1 GBP = 107.21

സൗത്താളിൽ തിരുവനന്തപുരം വക്കം സ്വദേശി സജിത്ത് കുമാർ പിള്ളയെ മരിച്ച നിലയിൽ കണ്ടെത്തി…

സൗത്താളിൽ തിരുവനന്തപുരം വക്കം സ്വദേശി സജിത്ത് കുമാർ പിള്ളയെ മരിച്ച നിലയിൽ കണ്ടെത്തി…

ലണ്ടൻ : ദീർഘനാളായി ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന യുകെ മലയാളിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ലണ്ടൻ സൗത്താളില്‍ താമസിച്ചിരുന്ന സജിത്ത് കുമാര്‍ പിള്ള (54) യാണ് മരണമടഞ്ഞത്. തിരുവനന്തപുരം വക്കം സ്വദേശിയാണ്. കഴിഞ്ഞ നാല് ദിവസമായി സജിത്തിനെ കുറിച്ച് യാതൊരു വിവരവുമില്ലായിരുന്നു. നാട്ടിൽ നിന്നും അദ്ദേഹത്തിൻ്റെ മകൻ പിതാവിനെ വിളിച്ചിട്ട് കിട്ടുന്നില്ല എന്നറിയിച്ച് സൗത്താളിലുള്ള ഒരു സുഹൃത്തിനെ ബന്ധപ്പെട്ടിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സജിത്ത് താമസിച്ചിരുന്ന മുറി ദിവസങ്ങളായി  അടഞ്ഞു കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. മറ്റ് താമസക്കാർ വാതിലിൽ തട്ടിയെങ്കിലും പ്രതികരണം ഉണ്ടായില്ല. തുടർന്ന് പോലീസിൽ വിവരമറിയിച്ചു. പോലീസിന്റെ സഹായത്തോടെ മുറി തുറന്നപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തെങ്കിലും മരണത്തിൽ ദുരൂഹതയില്ലെന്നാണ് വിവരം. ഹൃദയാഘാതമാണ് മരണകാരണമെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ട്. ഇന്‍ക്വസ്റ്റ് തയ്യാറാക്കി മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. പഞ്ചാബി വംശജരോടൊപ്പം വീട് പങ്കിട്ടാണ് സജിത്ത് താമസിച്ചിരുന്നത്.

മരണവിവരം നാട്ടിലുള്ള കുടുംബാംഗങ്ങളെ അറിയിച്ചിട്ടുണ്ട്. വീട്ടുകാരുടെ അഭ്യർത്ഥനയെ തുടർന്ന് സൗത്താളിലെ മലയാളി സാമൂഹ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള ശ്രമം ആരംഭിച്ചു. സജിത്ത് നാട്ടിലുള്ള കുടുംബാംഗങ്ങളെ നേരിൽ കണ്ടിട്ട് ദീർഘനാളായി എന്നാണ്  മനസ്സിലാവുന്നത്. സാമ്പത്തികമായി മികച്ച നിലയിലല്ല സജിത്തിന്റെ കുടുംബമെന്നാണ് അറിയുന്നത്. 

 സജിത്തിൻ്റെ നിര്യാണത്തിൽ യുക്മ പ്രസിഡൻറ് മനോജ് കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡൻറ് എബി സെബാസ്റ്റ്യൻ, സൗത്ത് ഈസ്റ്റ് റീജിയൻ പ്രസിഡൻറ് ആൻ്റണി എബ്രഹാം  തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. പരേതൻ്റെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം നിര്യാണത്തിൽ ദു:ഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു. ആദരാഞ്ജലികൾ…

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more