1 GBP = 107.39

‘ഞാൻ ജീവിച്ചിരിക്കുന്ന രക്തസാക്ഷി, ആരോപണം പൂർണ്ണമായും നിഷേധിക്കുന്നു’: ജയസൂര്യ

‘ഞാൻ ജീവിച്ചിരിക്കുന്ന രക്തസാക്ഷി, ആരോപണം പൂർണ്ണമായും നിഷേധിക്കുന്നു’: ജയസൂര്യ

തിരുവനന്തപുരം: ലൈം​ഗികാതിക്രമ പരാതിയിൽ തനിക്കെതിരായ ആരോപണങ്ങൾ തികച്ചും അടിസ്ഥാനരഹിതമാണെന്ന് നടൻ ജയസൂര്യ. ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നവരുടെ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയാണ് താനെന്ന് ജയസൂര്യ പറഞ്ഞു. കേസിനെ തുടർന്ന് പൊലീസ് സ്റ്റേഷനിൽ ഹാജരായ നടൻ ചോദ്യം ചെയ്യലിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

അറസ്റ്റ് റെക്കോർഡ് ചെയ്തിട്ടില്ലെന്ന് ജയസൂര്യ പറഞ്ഞു. ‘ആരോപണം പൂർണ്ണമായും നിഷേധിക്കുന്നു. നിങ്ങൾക്കെതിരെയെല്ലാം വ്യാജ ആരോപണങ്ങൾ വരാം. എനിക്ക് സംസാരിക്കാൻ മാധ്യമങ്ങൾ അവസരം തരുന്നുണ്ട്. ഒരു സാധാരണക്കാരനാണെങ്കിൽ എന്താണ് ചെയ്യുക. അയാളുടെ കുടുബം തകരില്ലെ. കുടുംബത്തിന് മുന്നിൽ അയാളുടെ ഇമേജ് പോകില്ലെ. ജീവിച്ചിരിക്കുന്ന രക്ത സാക്ഷിയാണ് ഞാൻ എന്നാണ് വിശ്വസിക്കുന്നത്. അറസ്റ്റ് റെക്കോർഡ് ചെയ്തിട്ടൊന്നുമില്ല. അകത്ത് എന്താണ് പറഞ്ഞതെന്ന് പുറത്ത് പറയാൻ സാധിക്കില്ല.

ചാരിറ്റി പോലുള്ള കാര്യങ്ങൾ ചെയ്യുന്നതിന്റെ പേരിൽ സുഹൃത്തുക്കൾ ആവണമെന്നില്ലല്ലോ. കണ്ട് പരിചയം ഉണ്ട് അത്രയേ ഉള്ളൂ. അവർ എന്ത് പറഞ്ഞാലും ഉത്തരം പറയേണ്ട ആളല്ലല്ലോ താൻ. പരാതിക്കാരിയുമായി ഒരു ഫ്രണ്ട്ഷിപ്പുമില്ല. ഫ്രണ്ട്ഷിപ്പ് ഉണ്ടായിരുന്നുവെങ്കിൽ അവർ ഇങ്ങനെ വിളിച്ച് പറയുമോ. 2019, 2020, 2021 കാലഘട്ടത്തിൽ ആരുമറിയാതെ തനിക്ക് നന്മ ചെയ്യുന്നയാളെന്ന് തനിക്കെതിരെ പോസ്റ്റിട്ടുരുന്നുവല്ലോ. അതിന് ശേഷം എന്തിനാണ് വ്യാജ ആരോപണവുമായി എത്തുന്നത്’, ജയസൂര്യ ചോദിച്ചു.

കേസിൽ നേരത്തെ സാങ്കേതികമായി ജയസൂര്യയ്ക്ക് മുൻകൂർ ജാമ്യം ലഭിച്ചിരുന്നു. അതുപോലെ തന്നെ അറസ്റ്റ് രേഖപ്പെടുത്താതെയാണ് ഇപ്പോൾ വിട്ടയച്ചിരിക്കുന്നത്. 2008ൽ സെക്രട്ടറിയേറ്റിൽ നടന്ന ഒരു സിനിമ ചിത്രീകരണത്തിനിടെ തന്നെ അപമാനിച്ചുവെന്നതാണ് ആലുവ സ്വദേശിയായ നടിയുടെ പരാതിയിൽ പറയുന്നത്. എന്നാൽ അങ്ങനെ ഒരു വലിയ ചിത്രീകരണം സെക്രട്ടറിയേറ്റിൽ നടന്നിട്ടില്ല. സെക്രട്ടറിയേറ്റിൻ്റെ മുന്നിൽ രണ്ടുമണിക്കൂറോളം ഒരു പാട്ടിൻ്റെ ചിത്രീകരണം മാത്രമാണ് നടന്നത്. അതിൽ പരാതിക്കാരിയ്ക്ക് അത്ര റോളുണ്ടായിരുന്നില്ലെന്നും പിന്നെ എന്തിനാണ് തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നത് അറിയില്ലെന്നും ജയസൂര്യ പറഞ്ഞു. 2013ൽ നടന്ന ഒരു സിനിമ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് എറണാകുളത്തുള്ള കേസ് അടിസ്ഥാന രഹിതമാണെന്നാണ് പറയുന്നത്. ആ സിനിമ 2013ൽ സിനിമ ഷൂട്ട് ചെയ്തിട്ടില്ല എന്നടക്കമുള്ള കാര്യങ്ങളാണ് ജയസൂര്യ മുന്നോട്ടുവെക്കുന്നത്. നിയമപരമായി മുന്നോട്ട് പോകുമെന്നാണ് നടൻ പറയുന്നത്.

ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത ദേ ഇങ്ങോട്ടു നോക്കിയേ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ജയസൂര്യ കടന്നുപിടിച്ച് ചുംബിച്ചു എന്നായിരുന്നു യുവതിയുടെ പരാതി. സെക്രട്ടറിയേറ്റില്‍വെച്ച് ഷൂട്ടിംഗ് നടക്കുന്നതിനിടെയായിരുന്നു സംഭവം. ഇതിന് ശേഷം ജയസൂര്യ ദുരുദ്ദേശത്തോടെ ഫ്‌ളാറ്റിലേയ്ക്ക് ക്ഷണിച്ചതായും യുവതി പരാതിയിൽ ആരോപിച്ചിരുന്നു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയായിരുന്നു ജയസൂര്യക്കെതിരെ യുവതി പരാതിയുമായി രംഗത്തെത്തിയത്. യുവതിയുടെ പരാതിയില്‍ സ്ത്രീത്വത്തെ അപമാനിക്കല്‍ വകുപ്പ് ചുമത്തി ജയസൂര്യക്കെതിരെ പൊലീസ് കേസെടുത്തു. ഇതേ ചിത്രത്തിന്റെ ലൊക്കേഷനില്‍ വെച്ച് സംവിധായകന്‍ ബാലചന്ദ്രമേനോനും നടന്‍ ജാഫര്‍ ഇടുക്കിയും മോശമായി പെരുമാറിയെന്ന് യുവതി പരാതിപ്പെട്ടിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more