1 GBP = 116.89
breaking news

സംഗീത-നൃത്ത കലകളുടെ മാന്ത്രിക സ്പർശനം കൊണ്ട് വിസ്മയിപ്പിച്ച ‘മഴവിൽ സംഗീതം’ പന്ത്രണ്ടാം വാർഷികാഘോഷം യുകെ മലയാളികൾക്ക് മറക്കാനാവാത്ത ദൃശ്യാനുഭവമായി.

സംഗീത-നൃത്ത കലകളുടെ മാന്ത്രിക സ്പർശനം കൊണ്ട് വിസ്മയിപ്പിച്ച ‘മഴവിൽ സംഗീതം’ പന്ത്രണ്ടാം വാർഷികാഘോഷം യുകെ മലയാളികൾക്ക് മറക്കാനാവാത്ത ദൃശ്യാനുഭവമായി.

അനീഷ് ജോർജ്.

ലണ്ടൻ: യുകെ മലയാളികൾ ഇന്നുവരെ ദർശിച്ചിട്ടില്ലാത്ത സംഗീത-നൃത്ത കലകളുടെ മാന്ത്രിക സ്പർശനം കൊണ്ട് കാണികളെ വിസ്മയിപ്പിച്ച ‘മഴവിൽ സംഗീത’ത്തിന്റെ പന്ത്രണ്ടാം വാർഷികാഘോഷം ബോൺമൗത്തിലെ ബാറിംഗ്ടൺ തീയേറ്ററിൽ തിങ്ങിനിറഞ്ഞ കലാസ്വാദകർക്ക് സംഗീത നൃത്ത ദൃശ്യ ആവിഷ്കാരത്തിന്റെ അപൂർവ്വ അനുഭവമാണ് സമ്മാനിച്ചത്. മഴവിൽ സംഗീതമെന്ന പേരിന്റെ സൗന്ദര്യം പോലെ മഴവിൽ വർണ്ണങ്ങൾ ചാലിച്ച് കുളിർമഴയായി തുടങ്ങി പെരുമഴയായി പെയ്തിറങ്ങിയ സംഗീത-നൃത്ത പരിപാടിയായിരുന്നു മഴവിൽ സംഗീതത്തിന്റെ പന്ത്രണ്ടാം വാർഷികാഘോഷം കാണികൾക്ക് സമ്മാനിച്ചത്.

എട്ടുമണിക്കൂറിലധികം നീണ്ടുനിന്ന പരിപാടികളും കണ്ണഞ്ചിപ്പിക്കുന്ന നൃത്ത വിസ്മയങ്ങളും പ്രൗഡോജ്വലമായ വേദിയിൽ അവതരിപ്പിച്ചപ്പോൾ ഓരോ പരിപാടികളും നിറകൈയടിയോടെയാണ് കാണികൾ സ്വീകരിച്ചത്. സംഘാടകർ പ്രതീക്ഷിച്ചതിനപ്പുറമാണ് യുകെയിലെ വിവിധ സ്ഥലങ്ങളിൽ നിന്നുമായി ബാറിംഗ്ടൺ തീയേറ്റർ ഹാളിലേക്ക് ആളുകൾ ഒഴുകിയെത്തിയത്.
ഇക്കഴിഞ്ഞ 11 വർഷവും മികച്ച സംഗീത-നൃത്ത കലാപരിപാടികളുടെ ആഘോഷരാവ് ഒരുക്കിയിട്ടുള്ള ‘മഴവിൽ സംഗീത’ നിശയിൽ ഇത്തവണ ആകർഷകമായ ബോളിവുഡ്, ഇന്ത്യൻ സെമി-ക്ലാസിക്കൽ നൃത്തങ്ങളോടൊപ്പം ലൈവ് ഓർക്കസ്ട്രയുടെ അകമ്പടിയോടെ യുകെയിലെ ഏറ്റവും പ്രശസ്തരായ നിരവധി ഗായകരും വാദ്യ കലാകാരന്മാരും നർത്തകരുമായ കലാപ്രതിഭകൾ വേദിയിൽ എത്തിയപ്പോൾ യുകെ മലയാളികൾക്ക് ഏറ്റവും വലിയ കലാവിരുന്നായി അനുഭവപ്പെട്ടു.

