1 GBP = 107.02

സിറിയ, തുര്‍ക്കി ഭൂകമ്പം; മരിച്ചവരുടെ എണ്ണം 15,000 പിന്നിട്ടു

സിറിയ, തുര്‍ക്കി ഭൂകമ്പം; മരിച്ചവരുടെ എണ്ണം 15,000 പിന്നിട്ടു

സിറിയയിലും തുര്‍ക്കിയിലുമുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 15,000 പിന്നിട്ടതായി ഔദ്യോഗിക വൃത്തങ്ങള്‍. 12,391 പേര്‍ തുര്‍ക്കിയിലും 2,992 പേര്‍ സിറിയയിലുമാണ് കൊല്ലപ്പെട്ടത്. ആകെ മരണസംഖ്യ 15,383 ആയി ഉയര്‍ന്നതായി ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു.

നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം സന്ദര്‍ശിച്ച രജിപ് തയ്യിപ് എര്‍ദോഗാന്‍ പറഞ്ഞു. ദുരിതം ഗുരുതരമായി ബാധിച്ച 10 പ്രവിശ്യകളില്‍ വീടില്ലാത്തവര്‍ക്ക് ഒരു വര്‍ഷത്തിനുള്ളില്‍ വീട് നിര്‍മിച്ചുനല്‍കുമെന്നാണ് സര്‍ക്കാര്‍ വാഗ്ദാനം.

സിറിയയില്‍ 2,98,000ത്തിലധികം ആളുകള്‍ വീട് വിട്ട് പോകേണ്ടിവന്നതായി സിറിയന്‍ സ്‌റ്റേറ്റ് മിഡിയ റിപ്പോര്‍ട്ട് ചെയ്തു. വടക്കുപടിഞ്ഞാറന്‍ വിമതരുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ 1,730 പേര്‍ കൊല്ലപ്പെട്ടു. രാജ്യത്ത് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ മരിച്ചവരുടെ എണ്ണം 1,262 ആയി. 5,108 ഓളം പേര്‍ക്കാണ് പരുക്കേറ്റത്.

ലോകാരോഗ്യ സംഘടന തുര്‍ക്കിയിലേക്കും സിറിയയിലേക്കും മെഡിക്കല്‍ സപ്ലൈകളുമായി വിദഗ്ധ സംഘങ്ങളെയും പ്രത്യേക വിമാനങ്ങളും അയയ്ക്കുന്നുണ്ടെന്ന് ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് അറിയിച്ചു. ഈജിപ്ത്, ഇറാഖ്, യുഎഇ ഉള്‍പ്പെടെയുള്ള നിരവധി അറബ് രാജ്യങ്ങളില്‍ നിന്നും പ്രധാന സഖ്യകക്ഷിയായ റഷ്യയില്‍ നിന്നും സിറിയന്‍ സര്‍ക്കാരിന് സഹായങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കുകയാണ്.

തുര്‍ക്കിയിലെ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ ആറായിരത്തിലധികം കെട്ടിടങ്ങളാണ് തകര്‍ന്നുവീണത്. ഭൂകമ്പ ബാധിത മേഖലയില്‍ മൂന്ന് മാസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യം ഏഴ് ദിവസത്തെ ദുഃഖാചരണം ആചരിക്കുകയാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഏകദേശം 13 ദശലക്ഷത്തിലധികം പേരെയാണ് ഭൂകമ്പം നേരിട്ടും അല്ലാതെയും ബാധിച്ചത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more