ലണ്ടൻ: യുകെ മലയാളികളുൾപ്പെടെയുള്ള പ്രവാസി മലയാളികളുടെ പൊതുവായ ആവശ്യങ്ങൾ ലോക കേരള സഭയിൽ സമഗ്രമായി ചർച്ച ചെയ്യുവാൻ പരിശ്രമിക്കുമെന്ന് യുകെയിൽ നിന്നും ലോക കേരള സഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്റും യുക്മ സാംസ്കാരിക വേദിയുടെ രക്ഷാധികാരിയുമായ ശ്രീ സി എ ജോസഫ് അറിയിച്ചു.
തൻറെ ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിൽ യുകെ മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസി മലയാളികൾ നേരിടുന്ന ഗൗരവമായ പല പ്രശ്നങ്ങളും ചർച്ചചെയ്യപ്പെടേണ്ടതും അവയൊക്കെ പരിഹരിക്കപ്പെടുന്നതിനായുള്ള ഗുണകരമായ തീരുമാനങ്ങളെടുത്ത് ഗവൺമെൻറ് നടപ്പിലാക്കുകയും ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ചർച്ചകൾക്ക് വിഷയീഭവിക്കേണ്ട പ്രവാസി മലയാളികളുമായി ബന്ധപ്പെട്ട കാലിക പ്രാധാന്യമുള്ളതും കാര്യമാത്ര പ്രസക്തവുമായ പല ആവശ്യങ്ങളും ശ്രീ സി എ ജോസഫ് ഉന്നയിക്കുകയുണ്ടായി. രാഷ്ട്രീയപ്രേരിതമായ അഭിപ്രായവ്യത്യാസങ്ങൾ മാറ്റിവെച്ച് ലോക കേരള സഭ സമ്മേളനത്തെ അർത്ഥസമ്പൂർണ്ണമായ ഫലപ്രാപ്തിയിൽ എത്തിക്കുന്നതിനുവേണ്ടി പ്രവാസി മലയാളികളായ സുഹൃത്തുക്കളിൽ നിന്നും ക്രിയാത്മകമായ നിർദ്ദേശങ്ങളും ആശയങ്ങളും അറിയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിരവധി ആളുകൾ താൽപര്യപൂർവം വ്യത്യസ്തമായ പല ആവശ്യങ്ങളും ചർച്ച ചെയ്യുന്നതിനായി അറിയിക്കുകയും ചെയ്തതായി അദ്ദേഹം അറിയിച്ചു.
ശ്രീ സി എ ജോസഫ് തന്റെ ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിന്റെ പൂർണ്ണരൂപം:
ലോകമെമ്പാടുമുള്ള കേരളീയരുടെ കൂട്ടായ്മയും പരസ്പര സഹകരണവും പ്രോത്സാഹിപ്പിക്കുകയും കേരളസംസ്കാരത്തെയും സമ്പദ് വ്യവസ്ഥയുടെയും പുരോഗമനപരമായ വികസനത്തിന് പ്രവാസികൾ നൽകിയ നിർണായകമായ സംഭാവനകൾ അംഗീകരിച്ച് അവരുടെ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും സ്വീകരിച്ചു പ്രവർത്തിക്കുകയുമാണ് ലോക കേരളസഭയുടെ പരമപ്രധാനമായ ലക്ഷ്യമെന്ന് ഞാൻ മനസ്സിലാക്കുന്നു.
കോവിഡ് മഹാമാരിയുടെ തീവ്രതയാർന്ന വ്യാപനത്തിനു ശേഷം നടക്കുന്ന മൂന്നാമത് ലോക കേരളസഭാ സമ്മേളനത്തിൽ പ്രവാസി മലയാളികൾ നേരിടുന്ന ഗൗരവമായ പല പ്രശ്നങ്ങളും ചർച്ച ചെയ്യപ്പെടുകയും അവയൊക്കെ പരിഹരിക്കപ്പെടുന്നതിനായുള്ള ഗുണകരമായ തീരുമാനങ്ങളെടുത്ത് ഗവൺമെൻറ് നടപ്പിലാക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രവാസി മലയാളികളുടെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ ചർച്ചകളിലൂടെ ഗവൺമെന്റിന്റെ ശ്രദ്ധയിൽപ്പെടുത്തണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.
