1 GBP = 105.82
breaking news

മാഞ്ചസ്റ്റർ ദുക്‌റാനാ തിരുന്നാളിന് തുടക്കം കുറിച്ചു കൊണ്ട് പ്രശസ്ത പിന്നണി ഗായകൻ ഫ്രങ്കോയും, ഐഡിയ സ്റ്റാർസിംഗർ വിജയി സോണിയയും ചേർന്ന് നയിക്കുന്ന ഗാനമേള നാളെ ( വെള്ളി) വിഥിൻഷോ ഫോറം സെൻററിൽ…

മാഞ്ചസ്റ്റർ ദുക്‌റാനാ തിരുന്നാളിന് തുടക്കം കുറിച്ചു കൊണ്ട് പ്രശസ്ത പിന്നണി ഗായകൻ ഫ്രങ്കോയും, ഐഡിയ സ്റ്റാർസിംഗർ വിജയി സോണിയയും ചേർന്ന് നയിക്കുന്ന ഗാനമേള നാളെ ( വെള്ളി) വിഥിൻഷോ ഫോറം സെൻററിൽ…

മാഞ്ചസ്റ്റർ:- യുകെയിലെ മലയാറ്റൂർ എന്ന ഖ്യാതി നേടിയ മാഞ്ചസ്റ്റർ ദുക്റാന തിരുന്നാളാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് കൊണ്ട് പ്രശസ്ത പിന്നണി ഗായകൻ ഫ്രങ്കോയും, ഐഡിയ സ്റ്റാർസിംഗർ വിജയി സോണിയയും നയിക്കുന്ന ഗാനമേള നാളെ വെള്ളിയാഴ്ച വിഥിൻഷോ ഫോറം സെൻററിൽ അരങ്ങേറും. വൈകുന്നേരം 5 മുതൽ ആണ് “ആഘോഷരാവ് ” എന്ന് പേരിട്ടിരിക്കുന്ന ലൈവ് മ്യൂസിക് നൈറ്റ് നടക്കുക. ഇവർക്കൊപ്പം മികവുറ്റ പ്രശസ്ത പിന്നണി ഗായകൻ ജോയ് സൈമൺ, ആക്ടർ അറഫാത്ത് പിന്നണി ഗായിക ഷിബിന തുടങ്ങിയവരു കൂടി മെഗാ മ്യൂസിക്കൽ ബാൻഡ് 2024 ൽ അണിചേരുമ്പോൾ മികച്ച ആഘോഷവിരുന്നാണ് കാണികളെ കാത്തിരിക്കുന്നത്.

വൈകുന്നേരം അഞ്ചിന് തിരി തെളിയുന്നതോടെ ഗാനമേളക്ക് തുടക്കമാകും. തുടർന്ന് രാത്രി പത്തുവരെ ഇടവേളകൾ ഇല്ലാതെ സംഗീത വിരുന്നു അരങ്ങേറും.ടിക്കറ്റുകൾ ഇനിയും ആവശ്യമുള്ളവർ ട്രസ്റ്റിമാരുമായോ പാരിഷ് കമ്മറ്റി അംഗങ്ങളുമായോ ബന്ധപ്പെടണം. ഫോറം സെൻററിൽ പ്രവർത്തിക്കുന്ന “ചെന്നൈ ദോശ”യുടെ ഫുഡ് സ്റ്റാളുകളിലൂടെ മിതമായ നിരക്കിൽ ഭക്ഷണങ്ങൾ ലഭ്യമാണ്.

