കുടുംബമാണ് ഇയാളുടേതെന്നും സഹോദരൻ ഒരു ഡോക്ടറാണെന്നും അയൽവാസികൾ പറഞ്ഞു.

അതേസമയം സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ജൂത ആഘോഷത്തിനിടെ നടന്ന ഭീകരാക്രമണത്തിൽ പതറാതെ പൊരുതി കൂടുതൽ ജീവനുകൾ രക്ഷിച്ച അഹമ്മദ് അൽ-അഹമ്മദ് എന്ന 44-കാരൻ ആഗോളതലത്തിൽ ശ്രദ്ധനേടുന്നു. 15 പേർ കൊല്ലപ്പെട്ട ആക്രമണത്തിനിടെ, തോക്കുധാരിയുടെ പക്കൽ നിന്നും റൈഫിൾ ബലമായി പിടിച്ചുവാങ്ങിയ അഹമ്മദിന്റെ ധീരതയെ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി അന്തോണി അൽബാനിസ് ഉൾപ്പെടെയുള്ളവർ പ്രശംസിച്ചു.

ആക്രമണം നടക്കുമ്പോൾ സമീപത്ത് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു അഹമ്മദ്. വെടിയൊച്ച കേട്ടതോടെ ഓടിമാറുന്നതിന് പകരം കാറുകൾക്ക് പിന്നിൽ ഒളിച്ചിരുന്ന് അക്രമിക്ക് അരികിലെത്തുകയും, അവസരം ലഭിച്ചപ്പോൾ തോക്കുധാരിയുടെ മേൽ ചാടിവീഴുകയുമായിരുന്നു. മല്പിടുത്തത്തിനിടയിൽ അഹമ്മദിന്റെ തോളിൽ രണ്ട് തവണ വെടിയേറ്റു. എന്നിട്ടും പിന്മാറാതെ അക്രമിയെ നിരായുധനാക്കിയ അദ്ദേഹം തോക്ക് പിടിച്ചുവാങ്ങി സുരക്ഷിതമായ ഒരിടത്തേക്ക് മാറ്റി വെച്ചു. ഇതോടെയാണ് അക്രമിയുടെ പക്കൽ നിന്നും കൂടുതൽ പേർക്ക് വെടിയേൽക്കുന്നത് ഒഴിവായത്.
സിറിയയിലെ ഇദ്‌ലിബ് പ്രവിശ്യയിലുള്ള അൽ-നൈറബ് എന്ന ഗ്രാമത്തിൽ നിന്നുമാണ് അഹമ്മദ് 2007-ൽ ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയത്. നിലവിൽ സിഡ്‌നിയിൽ ഒരു പച്ചക്കറി കട നടത്തുകയാണ് ഇദ്ദേഹം.

അഹമ്മദിന്റെ വീരകൃത്യം സിറിയയിലെ അദ്ദേഹത്തിന്റെ ജന്മനാട്ടിലും വലിയ ആഘോഷമായി മാറിയിരിക്കുകയാണ്. “അവൻ ഞങ്ങളുടെ അഭിമാനമാണ്, സിറിയയുടെ കരുത്താണ്” എന്നാണ് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ പ്രതികരിച്ചത്.
ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അഹമ്മദിനെ സന്ദർശിച്ച ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി, അദ്ദേഹത്തിന്റെ ധീരത എല്ലാ ഓസ്‌ട്രേലിയക്കാർക്കും പ്രചോദനമാണെന്ന് പറഞ്ഞു. അഹമ്മദിന്റെ ചികിത്സാ ചിലവുകൾക്കായി തുടങ്ങിയ ഓൺലൈൻ ഫണ്ടിലേക്ക് ഇതിനകം 1.2 മില്യൺ പൗണ്ടിലധികം (ഏകദേശം 13 കോടി രൂപ) സഹായമായി ഒഴുകിയെത്തി. തീവ്രവാദത്തിന് മതമില്ലെന്നും മാനവികതയാണ് വലുതെന്നും തെളിയിച്ച അഹമ്മദിനെ ലോകം ആദരിക്കുകയാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more