1 GBP = 107.78
breaking news

തൃശൂരില്‍ മാത്രം ഒതുങ്ങില്ല, കേരളത്തിനും തമിഴ്‌നാടിനും വേണ്ടി പ്രവര്‍ത്തിക്കും; ഇനി ഈ ചാണകത്തെ പാര്‍ലമെന്റില്‍ സഹിക്കട്ടെ; സുരേഷ് ഗോപി

തൃശൂരില്‍ മാത്രം ഒതുങ്ങില്ല, കേരളത്തിനും തമിഴ്‌നാടിനും വേണ്ടി പ്രവര്‍ത്തിക്കും; ഇനി ഈ ചാണകത്തെ പാര്‍ലമെന്റില്‍ സഹിക്കട്ടെ; സുരേഷ് ഗോപി

കേന്ദ്രമന്ത്രിയാകണമെന്ന് നേതൃത്വം ആവശ്യപ്പെട്ടാല്‍ നിഷേധിക്കില്ലെന്ന് സുരേഷ് ഗോപി. സിനിമയാണ് തന്റെ പാഷന്‍. സിനിമ മാതാപിതാക്കളെ പോലെയാണ്. അതിനെ തള്ളിപ്പറയില്ല. സിനിമകള്‍ ഇനിയും കൂടുതല്‍ ചെയ്യും. ഇക്കാര്യം കേന്ദ്രത്തെ അനുഭാവപൂര്‍വ്വം അറിയിക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞു. ഇന്ന് ഡല്‍ഹിയിലെത്തുന്ന സുരേഷ് ഗോപി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും.

എംപിയെന്ന നിലയില്‍ താന്‍ സ്ത്രീകള്‍ക്കുവേണ്ടിയുള്ള പദ്ധതികള്‍ക്ക് മുന്‍തൂക്കം കൊടുക്കും. പ്രധാനമന്ത്രിയുമായി ഇത് സംസാരിക്കും. കൊച്ചി മെട്രോ റെയില്‍ തൃശൂരിലേക്ക് നീട്ടാന്‍ ശ്രമിക്കും. പുതിയ രീതിയില്‍ തൃശൂര്‍ പൂരം നടത്തും. അന്ന് പൂരം നടത്തിപ്പില്‍ വീണ മാലിന്യം ശുദ്ധീകരിച്ച് സുഗന്ധപൂര്‍ണമാക്കും. ഇനി ഈ ചാണകത്തെ പാര്‍ലമെന്റില്‍ മറ്റുള്ളവര്‍ സഹിക്കട്ടെയെന്നും സുരേഷ് ഗോപി പറഞ്ഞു.

തൃശൂരില്‍ മാത്രം ഒതുങ്ങിപ്പോകാന്‍ താനാഗ്രഹിക്കുന്നില്ല. കേരളത്തിനും തമിഴ്‌നാടിനുവേണ്ടിയും താന്‍ പ്രവര്‍ത്തിക്കും. ജനങ്ങള്‍ക്കുവേണ്ടി കേരളത്തിന്റെയും തമിഴ്‌നാടിന്റെയും എംപിയായി നിലകൊള്ളും. പക്ഷേ
കര്‍ണാടകയിലെ കാര്യം നോക്കാന്‍ അവിടെ തന്നെക്കാള്‍ നല്ല ആണ്‍കുട്ടികളുണ്ട്. എംപിയായി പ്രവര്‍ത്തിക്കുമ്പോള്‍ ഉറപ്പായും പത്ത് വകുപ്പുകളുടെ പിന്തുണ തനിക്ക് വേണമെന്നും അത് കേരള രാഷ്ട്രീയത്തിന്റെ ഉന്നമനത്തിന് വേണ്ടിയല്ല ജനങ്ങള്‍ക്കുവേണ്ടിയാണെന്നും സുരേഷ് ഗോപി പ്രതികരിച്ചു.

ഇന്ന് ഡല്‍ഹിയിലെത്തുന്ന സുരേഷ് ഗോപി പ്രധാനമന്ത്രി മോദി അടക്കമുള്ള നേതാക്കളെ നേരില്‍ കാണും. സുരേഷ് ഗോപിയെ കേന്ദ്ര മന്ത്രിയാക്കാന്‍ തീരുമാനിച്ചതായാണ് സൂചന. ഇതു സംബന്ധിച്ച കാര്യങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും. ഉച്ചയ്ക്ക് മൂന്നിന് നെടുമ്പാശ്ശേരിയില്‍ നിന്ന് വിമാനം മാര്‍ഗ്ഗം ഡല്‍ഹിയില്‍ എത്തും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more