ജൂൺ മുപ്പത്തിനാണ് ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന യുകെയിലെ ഏറ്റവും പ്രശസ്തമായ മാഞ്ചസ്റ്റർ തിരുന്നാൾ ആഘോഷങ്ങൾ ആരംഭിക്കുന്നത്. ജൂലൈ ഏഴാം തിയതി ശനിയാഴ്ചയാണ് പ്രധാന തിരുന്നാൾ. റാസ കുർബാനയും, പ്രദക്ഷിണവും, ഗാനമേളയും ഒക്കെയായി തിരുന്നാൾ ആഘോഷമാക്കുന്നതിനുള്ള ഒരുക്കങ്ങൾ മിഷൻ ഡയറക്‌ടർ റവ. ഫാ. ജോസ് കുന്നുംപുറത്തിൻ്റെ നേതൃത്വത്തിൽ ആരംഭിച്ചുകഴിഞ്ഞു.

ജൂൺ 30ന് തിരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് മിഷൻ ഡയറക്‌ടർ റവ. ഫാ. ജോസ് കുന്നുംപുറം കൊടിയേറ്റ് നിർവഹിക്കും. തുടർന്ന് തിരുസ്വരൂപ പ്രതിഷ്ടയും, ലദീഞ്ഞും നടക്കും. തുടർന്ന് നടക്കുന്ന ദിവ്യബലിയിൽ റവ. ഫാ. ജോസ് അന്ത്യാകുളം MCBS കാർമ്മികനാകും. ദിവ്യബലിക്ക്
ശേഷം പതിവുപോലെ വീടുകളിലേക്കുള്ള അമ്പെഴുന്നള്ളിക്കലും, ഉൽപ്പന്ന ലേലവും നടക്കും.

ജൂലൈ ഒന്ന് മുതൽ അഞ്ചുവരെയുള്ള ദിവസങ്ങളിൽ വൈകുന്നേരം 5.30 ന് ദിവ്യബലിയും, നൊവേനയും നടക്കും. ഒന്നാം തിയതി തിങ്കളാഴ്ച ദിവ്യബലിക്ക് മാഞ്ചസ്റ്റർ ഹോളിഫാമിലി മിഷൻ ഡയറക്‌ടർ റവ. ഫാ. വിൻസെൻറ് ചിറ്റിലപ്പള്ളി മുഖ്യ കാർമ്മികനാകും. രണ്ടാം തിയതി മാഞ്ചെസ്റ്റർ റീജിയണൽ കോർഡിനേറ്റർ റവ. ഫാ.ജോൺ പുളിന്താനം മുഖ്യ കാർമ്മികനാകും.

മൂന്നാം തിയതി ബുധനാഴ്ച ലിതെർലാൻഡ് വികാരി റവ. ഫാ. ജെയിംസ് കോഴിമല മുഖ്യകാർമ്മികനാകുന്നതാണ്. നാലാം തിയതി വ്യാഴാഴ്ച സെൻറ് ആൻറണീസ് വികാരി റവ. ഫാ. ഓവൻ ഗല്ലഗറും ലത്തീൻ റീത്തിൽ ഇംഗ്ലീഷ് കുർബാനയർപ്പിക്കും. അഞ്ചാം തിയതി വെള്ളിയാഴ്ച മുൻ വികാരിയും ആഷ്‌ഫോർഡ് മിഷൻ ഡയറക്‌ടറുമായ റവ. ഫാ. ജോസ് അഞ്ചാനിക്കൽ മുഖ്യകാർമ്മികനാകും.

പ്രധാന തിരുന്നാൾ ദിനമായ ജൂലൈ ആറാം തിയതി ശനിയാഴ്ച രാവിലെ 9.30 ന് നടക്കുന്ന സിറോമലബാർ സഭയുടെ ഏറ്റവും അത്യാഘോഷപൂർവ്വമായ വിശുദ്ധ കുർബാന ക്രമമായ പരിശുദ്ധ റാസക്ക് പ്രെസ്റ്റൺ കത്തീഡ്രൽ വികാരി റവ. ഫാ. ബാബു പുത്തൻപുരയിൽ മുഖ്യ കാർമ്മികനാകും. തുടർന്ന് തിരുന്നാൾ പ്രദക്ഷിണവും സ്നേഹവിരുന്നും നടക്കും. ജൂലൈ ഏഴാം തിയതി ശനിയാഴ്ച വൈകുന്നേരം നാലിന് ദിവ്യബലിയെ തുടർന്ന് മിഷൻ ഡയറക്‌ടർ ഫാ.ജോസ് കുന്നുംപുറം കൊടിയിറക്കുന്നതോടെയാവും തിരുന്നാൾ ആഘോഷങ്ങൾ സമാപിക്കുക.

