മാഞ്ചസ്റ്ററിൽ മാർ തോമാശ്ലീഹായുടേയും വിശുദ്ധ അൽഫോൻസാമ്മയുടേയും സംയുക്ത തിരുനാളിന് കൊടിയേറി………. മാഞ്ചസ്റ്റർ തിരുനാൾ ലഹരിയിൽ…… ഇന്ന് വൈകുന്നേരം 5.30PMന് ദിവ്യബലിയർപ്പിക്കുന്നത് റവ. ഫാ. വിൻസെൻ്റ് ചിറ്റിലപ്പിള്ളി
Jun 30, 2025
മാഞ്ചസ്റ്റർ: യുകെയുടെ മലയാറ്റൂർ എന്ന് ഖ്യാതി കേട്ട മാഞ്ചസ്റ്റർ ദുക്റാന തിരുന്നാളിന് ഭക്തിനിർഭരമായ തുടക്കം.പ്രാർത്ഥനാ മന്ത്രങ്ങളാൽ മുഖരിതമായി പരിശുദ്ധമായ അന്തരീക്ഷത്തിൽ ഇടവക വികാരി ഫാ.ജോസ് കുന്നുംപുറം കൊടിയേറ്റിയതോടെ ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന തിരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കമായി
ഇന്നലെ വൈകുന്നേരം മൂന്നുമണിയോടെ തിരുന്നാൾ പ്രസുദേന്തിമാരും, ഇടവക ജനവും പ്രദക്ഷിണമായി കൊടിമരച്ചുവട്ടിൽ എത്തിയതോടെ നടന്ന പ്രാർത്ഥനകളെ തുടർന്ന് വികാരി ഫാ.ജോസ് കുന്നുംപുറം കൊടിയേറ്റ് നിർവഹിച്ചു. തുടർന്ന് പ്രദക്ഷിണമായി ഏവരും ദേവാലയത്തിലേക്ക് പ്രവേശിച്ചതോടെ പ്രസുദേന്തി വാഴ്ചയും ലദീഞ്ഞും, വിശുദ്ധ കുർബാനയും നടന്നു. ഇതേതുടർന്ന് കുടുംബയൂണിറ്റുകൾ വഴിയുള്ള കഴുന്ന് പ്രദക്ഷിണങ്ങൾക്ക് തുടക്കമായി. ദിവ്യബലിയേ തുടർന്ന് 25ആം വിവാഹ വാർഷികം ആഘോഷിക്കുന്ന സാജുകാവുങ്ങ – ബെൻസി സാജു , ഡോ.ബെൻഡൻ – ഡോ. അഞ്ജു ബെൻഡൻ ദമ്പതിമാരെ പ്രത്യേക ഉപഹാരം നൽകി ആദരിച്ചു. ദിവ്യബലിയേത്തുടർന്ന് വാശിയോടും വീറോടും കൂടി നടന്ന ഉൽപ്പന്ന ലേലത്തിൽ ഇടകവകാംഗങ്ങൾ സജീവമായി പങ്കെടുത്തു.
ഇന്നുമുതൽ അടുത്ത വെള്ളിയാഴ്ച്ചവരെ ദിവസവും വൈകുന്നേരം 5.30 ന് ദിവ്യബലിയും നൊവേനയും നടക്കും. ഇന്ന് വൈകുന്നേരം 5.30PMന് ദിവ്യബലിയർപ്പിക്കുന്നത് ഹോളി ഫാമിലി മിഷൻ ഡയറക്ടർ റവ. ഫാ. വിൻസെൻ്റ് ചിറ്റിലപ്പിള്ളിയാണ്. ഇന്നത്തെ ദിവ്യബലിയുടെ പ്രത്യേക നിയോഗം സെൻ്റ്. ആൻ്റണീസ്, സെൻ്റ്. പോൾ, സെൻ്റ് ജോൺ, സെൻ്റ്.ജോർജ് കുടുംബക്കൂട്ടായ്മകളിലെ കുടുംബങ്ങൾക്ക് വേണ്ടിയാണ്.
