1 GBP = 110.62
breaking news

കാനഡയിൽ പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി മാർക്ക് കാർണി

കാനഡയിൽ പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി മാർക്ക് കാർണി

ഒട്ടാവ: കാനഡയുടെ പ്രധാനമന്ത്രി പദവും ഭരണകക്ഷിയായ ലിബറൽ പാർട്ടിയുടെ നേതൃത്വവും ഏറ്റെടുത്തതിന് പിന്നാലെ രാജ്യത്ത് പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മാർക്ക് കാർണി. ഏപ്രിൽ 28നാണ് തെരഞ്ഞെടുപ്പ് നടക്കുക. ഒക്ടോബർ 20നുള്ളിൽ പൊതുതെരഞ്ഞെടുപ്പ് നടക്കേണ്ടിയിരിക്കെ ജസ്റ്റിൻ ട്രൂഡോയുടെ പിൻഗാമിയായി ചുമതലയേറ്റ് രണ്ടാഴ്ചക്കുള്ളിലാണ് മാർക്ക് കാർണി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.

ഡോണൾഡ് ട്രംപിന്‍റെ അന്യായമായ വ്യാപാര നടപടികളും കാനഡയുടെ പരമാധികാരത്തിനെതിരായ ഭീഷണികളും കാരണം ഏറ്റവും പ്രധാനപ്പെട്ട പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്നു പോകുന്നതെന്ന് മാർക്ക് കാർണി മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി. ട്രംപിനെ നേരിടാനും ഏവർക്കും അനുയോജ്യമായ പുതിയ കനേഡിയൻ സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കാനും ശക്തവും അനുകൂലവുമായ ജനവിധി വേണെന്നും നമുക്ക് മാറ്റം ആവശ്യമാണെന്നും കാർണി ചൂണ്ടിക്കാട്ടി.

അതേസമയം, പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അഭിപ്രായ സർവേകളിൽ ഭരണകക്ഷിയായ ലിബറൽ പാർട്ടിക്കാണ് മുൻതൂക്കം. കാനഡയെ അമേരിക്കയോട് കൂട്ടിച്ചേർക്കാനുള്ള ഡോണൾഡ് ട്രംപിന്‍റെ നീക്കത്തോടും കാനഡക്കെതിരായ തീരുവ വർധിപ്പിച്ച നടപടിയും വോട്ടാക്കി മാറ്റാനാണ് ലിബറൽ പാർട്ടിയുടെ ലക്ഷ്യം.

മാർച്ച് 14നാണ് ജസ്റ്റിൻ ട്രൂഡോയുടെ പിൻഗാമിയായി കാനഡയുടെ 24മത് പ്രധാനമന്ത്രിയായി മാർക്ക് കാർണി പ്രധാനമന്ത്രിയും ലിബറൽ പാർട്ടി നേതാവുമായി തെരഞ്ഞെടുക്കപ്പെട്ടത്. 13 പുരുഷന്മാരും 11 സ്ത്രീകളും ഉൾപ്പെടെ 24 അംഗ മന്ത്രിസഭയാണ് രൂപീകരിച്ചത്.

സ്വകാര്യ മേഖലയിലാണ് 59കാരനായ കാർണി തന്റെ തൊഴിൽ ജീവിതം ആരംഭിച്ചത്. ഗോൾഡ്മാൻ സാച്ചിന്റെ ലണ്ടൻ, ടോക്കിയോ, ന്യൂയോർക്ക്, ടൊറന്റോ ഓഫിസുകളിൽ ഒരു ദശാബ്ദത്തിലേറെ ചെലവഴിച്ചു. തുടർന്ന് കാനഡയിലേക്ക് മടങ്ങി 2003ൽ പൊതുസേവനത്തിൽ പ്രവേശിച്ചു.

രാജ്യത്തിന്റെ പണനയത്തിന്റെ മേൽനോട്ടം വഹിക്കുന്ന ബാങ്ക് ഓഫ് കാനഡയുടെ ഡെപ്യൂട്ടി ഗവർണറായി നിയമിതനായി. അടുത്ത വർഷം ധനകാര്യത്തിൽ മുതിർന്ന അസോസിയേറ്റ് ഡെപ്യൂട്ടി മന്ത്രിയായി. ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ കാലഘട്ടമായ 2008 മുതൽ 2013 വരെ ബാങ്ക് ഓഫ് കാനഡയുടെ ഗവർണറായി കാർണി സേവനമനുഷ്ഠിച്ചു. തുടർന്ന് അദ്ദേഹം ബാങ്ക് ഓഫ് ഇംഗ്ലണ്ട് നടത്തി.

2013 മുതൽ 2020 വരെ അങ്ങനെ നിയമിക്കപ്പെട്ട ആദ്യത്തെ ബ്രിട്ടീഷുകാരനല്ലാത്ത വ്യക്തിയായി. ബാങ്ക് ഓഫ് ഇംഗ്ലണ്ട് വിട്ടതിനു ശേഷം കാലാവസ്ഥാ നടപടികളിലും ധനകാര്യത്തിലും ഐക്യരാഷ്ട്രസഭയുടെ പ്രത്യേക പ്രതിനിധിയായി കാർണി പ്രവർത്തിക്കാൻ തുടങ്ങി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more