- കോവിഡ് മഹാമാരിയുടെ വിഷമതകളിലൂടെ കടന്നു പോയ ഇക്കഴിഞ്ഞ രണ്ടുവർഷങ്ങളിൽ ലക്ഷക്കണക്കിന് പ്രവാസികളാണ് തൊഴിൽ നഷ്ടപ്പെട്ട് കേരളത്തിലേക്ക് കടന്നു വന്നിരിക്കുന്നത്. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചിട്ടുള്ള മടങ്ങിവന്ന ആളുകളെ കേരളത്തിന്റെ സമ്പദ് വ്യവസ്ഥയുടെ വളർച്ചയ്ക്ക് ഗുണകരമായ രീതിയിൽ ഉപയോഗിക്കുന്നതിനായി അവർക്ക് അനുയോജ്യമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കേണ്ടതും അനിവാര്യമാണ്.
- യുകെ, അമേരിക്ക തുടങ്ങിയ പാശ്ചാത്യ രാജ്യങ്ങളിലും മറ്റു യൂറോപ്യൻ രാജ്യങ്ങളിലുമുള്ള ഒ സി ഐ കാർഡ് ഹോൾഡേഴ്സ് ആയിട്ടുള്ള വിദേശ മലയാളികളുടെ പൊതുവായ പ്രശ്നങ്ങളും പ്രത്യേകമായി ചർച്ച ചെയ്യപ്പെടേണ്ടതും പരിഹരിക്കപ്പെടേണ്ടതുമാണ്.
- വിദേശമലയാളികൾക്ക് നാട്ടിലെ വിവിധ ഓഫീസുകളിൽ നിന്നും ലഭിക്കേണ്ട പല സേവനങ്ങളും ഏകജാലക സംവിധാനത്തിലൂടെ അടിയന്തരമായി ലഭ്യമാക്കുന്നതിനുള്ള നടപടികളും ഫലപ്രദമായി സ്വീകരിക്കേണ്ടതാണ്.
- ലോകത്തെമ്പാടുമുള്ള വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന മുഴുവൻ മലയാളികളുടെയും വിവരങ്ങൾ ശേഖരിച്ച് അവരുടെ കഴിവുകൾ നാടിന് ഉപയോഗപ്രദമായ രീതിയിൽ വിനിയോഗിക്കുന്നതിനായി നോർക്കയുടെ പരിഗണനയിലുള്ള ഗ്ലോബൽ ഡിജിറ്റൽ പ്ലാറ്റ്ഫോം യാഥാർഥ്യമാക്കേണ്ടതും ആവശ്യമാണ് .
- വിദേശ മലയാളികൾ അഭിമുഖീകരിക്കുന്ന പൊതുവായ പ്രശ്നമാണ് വിമാനയാത്രക്കുള്ള അമിതമായ ചാർജ് വർദ്ധനവ്. ന്യായമായ നിരക്കുകൾ ഉറപ്പാക്കി കേരള എയർലൈൻസ് ആരംഭിക്കുവാൻ കഴിഞ്ഞാൽ യുകെ മലയാളികൾ ഉൾപ്പെടെയുള്ള വിദേശ മലയാളികൾക്ക് ആശ്വാസകരമാകുമെന്ന് കരുതുന്നു.
- വർഷങ്ങളായി പ്രവാസിസംഘടനകൾ ആവശ്യപ്പെടുന്നതാണ് – യുകെ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ താമസിക്കുന്ന മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർക്ക് ഇരട്ടപൗരത്വം നൽകുക എന്നത്. അതിലൂടെ രാജ്യത്തിനുണ്ടാകുന്ന സാമ്പത്തിക വളർച്ച കേന്ദ്ര ഗവൺമെന്റിന്റെ ശ്രദ്ധയിൽപ്പെടുത്തുവാനുള്ള നടപടികൾ സ്വീകരിക്കേണ്ടതും അഭികാമ്യമാണ്.
- യുകെ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ തൊഴിൽ തേടുന്ന തൊഴിലന്വേഷകരെ അംഗീകാരമില്ലാത്ത സ്വകാര്യ ഏജൻസികളുടെ ചൂഷണം ഒഴിവാക്കാൻ ODEPC / NORKA പോലുള്ള സർക്കാർ ഏജൻസികൾ വഴി കൂടുതൽ റിക്രൂട്ട്മെന്റ് നടത്തുക. അംഗീകാരമുള്ള സ്വകാര്യ ഏജൻസികൾക്ക് മാത്രം റിക്രൂട്ട്മെന്റിന് അനുവദിക്കുക.
