1 GBP = 113.63
breaking news

അഭിമാനമായി റിഥമിക് കിഡ്സ്; നോർത്ത് ലിങ്കൺഷയർ കൗൺസിൽ ടാലൻ്റ് ഷോ ഫൈനലിൽ ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ ടീം.

അഭിമാനമായി റിഥമിക് കിഡ്സ്; നോർത്ത് ലിങ്കൺഷയർ കൗൺസിൽ ടാലൻ്റ് ഷോ ഫൈനലിൽ ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ ടീം.

ബിനോയ് ജോസഫ്

നോർത്ത് ലിങ്കൺഷയർ കൗൺസിൽ സംഘടിപ്പിച്ചിരിക്കുന്ന ടാലൻ്റ് ഷോ ഫൈനലിൽ ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ ടീം മാറ്റുരയ്ക്കും. ലിങ്കൺഷയർ കൗണ്ടിയിൽ നിന്നുള്ള നിരവധി ടീമുകളോട് മത്സരിച്ചാണ് അസോസിയേഷനിലെ കുട്ടികൾ അണിനിരക്കുന്ന റിഥമിക് കിഡ്സ് ടീം ഫൈനലിലെത്തിയത്. ഏപ്രിൽ 26 ശനിയാഴ്ച സ്കൻതോർപ്പിലെ ദി ബാത്ത്സ് ഹാൾ തിയേറ്ററിൽ നടക്കുന്ന സ്പോട്ട്ലൈറ്റ് ദി ബിഗ് നോർത്ത് ലിങ്കൺഷയർ ടാലൻ്റ് ഷോ ഫൈനലിൽ 13 ടീമുകൾ ഇടം നേടിയിട്ടുണ്ട്. ഇതിലെ ഏക നോൺ ഇംഗ്ലീഷ് ടീമാണ് ഡാൻസ് ഗ്രൂപ്പായ റിഥമിക് കിഡ്സ്. 200 ലധികം വീഡിയോ എൻട്രികളിൽ നിന്ന് ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ട 35 ആക്ടുകളെയാണ് ഒഡീഷനായി നോർത്ത് ലിങ്കൺഷയർ തീയേറ്റേഴ്സ് ക്ഷണിച്ചത്. സ്റ്റേജിൽ തകർത്താടിയ 12 അംഗ റിഥമിക് കിഡ്സ് ടീം ജഡ്ജിമാരുടെ മനം കവരുന്ന പ്രകടനത്തോടെ ഫൈനലിലേയ്ക്ക് സെലക്ട് ചെയ്യപ്പെട്ടു. യുകെയിൽ നിരവധി ടാലൻറ് ഷോകൾക്കും ഡാൻസ് ടീമുകൾക്കും നേതൃത്വം നല്കുന്ന പ്രശസ്ത കോറിയോഗ്രാഫർ കലാഭവൻ നൈസിൻ്റെ ശിക്ഷണത്തിലാണ് റിഥമിക് കിഡ്സ് ടീം സ്റ്റേജിലെത്തിയത്. കരോൾ ബ്ളസൻ, ദേവസൂര്യ സജീഷ്, ഗബ്രിയേല ബിനോയി, ലിയാൻ ബ്ളെസൻ, ഇവാന ബിനു വർഗീസ്, ഇഷാൻ സൂരജ്, ഇവാ അജേഷ്, ജെസാ ജിമ്മി, ഇവാനാ ലിബിൻ, അഡ്വിക് മനോജ്, ജിയാ ജിമ്മി, സിയോണ പ്രിൻസ് എന്നിവരാണ് ടീമിലുള്ളത്.

കഴിഞ്ഞ വർഷം ഇന്ത്യൻ കൾച്ചറൽ അസോസിയേഷനിൽ നിന്നുള്ള ഗബ്രിയേല ബിനോയി ടാലൻ്റ് ഷോ ഫൈനലിൽ എത്തിയിരുന്നു. ആയിരത്തോളം വരുന്ന ഓഡിയൻസിനു മുന്നിൽ ഇന്ത്യൻ നൃത്തരൂപമായ ഭരതനാട്യം ഗബ്രിയേല അവതരിപ്പിച്ചത് ടാലൻ്റ് ഷോയിലെ പ്രത്യേകതയായി. ബഹുഭൂരിപക്ഷവും ഇംഗ്ലീഷ് ആക്ടുകൾ പങ്കെടുക്കുന്ന ടാലൻ്റ് ഷോയിൽ കൂടുതൽ നോൺ ഇംഗ്ലീഷ് ടീമുകൾ ഇത്തവണ ഒഡീഷന് എത്താൻ ഈ പ്രകടനം കാരണമായെന്ന് നോർത്ത് ലിങ്കൺഷയർ തീയേറ്റേഴ്സ് പറഞ്ഞു. ടാലൻ്റ് ഷോയിൽ നോർത്ത് ലിങ്കൺഷയർ മേയർ മുഖ്യാതിഥിയായി പങ്കെടുക്കും. ഫൈനലിൽ ടോപ്പ് ഫോർ ടീമുകളെ ജഡ്ജസ് നിശ്ചയിക്കും. തുടർന്ന് ഓഡിയൻസ് വോട്ടിൻ്റെ അടിസ്ഥാനത്തിൽ ടാലൻ്റ് ഷോ വിജയികളെ പ്രഖ്യാപിക്കും. ടാലൻ്റ് ഷോ വിജയികൾക്ക് കപിൽ കെയർ ഹോംസ് സ്പോൺസർ ചെയ്തിരിക്കുന്ന 1000 പൗണ്ട് ക്യാഷ് പ്രൈസ് ലഭിക്കും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more