കോഴിക്കോട്: ജീവിതം തന്നെ ഒരു വിലാപയാത്രയല്ലേ
എന്ന് വായനക്കാരെ സന്ദേഹിപ്പിച്ച
എംടിയുടെ നോവൽ ‘വിലാപയാത്ര’ പോലെ
കേരളത്തിന്റെ പല ഭാഗങ്ങളിൽ നിന്നുമെത്തിയ മനുഷ്യവിഭാഗത്തിലൂടെഎംടിയുടെ മൃതദേഹം വഹിച്ച വിലാപയാത്രയ്ക്കൊടുവിൽ കോഴിക്കോട് മാവൂർ റോഡിലെ സ്മൃതിപഥം എന്ന് പേരിട്ട ശ്മശാനത്തിൽ മലയാളത്തിന്റെ മഹാപ്രതിഭയ്ക്ക് നിത്യനിദ്ര. പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം.
വൈകീട്ട് 4.35 ന് കൊട്ടാരം റോഡിലെ ‘സിതാര’യിൽ നിന്ന് ആംബുലൻസിൽ പുറപ്പെട്ട ഭൗതികദേഹം
നടക്കാവ്-ബാങ്ക് റോഡ്-കെഎസ്ആർടിസി വഴി സ്മൃതിപഥത്തിൽ എത്തിച്ചേർന്നപ്പോൾ സമയം 4.45. കാത്തിരുന്ന നൂറുകണക്കിന് പേരുടെ മൗനവിലാപങ്ങൾക്കിടയിൽ സ്മൃതിപഥത്തിന്റെ മുറ്റത്ത് പോലീസ് ഗാർഡ് ഓഫ് ഓണർ നൽകി. ശേഷം ഭൗതിക ശരീരം ഉള്ളിലേക്കെടുത്തു.
അന്ത്യകർമ്മങ്ങൾക്ക് എംടിയുടെ മൂത്ത സഹോദരൻ പരേതനായ ഗോവിന്ദൻകുട്ടി നായരുടെ മകൻ ടി സതീശൻ നേതൃത്വം നൽകി. അടുത്ത ബന്ധുക്കളായ എം ടി രാജീവ്, എം ടി രാമകൃഷ്ണൻ, മോഹനൻ നായർ, ദീപു മോഹൻ എന്നിവരും മകൾ അശ്വതിയും മൃതദേഹത്തെ വലംവെച്ചു. കർമ്മങ്ങൾക്ക് ശേഷം കൃത്യം 5.23 ന് എം ടി വാസുദേവൻ നായർ എന്ന സാഹിത്യ കുലപതിയെ തീ നാളങ്ങൾ ഏറ്റുവാങ്ങി. എവിടെയോ ആരംഭിച്ചു എവിടെയോ അവസാനിക്കുന്ന യാത്രയെന്ന് എഴുത്തുകാരൻ തന്നെ വിശേഷിപ്പിച്ച, നവതി പിന്നിട്ട ഉജ്ജ്വല ജീവിതത്തിന് സർഗ സമാപ്തി.
സ്മൃതിപഥത്തിൽ മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രൻ, എം ബി രാജേഷ്, രാമചന്ദ്രൻ കടന്നപ്പള്ളി, കോഴിക്കോട് കോർപ്പറേഷൻ മേയർ ബീന ഫിലിപ്പ്, എംപിമാരായ എം കെ രാഘവൻ, ഷാഫി പറമ്പിൽ, എ എ റഹീം, എംഎൽഎമാരായ ടി പി രാമകൃഷ്ണൻ, തോട്ടത്തിൽ രാധാകൃഷ്ണൻ, ടി സിദ്ദിഖ്, അൻവർ സാദത്ത്, രാഹുൽ മാ മാങ്കൂട്ടത്തിൽ, കെ പി അനിൽ കുമാർ, കോർപ്പറേഷൻ, മുനിസിപ്പാലിറ്റി, ഗ്രാമപഞ്ചായത്ത് കൗൺസിലർമാർ, ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ്, സിറ്റി പോലീസ് കമ്മീഷണർ ടി നാരായണൻ, അസി. കളക്ടർ ആയുഷ് ഗോയൽ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ എന്നിവരും ജീവിതത്തിന്റെ വിവിധ തുറകളിൽ നിന്നെത്തിയ ആളുകളും സംബന്ധിച്ചു.
click on malayalam character to switch languages