മണിരത്‌നം ചിത്രം പൊന്നിയിൻ സെൽവന് സമ്മിശ്ര പ്രതികരണമാണ് ബോക്സ് ഓഫീസിൽ ലഭിക്കുന്നത്. എന്നാൽ ആദ്യ 4 ദിവസം കൊണ്ട് ചിത്രം ലോകമെമ്പാടുമായി ₹250 കോടി നേടി. തമിഴ്, ഹിന്ദി, തെലുങ്ക്, മലയാളം, കന്നഡ എന്നീ അഞ്ച് ഭാഷകളിൽ പുറത്തിറങ്ങിയ ചിത്രം സെപ്റ്റംബർ 30നായിരുന്നു റിലീസിനെത്തിയത്.
ഇൻഡസ്ട്രി ട്രാക്കർ രമേഷ് ബാലയാണ് ഏറ്റവും പുതിയ ബോക്‌സ് ഓഫീസ് കണക്കുകൾ ട്വിറ്ററിൽ പങ്കുവെച്ചത്. വിദേശത്തും, കേരളത്തിലും, കർണാടകയിലും ചിത്രം മികച്ച വിജയമാണ് നേടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുഎസ് ബോക്‌സ് ഓഫീസിൽ, പ്രീമിയറുകൾ ഉൾപ്പെടെ ആദ്യ നാല് ദിവസങ്ങളിൽ 4.13 മില്യൺ ഡോളർ നേടിയ ചിത്രം എക്കാലത്തെയും മികച്ച പ്രകടനം കാഴ്ചവച്ച തമിഴ് സിനിമയായി മാറി.
ചോള ചക്രവർത്തിയായ രാജരാജ ഒന്നാമൻ (947-1014) ആയിത്തീരുന്ന അരുൾമൊഴിവർമ്മന്റെ (പൊന്നിയിൻ സെൽവൻ) ആദ്യകാല ജീവിതത്തിന്റെ കഥയാണ് പൊന്നിയിൻ സെൽവൻ പറയുന്നത്. ചരിത്രത്തെ അടിസ്ഥാനമാക്കിയുള്ള സിനിമയാണെന്നതുകൊണ്ട് തന്നെ വലിയ താരനിരയാണ് പൊന്നിയിൻ സെൽവനിലുള്ളത്. ഐശ്വര്യറായ് ബച്ചൻ, വിക്രം, തൃഷ, ജയം രവി, കാർത്തി എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിൽ പ്രകാശ് രാജ്, ജയറാം, പ്രഭു, യുവനടി ഐശ്വര്യലക്ഷ്മി എന്നിവരും കഥാപാത്രങ്ങളായെത്തുന്നുണ്ട്.
ഒരു ദശാബ്ദത്തിന് ശേഷം ഐശ്വര്യ റായ് ബച്ചൻ തമിഴ് സിനിമയിലേക്കുള്ള തിരിച്ചുവരവായിരുന്നു ഈ ചിത്രം. ഐശ്വര്യയ്ക്ക് ഇരട്ട വേഷങ്ങളുണ്ട് – നന്ദിനിയും അവളുടെ ഊമയായ അമ്മ മന്ദാകിനി ദേവിയും. റിലീസിന് ശേഷം പ്രേക്ഷകരും നിരൂപകരും ഐശ്വര്യയുടെ പ്രകടനത്തെ പ്രശംസിച്ചു രംഗത്ത് വന്നിരുന്നു. 1994 ലും 2011 ലും മണിരത്‌നം പൊന്നിയിൻ സെൽവൻ നിർമ്മിക്കാൻ ശ്രമിച്ചെങ്കിലും രണ്ടുതവണയും പ്രോജക്റ്റ് പ്ലാൻ ചെയ്തതുപോലെ ആരംഭിച്ചിരുന്നില്ല. അടുത്ത വർഷം ചിത്രത്തിൻ്റെ രണ്ടാം ഭാഗം റിലീസ് ചെയ്യും.
click on malayalam character to switch languages