യുകെയിൽ ആദ്യമായി തിരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത് മാഞ്ചസ്റ്ററിൽ ആയിരുന്നു. മുത്തുക്കുടകളും പൊന്നിൻ കുരിശുകളുമെല്ലാം നാട്ടിൽ നിന്നും എത്തിച്ചു തുടങ്ങിയ തിരുന്നാൾ ആഘോഷങ്ങൾ ഇപ്പോൾ 19 ആം വർഷത്തിൽ എത്തിച്ചേർന്നിരിക്കുകയാണ്.വർഷങ്ങൾ കഴിയും തോറും പ്രൗഢി ഒട്ടും ചോരാതെയാണ് ഇടവക മധ്യസ്ഥരായ വിശുദ്ധ തോമാസ്ലീഹായുടെയും വിശുദ്ധ അൽഫോൻസാമ്മയുടെയും സംയുക്ത തിരുന്നാൾ ആഘോഷങ്ങൾ കാലാകാലങ്ങളായി നടന്നുവരുന്നത്.

തിരുന്നാൾ ദിനം വിഥിൻഷോ സെൻറ്‌ ആൻറണീസ് ദേവാലയം കൊടിതോരങ്ങളാൽ അലങ്കരിച്ചു മോടിപിടിപ്പിക്കും. വിശുദ്ധ തോമാശ്ലീഹായുടെയും, വിശുദ്ധ അൽഫോസാമ്മയുടെയും, വിശുദ്ധ സെബാസ്ത്യാനോസിൻ്റെയും തിരുസ്വരൂപങ്ങളുടെ കൂടെ ഇപ്രാവശ്യം നാട്ടിൽ നിന്നും പുതിയതായി കൊണ്ടുവന്ന പരിശുദ്ധ അമ്മയുടെ തിരുസ്വരൂപവും കൂടി വഹിച്ചുകൊണ്ട് ചെണ്ടമേളങ്ങളുടെയും, വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെ നടക്കുന്ന തിരുന്നാൾ പ്രദക്ഷിണം മറുനാട്ടിലെ വിശ്വാസ പ്രഘോഷണമാണ്. യുകെയുടെ നാനാ ഭാഗങ്ങളിൽ നിന്നായി നൂറ് കണക്കിനാളുകൾ അന്നേ ദിവസം മാഞ്ചസ്റ്ററിൽ പെരുന്നാളിന് എത്തിച്ചേരും.

മാഞ്ചസ്റ്റർ സെൻ്റ്. തോമസ് ദി അപ്പസ്തോൽ മിഷൻ ഡയറക്ട്ടർ ഫാ.ജോസ് കുന്നുംപുറം, കൈക്കാരന്മാരായ ട്വിങ്കിൾ ഈപ്പൻ, റോസ്ബിൻ സെബാസ്റ്റ്യൻ, ജോബിൻ ജോസഫ് തുടങ്ങിയവരുടെയും,പാരിഷ് കമ്മറ്റിയുടെയും നേതൃത്വത്തിൽ തിരുന്നാൾ വിജയത്തിനായുള്ള ഒരുക്കങ്ങൾ പുരോഗമിച്ചു വരുന്നു.
മാഞ്ചസ്റ്റർ തിരുന്നാളാഘോഷങ്ങളിൽ പങ്കെടുത്ത് വിശുദ്ധരുടെ അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ ഏവരേയും സ്വാഗതം ചെയ്യുന്നതായി മിഷൻ ഡയറക്ടർ റവ. ഫാ. ജോസ് കുന്നുംപുറം അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more