എനിക്ക് ഓർമ്മ വച്ചത് മുതൽ സ്കൂൾ അവധികൾക്ക് പനിപിടിച്ചു ആശുപത്രിയിൽ അഡ്മിറ്റാകാറുണ്ടായിരുന്നു. ഒരുവിധം എല്ലാവർഷവും ഞാൻ ഈ കലാപരിപാടി ആവർത്തിച്ചിട്ടുണ്ട്. വിറച്ചുതുള്ളിച്ച പനി വിട്ടുമാറുമ്പോൾ എന്റെ കണ്ണിൽ കാണുന്നത് വെള്ളയുടുപ്പിട്ട മാലാഖമാരെ പോലിരിക്കുന്ന നേഴ്സ് ചേച്ചിമാരെയാണ്.
അവരെന്നെ മരുന്ന് കഴിപ്പിക്കുന്നതും ഇടക്കിടക്ക് പനിയുണ്ടോ എന്ന് പരിശോധിക്കാൻ വരുന്നതും എനിക്ക് വല്യേ ഇഷ്ടായിരുന്നു.
ആ ചേച്ചിമാരെ കണ്ടാണ് വലുതാകുമ്പോൾ അവരെപോലെ ഒരു നേഴ്സ് ആകണം എന്ന മോഹം എന്റെ കുഞ്ഞുമനസ്സിൽ നാമ്പിട്ടതു
പതാംക്ലാസിൽ പഠിക്കുമ്പോൾ ഭാവിയിൽ ആരാകാനാണ് ഇഷ്ടം എന്ന് ടീച്ചർ ചോദിച്ചപ്പോഴും എന്റെ തീരുമാനത്തിന് മാറ്റമില്ലായിരുന്നു
വലിയ സാമ്പത്തിക ശേഷി ഇല്ലാതിരുന്ന കുടുംബത്തിൽ നിന്നായിരുന്നതുകൊണ്ട് എന്റെ ആഗ്രഹം നടക്കുമോ എന്ന് ഒരുറപ്പും എനിക്കുണ്ടായിരുന്നില്ല.
പക്ഷെ പൗലോ കൊയ്‌ലോ പറഞ്ഞത് പോലെ ‘നമ്മളെന്തെങ്കിലും തീവ്രമായി ആഗ്രഹിച്ചാൽ അത് യഥാർഥ്യമാക്കാൻ പ്രപഞ്ചം നമ്മുടെ കൂടെ ഉണ്ടാകും’
അത് തന്നെയായിരുന്നു പിന്നീട് സംഭവിച്ചത്.
ചില സുമനസ്സുകളുടെ സഹായത്തോടെ ഞാൻ നഴ്സിംഗ് സ്കൂളിൽ ചേർന്നു.
നഴ്സിംഗ് സ്കൂൾ അല്ലെ ഇത്ര നാളും പഠിച്ച school പോലെയേ ഉണ്ടാകൂ എന്ന് ധരിച്ചുവെച്ച എനിക്ക് നല്ല പണികിട്ടി.
രാവിലെ 6.45നു roll call തുടങ്ങിയാൽ പിന്നെ ഡ്യൂട്ടി ആണ് ഉച്ചവരെ. അത് കഴിഞ്ഞു ഉച്ചതിരിഞ്ഞാൽ ക്ലാസ്സ് അങ്ങനെ ഒരു ബാലികേറാമലയാണ് എന്നെ കാത്തിരുന്നത് എന്ന് ഞാൻ തിരിച്ചറിഞ്ഞപ്പോഴേക്കും ഒരു തിരിച്ചുപോക്കിനുള്ള സാഹചര്യം ഇല്ലായിരുന്നു.
ഒരു trauma center ആയിരുന്നു ഞാൻ പഠിച്ച ഹോസ്പിറ്റൽ അതുകൊണ്ട് വണ്ടിയിടിച്ചതും ആനചവിട്ടിയതും ഉറുമ്പ് കടിച്ചതും എല്ലാം അവിടെയെത്തും.
അതുകൊണ്ട് രോഗികൾക്ക് യാതൊരു പഞ്ഞവും ഉണ്ടായിരുന്നില്ല.
നഴ്സിംഗ് സ്റുഡന്റ്സിനെ പോർട്ടർ മാരായാണ് അന്നൊക്കെ ഹോസ്പിറ്റലുകൾ ഉപയോഗിച്ചിരുന്നത്.
