വാഷിങ്ടൺ ഡി.സി: യുക്രെയ്ന് നേരെ റഷ്യ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ അപലപിച്ച് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. യുക്രെയ്നുള്ള അമേരിക്കയുടെ ഉറച്ച പിന്തുണ ബൈഡൻ ആവർത്തിച്ചു. യുക്രെയ്ന് ആയുധ വിതരണം യു.എസ് പ്രതിരോധ വകുപ്പ് വർധിപ്പിക്കുമെന്നും യുക്രെയ്നൊപ്പം നിൽക്കാൻ അന്താരാഷ്ട്ര സമൂഹത്തോട് ആഹ്വാനം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.
‘ക്രിസ്മസ് പുലർച്ചെ, റഷ്യ യുക്രെയ്നിയൻ നഗരങ്ങൾക്കും പ്രധാന ഊർജോൽപ്പാദന കേന്ദ്രങ്ങൾക്കും നേരെ മിസൈലുകളും ഡ്രോണുകളും വിക്ഷേപിച്ചു. ശൈത്യകാലത്ത് യുക്രെയ്നിയൻ ജനതയുടെ വൈദ്യുതി വിച്ഛേദിക്കുകയും വിതരണ ഗ്രിഡിന്റെ സുരക്ഷ അപകടപ്പെടുത്തുകയും ചെയ്യുക എന്നതാണ് ഈ ക്രൂരമായ ആക്രമണത്തിന്റെ ഉദ്ദേശം’ -ബൈഡൻ പറഞ്ഞു.
കഴിഞ്ഞ മാസങ്ങളിൽ, യു.എസ് യുക്രെയ്ന് നൂറുകണക്കിന് വ്യോമ പ്രതിരോധ മിസൈലുകൾ നൽകിയതായും യുക്രെയ്നിലേക്കുള്ള ആയുധ വിതരണം വർധിപ്പിക്കാൻ താൻ പ്രതിരോധ വകുപ്പിനോട് നിർദ്ദേശിച്ചിട്ടുണ്ടെന്നും ജോ ബൈഡൻ പറഞ്ഞു. റഷ്യൻ സേനയെ പ്രതിരോധിക്കുന്നതിൽ യുക്രെയ്ൻ സൈന്യത്തിന്‍റെ നില ശക്തിപ്പെടുത്താൻ യു.എസ് ഇടപെടുന്നത് തുടരും.
ക്രിസ്മസ് ആഘോഷത്തിനിടെ രാജ്യത്തെ ഊർജ്ജ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് വൻ മിസൈൽ, ഡ്രോൺ ആക്രമണം നടത്തിയ റഷ്യൻ നടപടിയെ യുക്രെയൻ പ്രസിഡന്‍റ് വൊളോദമിർ സെലൻസ്കി അപലപിച്ചു. “മനുഷ്യത്വരഹിതം” എന്നാണ് സെലൻസ്കി ആക്രമണത്തെ വിശേഷിപ്പിച്ചത്.
റഷ്യൻ മിസൈൽ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ. തെക്കൻ യുക്രെയ്നിൽ മൂന്ന് പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. രാജ്യത്തുടനീളം അടിസ്ഥാന ഊർജ്ജ സൗകര്യങ്ങൾ തകരാറിലായതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു. വടക്കുകിഴക്കൻ യുക്രെയ്നിയൻ നഗരമായ ഖാർകീവിൽ മിസൈൽ ആക്രമണത്തിൽ കുറഞ്ഞത് ആറ് പേർക്ക് പരിക്കേറ്റതായി ഗവർണർ അറിയിച്ചു. ഖാർകിവിലേക്ക് റഷ്യ ബാലിസ്റ്റിക് മിസൈലുകളാണ് തൊടുത്തതെന്ന് യുക്രെയ്ൻ വ്യോമസേന സ്ഥിരീകരിച്ചു. പവർ ഗ്രിഡാണ് റഷ്യ ലക്ഷ്യമിടുന്നതെന്ന് നിപ്രോപെട്രോവ്സ്ക് ഗവർണർ സെർഹി ലിസാക്ക് പറഞ്ഞു.
click on malayalam character to switch languages