- യുകെയൂൾപ്പെടെ വിദേശത്ത് താമസിക്കുന്ന പ്രവാസി മലയാളികളുടെ മാറി വരുന്ന സാഹചര്യങ്ങളിലുള്ള വിവിധ പ്രശ്‌നങ്ങൾ മനസിലാക്കുന്നതിനും പരിഹരിക്കുന്നതിനുമായി പ്രവാസി സംഘടനകളുടെ പ്രതിനിധികളെയും ഉൾപ്പെടുത്തി എൻ ആർ ഐ കമ്മീഷൻ രൂപീകരിക്കുക.
- വിദേശ രാജ്യങ്ങളിൽ നിന്ന് മടങ്ങിയെത്തുന്ന മലയാളികൾക്ക് വായ്പാ സൗകര്യം ഒരുക്കി ഫാസ്റ്റ് ട്രാക്ക് സംവിധാനത്തിലൂടെ അനുയോജ്യമായ സംരംഭങ്ങൾ തുടങ്ങുന്നതിനുള്ള നടപടികൾ സ്വീകരിക്കുക.
- യുകെയിൽ താമസിക്കുന്നവരും സ്റ്റുഡൻറ് വിസയിലും മറ്റും എത്തിയിട്ടുള്ള വിദ്യാർഥികൾ ഉൾപ്പെടെയുള്ള മുഴുവൻ ആളുകളുടേയും ആവശ്യങ്ങൾ കാലതാമസമില്ലാതെ ഹൈ കമ്മീഷൻ ഓഫീസിൽ നിന്നും സാധിച്ചു കിട്ടുന്നതിനുവേണ്ടി കൂടുതൽ മലയാളി ഉദ്യോഗസ്ഥർ അടക്കമുള്ളവരുടെ സേവനങ്ങൾ ഉറപ്പുവരുത്തുവാനുഉള്ള നടപടികളും സ്വീകരിക്കേണ്ടതാണ്.
- ഒസിഐ കാർഡ് ഉടമകൾക്കും വോട്ടവകാശമുൾപ്പെടെയുള്ള തുല്യമായ അവകാശങ്ങൾ ഉറപ്പ് വരുത്തുവാനുള്ള നടപടികൾ സ്വീകരിക്കുന്നതും ഗുണകരമാണ് .
- വിദേശ രാജ്യങ്ങളിൽ നിന്നും മടങ്ങിയെത്തുന്ന പ്രവാസി മലയാളികൾക്ക് തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിന് നിശ്ചിത സമയത്തേക്ക് 0% പലിശയ്ക്ക് ബാങ്ക് വായ്പ നൽകുവാനുള്ള നടപടികളും ഫലപ്രദമായി സ്വീകരിക്കുക.
വിദേശ മലയാളികളുടെ പ്രത്യേകിച്ച് യുകെ മലയാളികളുമായി ബന്ധപ്പെട്ട ഇത്തരത്തിലുള്ള പല വിഷയങ്ങളും ചർച്ചകളിൽ സജീവമായി കൊണ്ടുവരുവാൻ ഞാൻ ശ്രമിക്കുന്നതാണ്.
എന്റെ സുഹൃത്തുക്കളായവരുടെ ക്രിയാത്മകമായ നിർദ്ദേശങ്ങളും ആശയങ്ങളും താല്പര്യമുണ്ടെങ്കിൽ എന്റെ ഇൻബോക്സിൽ അറിയിക്കുക. രാഷ്ട്രീയപ്രേരിതമോ മതപരമോ ആയ അഭിപ്രായങ്ങളും ആശയങ്ങളും ഒഴിവാക്കുക. ലോക കേരള സഭാ സമ്മേളനം ഫലപ്രാപ്തിയിൽ എത്തിക്കുന്നതിന് വേണ്ടി നിങ്ങൾ ഓരോരുത്തരുടെയും സഹായ സഹകരണങ്ങളും അഭ്യർത്ഥിക്കുന്നു.
https://www.facebook.com/100003571086386/posts/pfbid0252tedXtQjqMySy2X9PiZFVPaqAFVtZR8q48dVjYWzxxDutABsdJDBkfucVijxqHxl/?d=n
click on malayalam character to switch languages