1 GBP = 106.79
breaking news

യുദ്ധക്കൊതിയൻമാരായ ലോക നേതാക്കൻമാർക്ക് തുറന്ന കത്ത്; റഷ്യ ഉക്രെയിൻ യുദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ പുടിന് കത്തെഴുതി ശ്രദ്ധേയയായി മുൻ യുക്മ നോർത്ത് വെസ്റ്റ് റീജിയൻ സെക്രട്ടറി തങ്കച്ചൻ എബ്രഹാമിൻ്റെ മകൾ കൃപ….

യുദ്ധക്കൊതിയൻമാരായ ലോക നേതാക്കൻമാർക്ക് തുറന്ന കത്ത്; റഷ്യ ഉക്രെയിൻ യുദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ പുടിന് കത്തെഴുതി ശ്രദ്ധേയയായി മുൻ യുക്മ നോർത്ത് വെസ്റ്റ് റീജിയൻ സെക്രട്ടറി തങ്കച്ചൻ എബ്രഹാമിൻ്റെ മകൾ കൃപ….

പ്രെസ്റ്റൺ: ലോകത്തെവിടെയും യുദ്ധവും പ്രകൃതിക്ഷോഭവുല്ലൊമായി ജനങ്ങൾ ബുദ്ധിമുട്ടുന്ന സാഹചര്യങ്ങളിൽ നമ്മെ ബാധിക്കാത്ത കാര്യങ്ങളിൽ കാര്യമായി പ്രതികരിക്കാതെ മാറി നിൽക്കാനായിരിക്കും പൊതുവെ നമ്മൾ ശ്രദ്ധിക്കുന്നത്. പഴയ തലമുറയിൽ നിന്നും വിത്യസ്തമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുകയാണ് നമ്മുടെ പുതിയ തലമുറയിലെ കുട്ടികൾ. ഇതിന് ഒരു ഉത്തമ ഉദാഹരണമായിരിക്കുന്നു പ്രെസ്റ്റണിൽ നിന്നുമുള്ള കൊച്ചു മിടുക്കി കൃപ തങ്കച്ചൻ. നാലാം ക്ലാസ്സ് വിദ്യാർത്ഥിനിയായ കൃപയുടെ മനസ്സിൽ വേദനയായത് നിലവിൽ നടന്നുകൊണ്ടിരിക്കുന്ന റഷ്യൻ – ഉക്രെയിൻ യുദ്ധ പശ്ചാത്തലം. യുദ്ധത്തിൽ ഇതിനകം കൊച്ചു കുട്ടികൾ ഉൾപ്പെടെ നിരവധി പേർ മരണമടഞ്ഞു കഴിഞ്ഞു.

യുകെ മലയാളികൾ നാട്ടിലേക്കുള്ള വിമാന യാത്രയുടെയും അനുദിന ജീവിത ചെലവുകളുടെയും വർദ്ധനവിൽ തലയിൽ കൈവച്ചിരിക്കുമ്പോഴും നമ്മുടെ കുട്ടികൾ എന്താണ് ചിന്തിക്കുന്നത് അല്ലെങ്കിൽ ചെയ്യാൻ ഉദ്ദേശിക്കുന്നത് എന്ന് നമ്മളിൽ അധികം പേരും ശ്രദ്ധിക്കാറില്ല എന്നത് ഒരു വസ്തുതയാണ്. അതുമല്ലെങ്കിൽ എന്തെങ്കിലുംലോക സംഭവവികാസങ്ങൾ കുട്ടികൾ എങ്ങനെ ശ്രദ്ധിക്കുന്നു, നോക്കിക്കാണുന്നു എന്നതിൻ്റെ തെളിവ് കൂടിയാണ് കൃപയുടെ റഷ്യൻ പ്രസിഡൻറ് പുട്ടിനുള്ള കത്ത്.
പ്രെസ്റ്റണിൽ നിന്നുള്ള കൃപ എന്ന കൊച്ചു മിടുക്കിയുടെ മനസ്സുലച്ചത് റഷ്യൻ ആക്രമണത്തിൽ ജീവൻ പൊലിയുന്ന കൊച്ചു കുട്ടികളെ ഓർത്തിട്ടായിരുന്നു.