ഇക്കുറി തിരുന്നാളിന്റെ ഇരുപതാം വാർഷികം കൂടി എത്തിയതോടെ തിരുന്നാൾ ആഘോഷങ്ങൾ കൂടുതൽ മികവുറ്റതാക്കുവാൻ വേണ്ട ഒരുക്കങ്ങൾ ആണ് നടന്നുവരുന്നത്. ഭാരത അപ്പസ്തോലൻ മാർ തോമാസ്ലീഹായുടെയും ഭാരതത്തിന്റെ പ്രഥമ വിശുദ്ധ അൽഫോൻസാമ്മയുടെയും സംയുക്ത തിരുന്നാൾ ആഘോഷങ്ങളാണ് മാഞ്ചസ്റ്ററിൽ നടക്കുക. പ്രധാന തിരുന്നാൾ ജൂലൈ 5 ശനിയാഴ്ച നടക്കും.ഇന്നുമുതൽ വെള്ളിയാഴ്ച വരെ ദിവസവും വൈകുന്നേരം 5.30 ന് വിശുദ്ധ കുർബാനയും നൊവേനയും നടക്കും. ഇ ദിവസങ്ങളിൽ ഇടവകയിലെ വിവിധ ഫാമിലി യൂണിറ്റുകൾ, സന്നദ്ധ സംഘടനകൾ എന്നിവക്കുള്ള നിയോഗങ്ങൾ സമർപ്പിച്ചാവും തിരുക്കർമങ്ങൾ നടക്കുക.
ഇന്ന് മാഞ്ചസ്റ്റർ ഹോളിഫാമിലി മിഷൻ ഡയറക്ടർ ഫാ.വിൻസെന്റ് ചിറ്റിലപ്പള്ളി മുഖ്യ കാർമ്മികവുമ്പോൾ ചൊവ്വാഴ്ച മാഞ്ചസ്റ്റർ ക്നാനായ മിഷൻ ഡയറക്ടർ ഫാ.സുനി പടിഞ്ഞാറേക്കരയും, ബുധനാഴ്ച്ച സാൽഫോർഡ് സെന്റ് എവുപ്രാസ്യാമിഷൻ ഡയറക്‌ടർ ഫാ.സാന്റോ വാഴേപറമ്പിലും മുഖ്യ കാർമ്മികനാവും. വ്യാഴാഴ്ച ഷ്രൂഷ്ബറി രൂപതാ വികാരി ജനറൽ ഫാ.മൈക്കിൾ ഗാനൻ കാർമ്മികനാവുമ്പോൾ വെള്ളിയാഴ്ച നോട്ടിങ്ഹാം സെന്റ് ജോൺ മിഷൻ ഡയറക്ടർ ഫാ.ജോബി ജോൺ ഇടവഴിക്കലും കാർമ്മികരാവും.
പ്രധാന തിരുന്നാൾ ദിനമായ ജൂലൈ 5 ശനിയാഴ്ച്ച രാവിലെ 9.30 മുതൽ അത്യാഘോഷപൂർവ്വമായ തിരുന്നാൾ കുർബാനക്ക് തുടക്കമാകും. ആഷ്‌ഫോർഡ് മാർസ്ലീവാ മിഷൻ ഡയറക്ടർ ഫാ.ജോസ് അഞ്ചാനിക്കൽ തിരുന്നാൾ കുർബാനയിൽ മുഖ്യകാർമ്മികനാവുമ്പോൾ ഒട്ടേറെ വൈദീകർ സഹകാർമ്മികരാകും.തുടർന്ന് തിരുന്നാൾ പ്രദക്ഷിണവും, സ്നേഹവിരുന്നും നടക്കും.
ജൂലൈ ആറാംതീയതി ഞായറാഴ്ച വൈകുന്നേരം നാലിന് ദിവ്യബലിയെ തുടർന്ന് മിഷൻ ഡയറക്ടർ ഫാ.ജോസ് കുന്നുംപുറം കൊടിയിറക്കുന്നതോടെ ഒരാഴ്ച നീണ്ടുനിന്ന തിരുന്നാൾ ആഘോഷങ്ങൾക്ക് സമാപനമാകും.തുടർന്ന് നേർച്ചവിതരണവും ഉണ്ടായിരിക്കും.
തിരുന്നാൾ ആഘോഷങ്ങളുടെ വിജയത്തിനായി മിഷൻ ഡയറക്ടർ ഫാ.ജോസ് കുന്നുംപുറം, ട്രസ്റ്റിമാരായ ടോണി കുര്യൻ, ജയൻ ജോൺ, ദീപു ജോസഫ് എന്നിവരുടെയും പരിഷ്‌കമ്മിറ്റിയംഗങ്ങളുടേയും നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു. മാഞ്ചസ്റ്റർ തിരുന്നാളാഘോഷങ്ങളിൽ സംബന്ധിച്ച് വിശുദ്ധരുടെ അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ എല്ലാവരേയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി മിഷൻ ഡയറക്ടർ റവ.ഫാ. ജോസ് കുന്നുംപുറം അറിയിച്ചു.
click on malayalam character to switch languages