യുകെയിലെ അറിയപ്പെടുന്ന അനുഗ്രഹീതരായ പഴയ ഗായകരോടും നർത്തകരോടുമൊപ്പം പുതിയതായി യുകെയിലെത്തിയ മികച്ച ഗായകരും നർത്തകരും കൂടി ചേർന്നപ്പോൾ കാണികൾക്ക് കണ്ണിനും കാതിനും മനോഹാരിത നൽകിയ അത്ഭുതപൂർവവുമായ കലാവിരുന്നായി മാറി. തുടക്കം മുതൽ ഒടുക്കം വരെ സംഗീതത്തിന്റെയും നൃത്തരൂപങ്ങളുടെയും വൈഭവം സന്നിവേശിപ്പിച്ചുകൊണ്ടുള്ള വർണ്ണാഭമായ പരിപാടികളുടെ നേർസാക്ഷ്യമായിരുന്നു മഴവിൽ സംഗീതത്തിന്റെ പന്ത്രണ്ടാം വാർഷികാഘോഷം.

മഴവിൽ സംഗീതത്തിന്റെ പന്ത്രണ്ടാം വാർഷികാ ഘോഷത്തോടനുബന്ധിച്ച് നടന്ന ഉദ്ഘാടന ചടങ്ങിൽ വിശിഷ്ടാതിഥികളായി എത്തിയവർക്ക് അനീഷ് ജോർജ് സ്വാഗതം ആശംസിച്ചു. ലോക കേരളസഭാംഗവും മലയാളം മിഷൻ യു കെ ചാപ്റ്റർ പ്രസിഡന്റുമായ സി എ ജോസഫ് ഭദ്രദീപം തെളിച്ച് ‘മഴവിൽ സംഗീതം’പന്ത്രണ്ടാം വാർഷികാഘോഷത്തിന്റെ ഔപചാരികമായ ഉദ്ഘാടനം നിർവ്വഹിച്ചു. എയർ ഇന്ത്യ വിമാന ദുരന്തത്തിൽ ജീവൻ പൊലിഞ്ഞ പോർട്സ്മൗത്ത് ഹോസ്പിറ്റലിൽ നേഴ്സായി ജോലി ചെയ്തിരുന്ന രഞ്ജിത ഗോപകുമാരൻ നായർ ഉൾപ്പെടെയുള്ള മുഴുവൻ ആളുകൾക്കും ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ടാണ് സി എ ജോസഫ് തന്റെ ഉദ്ഘാടന പ്രസംഗം നടത്തിയത്. യുക്മ നാഷണൽ ജോയിൻറ് സെക്രട്ടറി സണ്ണിമോൻ മത്തായി, രാജ കൃഷ്ണൻ ( ജോസ്കോ) ബിജേഷ് കുടിലിൽ ഫിലിപ്പ് ( ലൈഫ് ലൈൻ)എന്നിവർ ആശംസകൾ നേർന്നു. വിശിഷ്ടാതിഥികളായി എത്തിയ സി എ ജോസഫിനും, സണ്ണിമോൾ മത്തായി, രാജ കൃഷ്ണൻ ( ജോസ്കോ) ബിജേഷ് കുടിലിൽ ഫിലിപ്പ് ( ലൈഫ് ലൈൻ) എന്നിവരെ മഴവിൽ സംഗീതത്തിന്റെ മുഖ്യ സംഘാടകനായ അനീഷ് ജോർജ് ഉപഹാരങ്ങൾ നൽകിയും പൊന്നാടയണിയിച്ചും ആദരിച്ചു . കഴിഞ്ഞ 12 വർഷമായി മഴവിൽ സംഗീതത്തിന്റെ വളർച്ചയ്ക്ക് സുത്യർഹമായ പങ്കുവഹിച്ച സില്‍വി ജോസിനും, ജിജി ജോൺസൻ , നിമിഷ മോഹൻ എന്നിവർക്കും മഴവിൽ സംഗീതത്തിന്റെ പ്രത്യേക ഉപഹാരം നൽകിയും പൊന്നാടയണിയിച്ചും ആദരിച്ചു.

