തിരുവിതാംകൂര്‍ ഭരണാധികാരിയായിരുന്ന ചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മയുടെ സഹോദരനും മുതിര്‍ന്ന രാജകുടുംബാംഗവുമായിരുന്ന ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയും പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിയും തമ്മിലുള്ള അപൂര്‍വ സൗഹൃദത്തിന്‍റെ പ്രതീകമാണ് കാന്‍ 42 എന്ന ബെന്‍സ് കാര്‍. നിലവില്‍ കവടിയാര്‍ കൊട്ടാരത്തില്‍ സൂക്ഷിച്ചിരിക്കുന്ന 1955 മോഡൽ മെഴ്സിഡീസ് ബെൻസ് 180 T കാർ യൂസഫലിക്കു സമ്മാനിക്കും.
12,000 രൂപ നൽകി 1950കളിലാണ് ജർമനിയിൽ നിർമിച്ച ബെൻസ് കാര്‍ രാജകുടുംബം സ്വന്തമാക്കുന്നത്. കർണാടകയിൽ രജിസ്ട്രേഷൻ നടത്തിയ കാർ വാഹനപ്രേമിയായ മാർത്താണ്ഡവർമയുടെ വാഹന ശേഖരത്തിലെ ഏറ്റവും പ്രിയപ്പെട്ടതും ആയിരുന്നു. ബംഗളൂരുവിൽ താമസിക്കുമ്പോൾ യാത്രയ്ക്ക് ഈ കാറാണ് അദ്ദേഹം ഉപയോഗിച്ചിരുന്നത്.
38–ാം വയസില്‍ തുടങ്ങി സ്വയം ഓടിച്ചും യാത്രക്കാരനായും 40 ലക്ഷം മൈലുകൾ മാർത്താണ്ഡവർമ സഞ്ചരിച്ചിട്ടുണ്ടെന്നാണ് കണക്ക്. ഇതിൽ 23 ലക്ഷം മൈലുകളും ഈ ബെൻസിൽ തന്നെയാണ് സഞ്ചരിച്ചത്. താണ്ടിയ ദൂരം അടയാളപ്പെടുത്തി ബെൻസ് കമ്പനി നൽകിയ മെഡലുകളും വാഹനത്തിനു മുന്നിൽ പതിച്ചിട്ടുണ്ട്. 85–ാം വയസ്സിലും മാർത്താണ്ഡവർമ ഇതേ വാഹനം ഓടിച്ചിരുന്നതായും പറയുന്നു.
കാറിന് മോഹവില നൽകി വാങ്ങാൻ പല പ്രമുഖരും അദ്ദേഹത്തെ സമീപിച്ചിരുന്നു. റെക്കോർഡ് ദൂരം സഞ്ചരിച്ച ബെൻസിനെ അഭിമാന ചിഹ്നമായി മാറ്റാൻ ബെൻസ് കമ്പനി തന്നെ ആഗ്രഹിച്ചിരുന്നു.
തിരിച്ചെടുക്കാമെന്നും പകരം 2 പുതിയ കാറുകൾ നൽകാമെന്നും പറഞ്ഞ് കമ്പനിയിലെ ഉന്നതർ അദ്ദേഹത്തെ സമീപിച്ചിരുന്നു. എന്നാൽ വാച്ച് മുതൽ 1936ൽ വാങ്ങിയ റോളി ഫ്ലക്‌സ് ക്യാമറയും കാറും ഉൾപ്പെടെ പുരാതനമായ എല്ലാ വസ്തുക്കളെയും അത്രയധികം ശ്രദ്ധയോെ സൂക്ഷിച്ചിരുന്ന മാർത്താണ്ഡവർമ കാന്‍ 42 കാറിനെ കൈവിട്ടില്ല.
യൂസഫലിയുമായി വലിയ ആത്മബന്ധം പുലര്‍ത്തിയിരുന്ന ഉത്രാടം തിരുനാള്‍ തന്‍റെ പ്രിയപ്പെട്ട വാഹനം യൂസഫലിക്ക് നല്‍കാന്‍ തീരുമാനിച്ചിരുന്നു. അബുദാബിയിലെ വസതിയിലെത്തി യൂസഫലിയെ സന്ദർശിച്ച മാർത്താണ്ഡവർമ അദ്ദേഹത്തെ കവടിയാർ കൊട്ടാരത്തിലേക്ക് ക്ഷണിച്ചിരുന്നു. 2012-ൽ യൂസഫലി പട്ടം കൊട്ടാരത്തിൽ എത്തിയപ്പോൾ കാർ സമ്മാനിക്കാനുള്ള ആഗ്രഹം ഉത്രാടം തിരുനാൾ അറിയിച്ചു.
ഉത്രാടം തിരുനാൾ അന്തരിച്ചതോടെ, കാർ ഏറെക്കാലമായി മകൻ പത്മനാഭവർമയുടെയും ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ ഫൗണ്ടേഷന്റെയും സംരക്ഷണയിലാണ്. ഉത്രാടം തിരുനാളിന്റെ ആഗ്രഹ പ്രകാരം വൈകാതെ തന്നെ കാർ യൂസഫലിക്കു സമ്മാനിക്കാനാണു രാജകുടുംബത്തിന്റെ തീരുമാനം.
click on malayalam character to switch languages