അഞ്ച് നിലയുള്ള ഹോസ്പിറ്റലിന്റെ റംപിലൂടെ രോഗികളെ വലിച്ചും ഉന്തിയും എന്റെ നട്ടെല്ല് പണിമുടക്കാൻ ആരംഭിച്ചിരുന്നു. എവിടെയെങ്കിലും ഒന്ന് കിടക്കൂ എനിക്കിനി വയ്യ എന്ന് എന്റെ മസ്തിഷ്ക്കം ആക്രോശിചിട്ടും ഉച്ചകഴിഞ്ഞു ക്ലാസ്സിൽ പോകാൻ നേരം വരെ’ Ramp walk’ must ആയിരുന്നു.
ഉറക്കം തൂങ്ങി ക്ലാസ്സിൽ ഇരുന്ന്. വൈകീട്ടത്തെ സ്റ്റഡി ടൈം 8-10 pm അതുകഴിഞ്ഞു വേണം ഒന്ന് ഉറങ്ങാൻ.
അപ്പോഴേക്കും നാഡിയും ഞരമ്പും ഒന്നും പ്രവർത്തിക്കുണ്ടോ എന്ന് തിരിച്ചറിയാൻ പോലും ആവാത്ത അവസ്ഥയിലെത്തിച്ചേർന്നിരിക്കും.
അങ്ങനെ എങ്ങനെയോ ഞാൻ ഫൈനൽ ഇയർ ആയി. മെഡിക്കൽ സർജിക്കൽ ടെക്സ്റ്റ് ബുക്കിന്റെ വലിപ്പം കണ്ട് ഇതിൽ ഏതൊക്കെ പേജ് ആണ് റെഫർ ചെയ്യേണ്ടത് എന്ന എന്റെ ചോദ്യത്തിന് എന്നെ രൂക്ഷമായി നോക്കി അത് മുഴുവൻ syllubus ഇൽ ഉള്ളതാണ് മുഴുവൻ പഠിക്കണം എന്ന് പറഞ്ഞ അധ്യാപിക അറിഞ്ഞു കാണുമോ എന്തോ ഞാൻ ഒട്ടുമിക്ക ദിവസങ്ങളിലും അതെന്റെ തലയിണ ആയിരുന്നു എന്ന്.
എന്റെ കൂടെ പഠിച്ച എല്ലാവരുടെയും അവസ്ഥ ഇതൊക്ക തന്നെയായിരുന്നു.
ഇതൊക്കെയായാലും ഇടക്ക് വരുന്ന anniversary സെലിബ്രേഷൻ നഴ്സസ് day ഇതൊക്കെ വീണുകിട്ടുന്ന സന്തോഷങ്ങൾ ആയിരുന്നു.
എന്റെ ഉള്ളിലുള്ള ചെറിയ കലാകാരിക്ക് അതെല്ലാം വലിയ ആശ്വാസമായിരുന്നു.
കഠിനമായ ഈ പഠനസമയത്തും ഞാൻ ചെറുപ്പത്തിൽ കണ്ട മാലാഖായാകാനുള്ള എന്റെ ആഗ്രഹം ആഴത്തിൽ എന്നിൽ വേരുപിടിച്ചു മുളച്ചു പൊങ്ങി പൂവണിയാൻ ആരംഭിച്ചു
ഞങളുടെ ഹോസ്പിറ്റലിൽ ഒരു renal ട്രാൻസ്‌പ്ലാന്റ് യൂണിറ്റ് ഉണ്ടായിരുന്നു.
നഴ്സിംഗ് പഠനകാലത്തെ എന്റെ കേസ് സ്റ്റഡി ഒരു renal failure patient ആയിരുന്നു. ഒരു പാവം അമ്മ,എന്റെ ലക്ഷ്മിയമ്മ.
നല്ല നീളമുള്ള മുടിയായിരുന്നു അവർക്ക്.
അവരുടെ മുടി കഴുകി ഭംഗിയായി ഞാൻ കെട്ടിവെച്ചുകൊടുക്കും കുളിപ്പിച്ച് സുന്ദരിയാക്കി പോട്ടൊക്കെ കുത്തി കൊടുക്കും. ഓരോ ഡയാലിസിസും കഴിയുമ്പോഴും അവരുടെ കൈകൾ എന്റെ കൈയ്യിൽ ചേർത്തുപിടിച്ചു ‘എല്ലാം ശരിയായിടും അല്ലെ കണ്ണാ എന്ന് ചോദിച്ചുകൊണ്ടിരുന്ന അവരുടെ മുഖം ഇപ്പോഴും എന്റെ മനസ്സിൽ ഉണ്ട്.