വാർത്തകൾ എന്നും കാണുകയും അത് മാതാപിതാക്കൻമാരുമായി വിശകലനം ചെയ്യുകയും ചെയ്യുന്ന ശീലമുള്ള കൃപ തങ്കച്ചൻ ഇക്കാര്യത്തിൽ എന്ത് ചെയ്യണമെന്നുള്ള ചിന്തയിൽ ആണ് റഷ്യൻ പ്രസിഡന്റ് പുടിന് ഒരു കത്ത് തന്നെ എഴുതാം എന്ന് കരുതിയത്. തന്റെ മനസ്സിലെ ചിന്തകളുടെ തീക്ഷണത അക്ഷരങ്ങളുടെ രൂപത്തിൽ പേപ്പറിൽ എത്തിയപ്പോൾ സ്കൂളിലെ ക്ലാസ് ടീച്ചർ മിസിസ് റൈറ്റ് പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം അഭിനന്ദിക്കുകയും ചെയ്തു. പ്രസിഡന്റ് പുടിന് എഴുതിയ ലെറ്ററിന് ഹെഡ് ടീച്ചേഴ്സ് അവാർഡും ഈ മിടുക്കി കരസ്ഥമാക്കി.

മുൻപും ഇതുപോലെ അധികൃതർക്ക് കത്തെഴുതി അധികാരികളുടെ മുൻപിൽ പ്രശ്നങ്ങൾ അവതരിപ്പിച്ചിട്ടുണ്ട് കൃപ. സ്കൂൾ പരിസരത്തെ റോഡുകളുടെ അരികിൽ നിക്ഷേപിച്ച ചപ്പുചവറുകൾ നീക്കം ചെയ്യുന്നതിനായി കൗൺസിലിലേക്ക് കത്തെഴുതി നടപടി എടുപ്പി അയച്ചു കാര്യം സാധിക്കുന്നതിൽ കൃപ വിജയം നേടിയിരുന്നു. ഗ്രേറ്റ്‌ ബ്രിട്ടൻ സീറോ മലബാർ എപ്പാർക്കിയുടെ പ്രസ്റ്റൺ കത്തീഡ്രൽ ഇടവക വികാരിയായ ഫാദർ ബാബു കൃപയ്ക്ക് സ്വതസിദ്ധമായി ലഭിച്ചിരിക്കുന്ന ഈ സഹാനുഭൂതിയെ അഭിനന്ദിക്കുകയും മറ്റുള്ള കുട്ടികൾക്ക് മാതൃകയായി എന്ന് അഭിപ്രായപ്പെടുകയും ചെയ്തു. മറ്റുള്ളവരുടെ വിഷമതകളിൽ തന്നാൽ ആവുന്ന സഹായം നൽകുന്ന ഈ കൊച്ചു മിടുക്കി ഇപ്പോൾ പ്രെസ്റ്റൺ മലയാളികളുടെ അഭിമാനം കൂടിയാണ്.

കോവിഡിന്റെ കാലഘട്ടത്തിലാണ് കൃപ ടി വി യിലൂടെയും മറ്റ് ഓൺലൈൻ, ഇൻറർനെറ്റ് മാധ്യമങ്ങളിലൂടെ ലോക കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തി തുടങ്ങിയത്. മികച്ച നർത്തകി കൂടിയായ കൃപ യുക്മയുടെയും, സീറോ മലബാർ രൂപതയുടെയും കലാമേളകളിൽ നിരവധി പുരസ്കാരങ്ങൾ നേടിയെടുത്തിട്ടുണ്ട്. കൂടാതെ കരാട്ടേ അഭ്യസിക്കുന്ന കൃപ നിലവിൽ ജപ്പാൻ കരാട്ടേ സ്റ്റൈലായ എൻസോ മാർഷൽ ആർട്സിൽ യെല്ലോ ബെൽറ്റും മികച്ച പ്രകടനത്തോടെ കരസ്ഥമാക്കിയിട്ടുണ്ട്.

