വാഷിങ്ടൺ: യു.എസ് പ്രതിരോധ സെക്രട്ടറി പീറ്റെ ഹെഗ്സെത്ത് യമനിലെ ഹൂതികൾക്കെതിരായ ആക്രമണത്തിന്റെ പദ്ധതി കുടുംബാംഗങ്ങളുമായും പങ്കുവെച്ചുവെന്ന് റിപ്പോർട്ട്. സിഗ്നലിലൂടെ ഭാര്യയുമായും സഹോദരനുമായും അഭിഭാഷകനുമായും യുദ്ധതന്ത്രങ്ങൾ പങ്കുവെച്ചുവെന്ന് സി.എൻ.എൻ റിപ്പോർട്ട് ചെയ്യുന്നു.
ഹൂതികൾക്കെതിരെ ആക്രമണം നടത്താനായി നിയോഗിക്കപ്പെട്ട യുദ്ധവിമാനങ്ങളുടെ ഷെഡ്യൂൾ ഉൾപ്പടെയുള്ള വിവരങ്ങൾ പ്രതിരോധ സെക്രട്ടറി പങ്കുവെച്ചുവെന്നാണ് റിപ്പോർട്ട്. മാർച്ച് 15നാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പങ്കുവെക്കപ്പെട്ടത്. അതേസമയം, ഇതുസംബന്ധിച്ച വാർത്തകളോട് പ്രതികരിക്കാൻ ഇതുവരെ യു.എസ് പ്രതിരോധ സെക്രട്ടറി തയാറായിട്ടില്ല.
ഹെഗ്സെത്തിന്റെ ഭാര്യ ഫോക്സ് ന്യൂസിലെ മുൻ ജീവനക്കാരിയാണ്. ഇവർക്ക് യു.എസ് പ്രതിരോധ വകുപ്പുമായി ഒരു ബന്ധവുമില്ല. നിരവധി തവണ പ്രതിരോധ സെക്രട്ടറിക്കൊപ്പം ഇവർ വിദേശയാത്ര നടത്തിയിട്ടുണ്ട്. അതേസമയം, ഹെഗ്സെത്തിന്റെ സഹോദരനും അഭിഭാഷകനും പെന്റഗണിലാണ് ജോലി.
നേരത്തെ ‘ദി അറ്റ്ലാന്റിക്’ മാസികയിലെ ഒരു പത്രപ്രവർത്തകനെ ആകസ്മികമായി ചർച്ചയിൽ ഉൾപ്പെടുത്തിയതിൽ നിന്ന് ഉടലെടുത്ത ആ ചാറ്റ് ദേശീയ വിവാദത്തിന് വഴിവെച്ചിരുന്നു. പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്കൽ വാൾട്ട്സ്, സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, വൈസ് പ്രസിഡന്റ് ജെ. ഡി വാൻസ്, നാഷണൽ ഇന്റലിജൻസ് ഡയറക്ടർ തുളസി ഗബ്ബാർഡ് എന്നിവർ ഉൾപ്പെട്ട ചർച്ചയിൽ അറ്റ്ലാന്റിക്കിന്റെ എഡിറ്റർ ഇൻ ചീഫ് ജെഫ്രി ഗോൾഡ്ബെർഗും ഉൾപ്പെട്ടിരുന്നു. സെൻസിറ്റീവ് ആയ സൈനിക വിവരങ്ങൾ വെളിപ്പെടുത്തുന്ന മുഴുവൻ സിഗ്നൽ ചാറ്റും കഴിഞ്ഞ ആഴ്ച ‘അറ്റ്ലാന്റിക്’ പ്രസിദ്ധീകരിച്ചിരുന്നു.
മാർച്ച് മാസത്തിൽ യമനിലെ ഹൂതികൾക്കെതിരായ ആക്രമണങ്ങൾ ആരംഭിക്കുന്നതിനുമുമ്പ് യുദ്ധവിമാന വിക്ഷേപണങ്ങളുടെ കൃത്യമായ സമയക്രമവും ബോംബുകൾ എപ്പോൾ വീഴുമെന്നും പീറ്റ് ഹെഗ്സെത്ത് ചാറ്റിൽ നൽകുകയുണ്ടായി. ലക്ഷ്യമിട്ട തീവ്രവാദി എവിടെയാണ് നിലയുറപ്പിച്ചത്? ആയുധങ്ങളും വിമാനങ്ങളും എപ്പോൾ ഉപയോഗിക്കും? എന്നിവ ഹെഗ്സെത്ത് അതിൽ വിശദീകരിക്കുന്നു.
click on malayalam character to switch languages