ലിവർപൂൾ: ലിവർപൂൾ എഫ്‌സി ട്രോഫി പരേഡിൽ ജനക്കൂട്ടത്തിലേക്ക് കാർ ഇടിച്ചുകയറി ഒരു കുട്ടിയുൾപ്പെടെ രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. തിങ്കളാഴ്ച വൈകുന്നേരം നഗരമധ്യത്തിലെ വാട്ടർ സ്ട്രീറ്റിൽ നടന്ന സംഭവത്തെത്തുടർന്ന് ആകെ 27 പേരെ ആംബുലൻസിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവരിൽ നാലുപേരെ വാഹനത്തിനടിയിൽ കുടുങ്ങിയ നിലയിലായിരുന്നു. ഫയർഫോഴ്‌സെത്തിയാണ് ഇവരെ പുറത്തെടുത്തത്.
നിസ്സാര പരിക്കുകൾക്ക് ഇരുപത് പേർക്ക് സംഭവസ്ഥലത്ത് തന്നെ ചികിത്സ നൽകി. വാഹനം ഇടിച്ചവരിൽ ഒരു സൈക്കിൾ യാത്രക്കാരനും ഉൾപ്പെടുന്നു. സംഭവത്തെ ഭീകരവാദവുമായി ബന്ധപ്പെട്ടതായി കണക്കാക്കുന്നില്ലെന്ന് അസിസ്റ്റന്റ് ചീഫ് കോൺസ്റ്റബിൾ ജെന്നി സിംസ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ലിവർപൂൾ പ്രദേശത്തുനിന്നുള്ള 53 വയസ്സുള്ള ഒരു ബ്രിട്ടീഷ് പൗരൻ ഇപ്പോഴും കസ്റ്റഡിയിലുണ്ടെന്നും, വാഹനം ഓടിച്ചിരുന്ന വ്യക്തിയാണിതെന്ന് കരുതപ്പെടുന്നുവെന്നും അവർ പറഞ്ഞു. “ഇതൊരു ഒറ്റപ്പെട്ട സംഭവമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു, ഇതുമായി ബന്ധപ്പെട്ട് മറ്റാരെയും ഞങ്ങൾ നിലവിൽ അന്വേഷിക്കുന്നില്ല,” അവർ കൂട്ടിച്ചേർത്തു.
ലിവർപൂൾ പ്രീമിയർ ലീഗ് നേടിയത് ആഘോഷിക്കാൻ ലക്ഷക്കണക്കിന് ആളുകൾ തെരുവുകളിൽ അണിനിരന്ന പരേഡിനിടയ്ക്കാണ് ദാരുണമായ സംഭവം നടന്നത്.
ബ്രിട്ടീഷ് പ്രധാനമന്ത്രി സർ കെയർ സ്റ്റാർമർ ആ രംഗങ്ങളെ ഭയാനകമെന്ന് വിശേഷിപ്പിച്ചു. പോലീസും മറ്റ് അടിയന്തര സേവനങ്ങളും കാണിച്ച ശ്രദ്ധേയമായ ധൈര്യത്തെ അദ്ദേഹം പ്രശംസിച്ചു. “എല്ലാവർക്കും, പ്രത്യേകിച്ച് കുട്ടികൾക്ക്, ഈ ഭീകരതയില്ലാതെ അവരുടെ നായകന്മാരെ ആഘോഷിക്കാൻ കഴിയണം. ദുഷ്‌കരമായ സമയങ്ങളിലൂടെ ഒന്നിച്ചുനിന്നതിന്റെ ദീർഘവും അഭിമാനകരവുമായ ചരിത്രമാണ് നഗരത്തിനുള്ളത്. ലിവർപൂൾ ഒരുമിച്ച് നിൽക്കുന്നു, മുഴുവൻ രാജ്യവും ലിവർപൂളിനൊപ്പം നിൽക്കുന്നു.” അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം സംഭവത്തിൽ കാര്യക്ഷമമായ അന്വേഷണം തുടരുകയാണെന്ന് മെഴ്‌സിസൈഡ് പോലീസ് അറിയിച്ചു.
click on malayalam character to switch languages