1 GBP = 126.51

കേരളത്തിന്‍റെ സമരപോരാട്ടവീഥികളിൽ വഴികാട്ടിയായി ജ്വലിച്ച നക്ഷത്രം മാഞ്ഞു; വി എസിന് യുക്മയുടെ ആദരാഞ്ജലികൾ

കേരളത്തിന്‍റെ സമരപോരാട്ടവീഥികളിൽ വഴികാട്ടിയായി ജ്വലിച്ച നക്ഷത്രം മാഞ്ഞു; വി എസിന് യുക്മയുടെ ആദരാഞ്ജലികൾ

മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ അന്തരിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് ഇന്ത്യൻ സമയം  3.30 PM ന് ആയിരുന്നു അന്ത്യം.

കടുത്ത ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ 23നാണ് വി എസ് അച്യുതാനന്ദനെ തിരുവനന്തപുരത്തെ എസ് യു ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് ഉച്ചയോടെ രക്തസമർദ്ദം താഴ്ന്നതിനെ തുടർന്ന് മെഡിക്കൽ ബോർഡ് അടിയന്തിര യോഗം ചേർന്നിരുന്നു. തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയനും, സെക്രട്ടറി പി ഗോവിന്ദൻ, ആരോഗ്യ മന്ത്രി വീണ ജോർജ്, ചീഫ് സെക്രട്ടറി  ഉൾപ്പെടെയുള്ളവരും പാർട്ടി നേതാക്കളും ആശുപത്രിയിൽ എത്തിചേർന്നിരുന്നു.

കഴിഞ്ഞ ഒരു മാസക്കാലമായി വെന്റിലേറ്ററിന്റെ സഹായത്തോടെ അതിതീവ്ര പരിചരണ വിഭാഗത്തിലായിരുന്നു വിഎസ്.കാര്‍ഡിയോളജിസ്റ്റ്, ന്യൂറോളജിസ്റ്റ്, ഇന്റന്‍സിവിസ്റ്റ്, നെഫ്രോളജിസ്റ്റ് തുടങ്ങിയ സ്പെഷ്യലിസ്റ്റുകളുടെ സംഘമാണ് അദ്ദേഹത്തിന്റെ ചികിത്സയ്ക്ക് നേതൃത്വം നല്‍കിയിരുന്നത്.

ആലപ്പുഴ ജില്ലയിലെ പുന്നപ്രയിൽ വേലിക്കകത്ത് വീട്ടിൽ ശങ്കരൻ്റെയും അക്കമ്മയുടെയും മകനായി 1923 ഒക്ടോബർ 20ന് ജനിച്ച അദ്ദേഹം ചെറുപ്പം മുതലെ പുരോഗമന പ്രസ്ഥാനങ്ങളിലും ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളിലും സജീവമായിരുന്നു.

നാലു വയസുള്ളപ്പോൾ അമ്മയും പതിനൊന്നാം വയസിൽ അച്ഛനും മരിച്ചതിനെത്തുടർന്ന് അച്ഛന്റെ സഹോദരിയാണ് അച്യുതാനന്ദനെ വളർത്തിയത്. ഗംഗാധരൻ, പുരുഷോത്തമൻ എന്നിവർ അച്യുതാനന്ദൻ്റെ ജ്യേഷ്ഠ സഹോദരന്മാരും ആഴിക്കുട്ടി ഇളയ സഹോദരിയുമാണ്.

1986 മുതൽ 2009 വരെ സിപിഎം പോളിറ്റ് ബ്യൂറോയിലും 1964 മുതൽ 2015 വരെ പാർട്ടി കേന്ദ്രകമ്മിറ്റിയിലും അംഗമായിരുന്ന ഇദ്ദേഹം പ്രതിപക്ഷ നേതാവ്, പന്ത്രണ്ടാം നിയമസഭയിലെ (2006-2011) മുഖ്യമന്ത്രി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

മതികെട്ടാനിലെ ഭൂമി കൈയേറ്റം, പ്ലാച്ചിമടയിലെ കുടിവെള്ള പ്രശ്‌നം, മറയൂരിലെ ചന്ദനക്കൊള്ള തുടങ്ങിയ ജനകീയ വിഷയങ്ങൾ ബഹുജനശ്രദ്ധയിൽ കൊണ്ടുവരുന്നതിൽ അച്യുതാനന്ദൻ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.

ഭരണ പരിഷ്കാര കമ്മീഷൻ ചെയർമാൻ പദവി രാജിവച്ച് 2020 ജനുവരിയിൽ സജീവ രാഷ്ട്രീയത്തിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച വി.എ സ് തിരുവനന്തപുരത്തെ വസതിയിൽ വിശ്രമ ജീവിതം നയിക്കുകയായിരുന്നു. ഭാര്യ: കെ.വസുമതി. മക്കൾ: വി.എ. അരുൺകുമാർ, ഡോ. വി.വി. ആശ

വി എസ് അച്ചുതാനന്ദൻ്റെ നിര്യാണത്തിൽ യുക്മ ദേശീയ സമിതി അനുശോചനം രേഖപ്പെടുത്തി. വി എസിൻ്റെ നിര്യാണത്തിൽ യുക്മ ന്യൂസ് ടീമിൻ്റെ ആദരാഞ്ജലികൾ

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more