എട്ടുമണിക്കൂറിലധികം നീണ്ടുനിന്ന പരിപാടികൾ കൃത്യമായി ആസൂത്രണം ചെയ്തു കുറ്റമറ്റ രീതിയിൽ അവതരിപ്പിക്കുവാനായി കഴിഞ്ഞതിന് സംഘാടകരെ അഭിനന്ദിക്കാതെ വയ്യ. ഈ ആഘോഷത്തിന്റെ ഭാഗമാകുവാൻ കഴിഞ്ഞ ഓരോരുത്തരും സന്തോഷഭരിതരായി നിറഞ്ഞ മനസ്സോടെ കൃതാർത്ഥതയോടെയാണ് മടങ്ങിയത്.

ഹർഷാരവത്തോടെയാണ് ഓരോ ഗാനങ്ങളും നൃത്തരൂപങ്ങളും നിറഞ്ഞു തുളുമ്പിയ സദസ്സ് മുഴുവനും സ്വീകരിച്ചത്. സംഗീതത്തിനും നൃത്തത്തിനും ഒരുപോലെ പ്രാധാന്യം നൽകിയപ്പോൾ അനുഗ്രഹീത ഗായകരം നർത്തകരും ചേർന്ന് അസുലഭമായ കലയുടെ മുഹൂർത്തങ്ങളാണ് കാണികൾക്ക് നൽകിയത്.
യുകെയിലെ പ്രശസ്തമായ സന്തോഷ് നമ്പ്യാർ നയിക്കുന്ന വോക്സ് അഞ്ചേല മ്യൂസിക് ബാന്റിന്റെ നേതൃത്വത്തിലുള്ള ലൈവ് ഓർക്കസ്ട്രയുടെ അകമ്പടിയോടും എൽഇഡി സ്ക്രീനിന്റെ മികവിലുമാണ് അനുഗ്രഹീതരായ ഗായകർ അടിപൊളി ഗാനങ്ങൾ ആലപിച്ച് സംഗീതാസ്വാദകർക്ക് നവ്യാനുഭവം സമ്മാനിച്ചത്.

മഴവിൽ സംഗീതത്തിന്റെ അമരക്കാരും യുകെയിലെ അറിയപ്പെടുന്ന ഗായകരുമായ അനീഷ് ജോർജിനോടും ടെസ്സ ജോർജിനോടുമൊപ്പം തോളോട് തോൾ ചേർന്ന് നിന്ന ഷിനു സിറിയക് ,സിജു ജോസഫ്, സുനിൽ രവീന്ദ്രൻ ,റോബിൻസ് തോമസ് , സാവൻ കുമാർ , ആൻസൺ ഡേവിസ് ,റോബിൻ പീറ്റർ , പദ്മരാജ്, ജിജി ജോൺസൻ , സിൽവി ജോസ് , നിമിഷ മോഹൻ തുടങ്ങിയ സംഘാടകർ മാസങ്ങളായി നടത്തിയ കഠിനാധ്വാനത്തിന്റെ ഫലമായിരുന്നു മഴവിൽ സംഗീതത്തിന്റെ ഈ അത്യുജ്വല വിജയം. സ്റ്റേജ് നിയന്ത്രണത്തിന് പുതിയ മാനങ്ങൾ നൽകി അവതാരകരായി എത്തിയ അനുശ്രീ, പദ്മരാജ്, ബ്രൈറ്റ് ,സിൽവി ജോസ് , ആൻസൺ ഡേവിസ് , എന്നിവരും മഴവിൽ സംഗീതത്തിന്റെ വിജയത്തിന് മികവാർന്ന സംഭാവനയാണ് നൽകിയത്.

യുകെയിലെ നിരവധി അതുല്യരായ നൃത്ത സംഗീത പ്രതിഭകൾക്ക് വളരുവാനുള്ള അവസരം ഒരുക്കിയിട്ടുള്ള മഴവിൽ സംഗീതത്തിന് തുടക്കം കുറിച്ചത് 2012 ലാണ്. അനുഗ്രഹീത കലാപ്രതിഭകളും ഗായകരുമായ അനീഷ് ജോർജും പത്നി ടെസ്സ ജോർജുമാണ് മഴവിൽ സംഗീതത്തിന്റെ ആശയത്തിനും ആവിഷ്കാരത്തിനും പിന്നിൽ പ്രവർത്തിച്ചു വരുന്നത്. ഇക്കഴിഞ്ഞ 11 വർഷങ്ങളിൽ നടത്തിയ മികവാർന്ന പരിപാടികൾ കൊണ്ട് മലയാളി സമൂഹത്തിന്റെ സംഗീത വഴികളിലെ ജീവതാളമായി മാറിയ മഴവിൽ സംഗീതത്തിന്റെ പന്ത്രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായി മാറുവാൻ എത്തിയ നൂറിലധികം പ്രതിഭകളിൽ നിന്നും തെരഞ്ഞെടുത്ത 40ലധികം സംഗീത പ്രതിഭകളാണ് ഇത്തവണ സംഗീതത്തിന്റെയും നൃത്തത്തിന്റെയും വിസ്മയം തീർത്തത് .

കളർ മീഡിയ എൽ ഇ ഡി വാൾ പുതുപുത്തൻ സാങ്കേതികവിദ്യയോടെ വേദിയിൽ അവതരിപ്പിച്ചപ്പോൾ കാണികൾക്ക് വേറിട്ടൊരു അനുഭവമായിരുന്നു. ബിനു നോർത്താംപ്ടൻ (ബീറ്റ്സ് ഡിജിറ്റൽ) ശബ്ദവും വെളിച്ചവും നൽകി. സന്തോഷ് ബെഞ്ചമിൻ (ഫോട്ടോ ഗ്രാഫിയും) ജിസ്മോൻ പോൾ വീഡിയോയും, ജെയിൻ ജോസഫ് , ഡെസിഗ്നേജ് ,റോബിൻസ് ആർട്ടിസ്റ്ററി ഗ്രാഫിക്സും മികവാർന്ന രീതിയിൽ കൈകാര്യം ചെയ്തു പരിപാടിയെ സമ്പന്നമാക്കി.

മഴവിൽ സംഗീതത്തിന്റെ അമരക്കാരായ അനീഷ് ജോർജ്ജ്, ടെസ്സ ജോർജ് എന്നിവരോടൊപ്പം യുകെയിലെ ഏറ്റവും മികച്ച ഗായകരും നർത്തകരും ചേർന്ന് കുറ്റമറ്റ സംഘാടക മികവിൽ സംഗീതവും നൃത്തവും സമന്വയിപ്പിച്ച അതിശയകരമായ കലാവൈഭവങ്ങൾ സൃഷ്ടിച്ച സമ്പൂർണ്ണ നൃത്ത സംഗീത മാമാങ്കമായി മാറിയ മാസ്മരികമായ സായാഹ്നമായിരുന്നു മഴവിൽ സംഗീതത്തിന്റെ പന്ത്രണ്ടാം വാർഷീകാഘോഷം യുകെ മലയാളികൾക്ക് നൽകിയത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more