എന്റെ പോസ്റ്റിങ്ങ് കഴിഞ്ഞു അടുത്ത ബാച്ചിലെ സ്റ്റുഡന്റസ് വന്നപ്പോൾ എന്നെ വേറാരും തോടേണ്ട ലിനി വരും എന്ന് പറഞ്ഞ ലക്ഷ്മിയമ്മ. അതാണ് ഈ proffession നമുക്ക് തരുന്ന reward.
അവരുടെ മുഖത്തു നമ്മൾ കാരണം വിരിയുന്ന പുഞ്ചിരി അതിനേക്കാൾ വിലപിടിപ്പുള്ള ഒരു സമ്മാനവുമില്ല.
പഠിച്ചിറങ്ങിയതിനുശേഷം ലക്ഷ്മിയമ്മയെപ്പോലെ ഒരുപാടു പേർ. ആരെയും മറക്കാൻ പറ്റില്ല. പേരുകൾ മറന്നാലും ആ മുഖങ്ങൾ ഒരിക്കലും മറക്കില്ല.
കാലങ്ങൾ കടന്നുപോയി ഞാൻ തിയേറ്റർ നഴ്സിങ്ങിലേക്ക് മാറി.
പക്ഷെ നേരിട്ട് രോഗികളോട് സംസാരിക്കുകയും അവരെ പരിചരിക്കുകയും ചെയ്യുമ്പോൾ കിട്ടുന്ന സന്തോഷം Nothing can replace that.
ഞാൻ UK യിലെത്തി ജോലി തുടങ്ങിയിട്ട് കുറച്ചു വർഷം കഴിഞ്ഞാണ് കോവിഡിന്റെ രംഗപ്രവേശം, ITU വിലേക്കു depolyed ആയി ഞാൻ.
ICU വിൽ ജോലി ചെയ്ത സമയം ഞാൻ വീണ്ടും പഴയ നഴ്സിംഗ് സ്റ്റുഡന്റ് ആയി. പരിചരിക്കുന്ന ഓരോ രോഗിയിലും ഞാൻ എന്റെ ലക്ഷ്മിയമ്മയെ കണ്ടു.
അവരുടെ കണ്ണിലൂടെ ഞാൻ എന്നെ കണ്ടു.
പലരും പറയും ഒരു സ്ഥിരവരുമാനമുള്ള ജോലിയാണ് നഴ്സിംഗ് അതുകൊണ്ടാണ് പലരും നഴ്സിംഗ് തിരഞ്ഞെടുക്കുന്നത് എന്ന്, അതൊരു സത്യമാണ്. എങ്കിലും എന്തൊക്കെ ബുദ്ധിമുട്ടുകളിലൂടെ കടന്നുപോയിട്ടും മേലുദ്യോഗസ്ഥരുടെ വിമർശനങ്ങളും ശകാരങ്ങളും സഹിച്ചു വീണ്ടും ഈ ജോലിയിൽ തുടരുന്നത് എല്ലാവർക്കും അവരവരുടെ ലക്ഷ്മിയമ്മമാർ ഉള്ളത് കൊണ്ടാണ്. അവരുടെ കണ്ണിൽ നമ്മൾ കാരണം ഇത്തിരി തെളിച്ചം കണ്ടാൽ അതിനേക്കാൾ വലുതായി മറ്റെന്തുണ്ട് ഹൃദയം നിറയുന്നതായി…
മെയ്ഡ്‌സ്റ്റോൺ ആൻഡ് ടൺബ്രിഡ്ജ് വെൽസ് എൻഎച്ച്‌എസ് ട്രസ്റ്റിലെ ഓർത്തോ ആന്‍ഡ് ട്രോമാ എസ്‌സിപി ട്രെയിനിയായ ലിനി നിനോയാണ് ലേഖിക. സാലിസ്ബറി മലയാളി അസോസിയേഷന്റെ വൈസ് പ്രസിഡന്റ് കൂടിയാണ്.
click on malayalam character to switch languages