എക്സിറ്റർ മലയാളി അസോസിയേഷന്റെ ക്രിസ്തുമസ്സ് പുതുവത്സര ആഘോഷം ജനപങ്കാളിത്തവും സംഘാടക മികവുകൊണ്ടും പ്രൗഡോജ്ജ്വേലമായി ആഘോഷിച്ചു…
Jan 30, 2022
പാട്ടും നൃത്തവും താളമേളങ്ങളും സമന്വയിച്ചു ഒന്നായി പെയ്തിറങ്ങിയ രാവിൽ, ആവേശം അണമുറിയാതെ വാനോളമുയർന്നപ്പോൾ എക്സിറ്റർ മലയാളി അസോസിയേഷന്റെ (ഇമ) ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷരാവ് ജനപങ്കാളിത്തംകൊണ്ടും സംഘാടക പാടവംകൊണ്ടും എക്സിറ്റർ മലയാളികൾക്കിടയിൽ ഒരിക്കൽക്കൂടി ഇമയുടെ കരുത്തും ആധിപത്യവും തെളിയിച്ചതിനൊപ്പം ഇമയുടെ 16 വർഷ ചരിത്രത്തിലെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നായിമാറി പുതുചരിത്രമെഴുതുകയും ചെയ്തു.
കോവിഡ് എന്ന മഹാമാരിക്ക് മുന്നിൽ ലോകം മുഴുവൻ എന്തുചെയ്യണമെന്നറിയാതെ പകച്ചുനിന്നപ്പോൾ കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് ഇമ നടത്തിയ സ്പോർട്സ് ഡേ, ഓണം, ക്രിസ്മസ് കരോൾ ആൻഡ് ഫാമിലി ഗെറ്റ് ടുഗെതർ, ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങൾ യുകെയിലെ മറ്റുസംഘടനകൾക്കും മാതൃകയായിമാറി.
പിൻഹോയിലെ അമേരിക്ക ഹാളിൽ ജനുവരി 22 ന് വൈകുന്നേരം 5.30 ന് ആരംഭിച്ചു രാത്രി 11.30 വരെ നീണ്ട ആഘോഷങ്ങൾക്ക് നിറമേകി മികച്ച നിലവാരം പുലർത്തിയ കലാപരിപാടികളുമായി ഇമയുടെ അംഗങ്ങളായ കുട്ടികളും മുതിർന്നവരും അണിനിരന്നതിനൊപ്പം യുകെയിലെ മികച്ച ഗാനമേള ട്രൂപ്പുകളിലൊന്നായ ലെസ്റ്റർ മെലഡി ഓർക്കസ്ട്രക്കൊപ്പം ഇമയുടെ യുവഗായകരായ ദീപക്കും മഞ്ജു സോണിയും അണിചേർന്നു മലയാളികൾ ഒരിക്കലും മറക്കാനാഗ്രഹിക്കാത്ത ഇമ്പമേറിയ മെലഡി ഗാനങ്ങളും ഒപ്പം അടിപൊളി ഗാനങ്ങളുമായി വേദിനിറഞ്ഞാടിയപ്പോൾ പങ്കെടുത്തവരും അതിനൊപ്പം നൃത്തച്ചുവടുകളുമായി ഒപ്പം കൂടി. അമേരിക്ക ഹാളിനെ അക്ഷരാർത്ഥത്തിൽ പ്രകമ്പനം കൊള്ളിച്ച ലൈറ്റ് ആൻഡ് സൗണ്ട് സിസ്റ്റത്തിന്റെ അകമ്പടിയിൽ ആരെയും ത്രസിപ്പിക്കുന്ന റോക്ക് സംഗീതവുമായി ഡിജെ മ്യൂസിക് ഒരു സംഗീതവിസ്ഫോടനമായി മാറിയപ്പോൾ ഹാൾ മുഴുവൻ നിറഞ്ഞുകവിഞ്ഞ കാണികളും അതിനൊപ്പം നിറഞ്ഞാടിയപ്പോൾ ഏവർക്കുമത് ഹൃദ്യവും അവിസ്മരണീയവുമായ മുഹൂർത്തമായി മാറുകയായിരുന്നു.
വൈകുന്നേരം 6 മണിക്ക് ആരംഭിച്ച പൊതുസമ്മേളനത്തിനു ഇമയുടെ പ്രസിഡന്റ് ശ്രീ. ബിജോ തോമസ് സ്വാഗതം ആശംസിക്കുകയും ബഹുമാനപ്പെട്ട ചെയർമാൻ ശ്രീ. മോഹൻ കുമാർ ക്രിസ്തുമസിന്റെ ശ്രേഷ്ഠതയേയും പ്രാധാന്യത്തെയുംപ്പറ്റി സംസാരിച്ചതിനു ശേഷം നിലവിളക്കു കൊളുത്തി ആഘോഷം ഉൽഘാടനം നിർവഹിച്ചപ്പോൾ അതിനൊപ്പം ഇമയുടെ പ്രസിഡന്റ്, സെക്രട്ടറി, ