1 GBP = 109.90
breaking news

ടെലഗ്രാം ഫാന്‍സിന്റെ ശ്രദ്ധയ്ക്ക്; ആപ്പിന് ഇന്ത്യയില്‍ പൂട്ടുവീഴാന്‍ സാധ്യത; അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍

ടെലഗ്രാം ഫാന്‍സിന്റെ ശ്രദ്ധയ്ക്ക്; ആപ്പിന് ഇന്ത്യയില്‍ പൂട്ടുവീഴാന്‍ സാധ്യത; അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍

ടെലഗ്രാമിന്റെ സിഇഒ ആയ പാവേല്‍ ഡൂറോവിനെ ഫ്രഞ്ച് അധികാരികള്‍ പാരിസ് വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റു ചെയ്ത് ദിവസങ്ങള്‍ക്ക് ശേഷം ആപ്പിനെതിരെ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് ഇന്ത്യന്‍ സര്‍ക്കാര്‍. കൊള്ള, ചൂതാട്ടം എന്നു തുടങ്ങി ഗൗരവതരമായ നിരവധി ആരോപണങ്ങളാണ് കമ്പനിക്കെതിരെയുള്ളത്. ഇന്ത്യയില്‍ അഞ്ച് ദശലക്ഷത്തിലധികം രജിസ്റ്റേഡ് ഉപയോക്താക്കളുള്ള ടെലഗ്രാമിന്റെ ഭാവി ഈ അന്വേഷണത്തിന്റെ കണ്ടെത്തലുകളെ ആശ്രയിച്ചിരിക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആരോപണങ്ങള്‍ സത്യമാണെന്ന് കണ്ടെത്തിയാല്‍ നിരോധനം ആയിരിക്കാം ഈ മെസേജിങ്ങ് ആപ്പിനെ കാത്തിരിക്കുന്നത്.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐടി മന്ത്രാലയത്തിനും കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്റര്‍ ആണ് അന്വേഷണം നടത്തുന്നത്. 2013ല്‍ പ്രവര്‍ത്തനമാരംഭിച്ച ടെലഗ്രാമിന് നിലവില്‍ ലോകമെമ്പാടുമായി 90 കോടിയോളം ഉപയോക്താക്കളാണുള്ളത്. അടുത്തകാലത്തായി യുജിസി നെറ്റ്, എംപിപിഎസ്സി, യുപി പോലീസ് കോണ്‍സ്റ്റബിള്‍ റിക്രൂട്ട്‌മെന്റ്, നീറ്റ് യുജി, തുടങ്ങിയ പരീക്ഷകളുടെ ചോദ്യപ്പേപ്പര്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട് ടെലഗ്രാമിന്റെ പേര് ഉയര്‍ന്നു കേട്ടിരുന്നു. ഈ സംഭവങ്ങളൊക്കെ ആപ്പിനെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നതില്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.

ഉപയോക്താക്കളെ അജ്ഞാതരായി നിലനിര്‍ത്താനും അവരുടെ പേര്, നമ്പര്‍, ഫോട്ടോ പോലുള്ള ഐഡന്റിറ്റികള്‍ രഹസ്യമായി സൂക്ഷിക്കാനും അനുവദിക്കുന്ന സുരക്ഷാ ഫീച്ചറുകളാണ് ടെലഗ്രാമിനുള്ളത്. പരീക്ഷാ പേപ്പറുകള്‍ ചോര്‍ത്തുന്നത് പോലുള്ള കുറ്റകൃത്യങ്ങള്‍, പിടിക്കപ്പെടാതെ എളുപ്പത്തില്‍ ചെയ്യാന്‍ ഈ ഫീച്ചറുകള്‍ വഴി വ്യക്തികള്‍ക്ക് സാധിക്കുന്നു. ഫ്രാന്‍സ് ഇപ്പോള്‍ പാവേലിന് ജാമ്യം അനുവദിച്ചു. രാജ്യം വിട്ട് പോകരുത് എന്ന ഉപാധിയില്‍ അഞ്ച് മില്യണ്‍ യൂറോ ജാമ്യത്തുകയും വിധിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more