1 GBP = 120.18
breaking news

മോൺ. ഡോ. കുര്യാക്കോസ് തടത്തിലിൻ്റെ റമ്പാൻ സ്ഥാനാരോഹണ ശുശ്രൂഷ നവംബർ ഒന്നിന്

മോൺ. ഡോ. കുര്യാക്കോസ് തടത്തിലിൻ്റെ റമ്പാൻ സ്ഥാനാരോഹണ ശുശ്രൂഷ നവംബർ ഒന്നിന്

മലങ്കര സുറിയാനി കത്തോലിക്കാസഭയുടെ യൂറോപ്പിലെ അപ്പോസ്തലിക് വിസിറ്റേറ്ററായി നിയമിതനായ മോണ്‍.ഡോ.കുര്യാക്കോസ് തടത്തിലിന്റെ അച്ചൻ്റെ റമ്പാൻ സ്ഥാനാരോഹണ ശുശ്രൂഷ നവംബർ ഒന്ന് രാവിലെ 8.30നു തിരുവല്ല സെന്റ് ജോൺസ് കത്തീഡലിൽ നടക്കും. 8.30നു കുർബാന മദ്ധ്യേ  സ്ഥാനാരോഹണ ശുശ്രൂഷ ആരംഭിക്കും. തിരുവല്ലാ അതിരൂപതയുടെ ആർച്ച്ബിഷപ് ഡോ.തോമസ് മാർ കൂറിലോസ് മെത്രാപ്പോലിത്ത മുഖ്യകാർമികത്വം വഹിക്കും.

ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റം, ഡോ.സാമുവൽ മാർ ഐറേനിയസ്, ഡോ.വിൻസന്റ് മാർ പൗലോസ്, ഡോ. മാത്യൂസ് മാർ പോളിക്കാർപ്പോസ്, ഡോ.ആന്റണി മാർ സിൽവാനോസ്, ഡോ.ഏബ്രഹാം മാർ യൂലിയോസ്, ഡോ. ജോഷ്വ മാർ ഇഗ്നാത്തിയോസ് തുടങ്ങിയവർ സഹകാർമികരായിരിക്കും.

തിരുവല്ല അതിരൂപതയിലെ കോട്ടയം മേഖലയിൽ ഉൾപ്പെടുന്ന അമയന്നൂർ സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളി ഇടവകാംഗമാണു നിയുക്ത ബിഷപ്. പരേതരായ തോമസ് – സൂസമ്മ ദമ്പതികളുടെ നാലുമക്കളിൽ ഏറ്റവും മൂത്തമകനായി 1962 മാർച്ച് 27നു  ജനിച്ചു. മാത്യു തോമസ്, മറിയാമ്മ തോമസ്, സ്കറിയ തോമസ് എന്നിവരാണു സഹോദരങ്ങൾ. പ്രീഡിഗ്രി പഠനം ചങ്ങനാശേരി എസ്ബി കോളജിലായിരുന്നു. തിരുവല്ല ഇന്‍ഫന്റ് മേരീസ് മൈനര്‍ സെമിനാരിയിലായിരുന്നു വൈദിക പരിശീലനം. തത്വശാസ്ത്ര, ദൈവശാസ്ത്ര പഠനങ്ങള്‍ ആലുവ സെന്റ് ജോസഫ്സ് പൊന്തിഫിക്കല്‍ സെമിനാരിയില്‍ നടത്തി.1987ൽ വൈദികനായി.  കാനം, നെടുമാവ്, ചുവന്നമണ്ണ്, അടിപെരണ്ട, കൊമ്പഴ, ചക്കുണ്ട്, കുന്നംകുളം, വാഴാനി, തിരുവൻവണ്ടൂർ, ചെങ്ങരൂർ ഇടവകകളിൽ വികാരിയായും സേവനം ചെയ്തിട്ടുണ്ട്. 

റോമിലെ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നു പിഎച്ച്ഡി നേടിയശേഷം മലങ്കര സെമിനാരിയില്‍ അധ്യാപകനായും കോട്ടയം വടവാതൂര്‍, കുന്നോത്ത് ഗുഡ്ഷെപ്പേര്‍ഡ് സെമിനാരികളില്‍ വിസിറ്റിങ് പ്രഫസറായും സേവനമനുഷ്ഠിച്ചു. മലങ്കര മേജര്‍ സെമിനാരി റെക്ടര്‍, തിരുവല്ല അതിരൂപത ചാന്‍സലര്‍, വിശ്വാസ പരിശീലന പദ്ധതി അതിഭദ്രാസന ഡയറക്ടര്‍, സഭയുടെ ആരാധന കമ്മിഷന്‍ സെക്രട്ടറി തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു. ആരാധന ദൈവശാസ്ത്രത്തില്‍ പാണ്ഡിത്യമുള്ള നിയുക്ത മെത്രാന്‍ സഭയുടെ മാസ്റ്റര്‍ ഓഫ് സെറിമണിയായി ശുശ്രൂഷ ചെയ്തിരുന്നു. നിലവില്‍ മലങ്കര കത്തോലിക്കാ സഭ യുകെ കോഓർഡിനേറ്റർ ആയി 2021 മുതൽ സേവനമനുഷ്ഠിച്ചു വരുന്നു. യുകെയിലെ കവന്ററി, പ്ളിമിത്‌  മിഷനുകളുടെ വികാരി കൂടിയാണ്. സ്ഥാനാരോഹണ ശുശ്രൂഷകളിൽ മലങ്കര കത്തോലിക്കാ സഭയുടെ യുകെ റീജിയനെ  പ്രതിനിധീകരിച്ച് നാഷണൽ കൗൺസിൽ അംഗങ്ങൾ പങ്കെടുക്കും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more