ബഹുമാന പുരസരം റഷ്യൻ പ്രസിഡന്റ് പുടിനെ അഭിസംബോധന ചെയ്‌തു തുടങ്ങുന്ന കത്ത് ഇങ്ങനെയാണ്… വളരെയേറെ സങ്കടത്തോടെ, താങ്കൾ എന്തുകൊണ്ട് ഇങ്ങനെ അവരോട് ചെയ്യുന്നു എന്ന് ചോദിക്കുന്നു. വളരെ കാതലുള്ള ചോദ്യങ്ങളുമായി മുന്നേറുന്ന കൃപയുടെ കത്ത് പ്രസിഡന്റ് പുടിനെ ഒന്ന് ഓർമ്മിപ്പിക്കുന്നു… ‘നീ ലോകം മുഴുവൻ നേടിയാലും നിന്റെ ആത്മാവ് നഷ്ടപ്പെട്ടാൽ നിനക്ക് എന്ത് പ്രയോജനമെന്ന’ ബൈബിൾ വാക്യം. എന്തൊക്കെ കാരണങ്ങൾ ഉണ്ടെങ്കിലും ഈ യുദ്ധത്തിൽ വേദന അനുഭവിക്കുന്ന നിഷ്കളങ്കരായ കുട്ടികളുടെ ഉള്ളുലയ്ക്കുന്ന ചിത്രമല്ലാതെ മറ്റൊന്നും എന്റെ മനസ്സിൽ തെളിയുന്നില്ല എന്ന് കൃപ അസന്നിഗ്ദ്ധമായി കുറിക്കുന്നു. അച്ഛനമ്മമാരെ നഷ്ടപ്പെടുന്ന കുഞ്ഞുങ്ങളെ ഓർത്തു വിഷമത്തോടെ വിനയപുരസ്‌കസരം അപേക്ഷിക്കുന്നു താങ്കൾക്ക് ഈ യുദ്ധം ഒന്ന് നിർത്താൻ പറ്റുമോയെന്ന്..? കഴിഞ്ഞ ദിവസം പുടിന് പോസ്റ്റ് ചെയ്‌തിരിക്കുന്ന കത്തിൻ്റെ മറുപടിയും പ്രതീക്ഷിച്ചിരിക്കുകയാണ് കൃപ.

തൊടുപുഴ ചീനിക്കുഴി സ്വദേശിയായ തങ്കച്ചൻ എബ്രഹാം ലിസമ്മ ദമ്പതികളുടെ മൂന്നാമത്തെ കുട്ടിയാണ് കൃപ. പ്രെസ്റ്റൺ സെന്റ് ഗ്രിഗറി കാത്തലിക് പ്രൈമറി സ്‌കൂൾ നാലാം ക്ലാസ് വിദ്യാർത്ഥിനിയാണ്. ചേട്ടൻ നവീൻ തങ്കച്ചൻ മറൈൻ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയാണ്, ഇപ്പോൾ അമേരിക്കയിൽ ട്രെയിനിംഗിലാണ്. ചേച്ചി ക്രിസ്റ്റീൻ എബ്രഹാം എ ലെവൽ വിദ്യാർത്ഥിനിയും ആണ്. അമ്മ ലിസമ്മ തങ്കച്ചൻ പ്രെസ്റ്റൺ ആശുപത്രിയിൽ നഴ്‌സായി ജോലി ചെയ്യുന്നു. 2004 ലിൽ പ്രെസ്റ്റണിൽ എത്തിയ ആദ്യകാല മലയാളികളിൽ പെടുന്നു തങ്കച്ചനും കുടുംബവും. മുൻ കേരള പൊലീസ്, എക്സൈസ് ഉദ്യോഗസ്ഥനാണ് തങ്കച്ചൻ.

കൃപ തങ്കച്ചനെ യുക്മ പ്രസിഡൻറ് മനോജ് കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡൻ്റ് എബി സെബാസ്റ്റ്യൻ, എഫ് ഒ പി കോർഡിനേറ്റർ സിന്നി ജേക്കബ് തുടങ്ങിയവർ അഭിനന്ദിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more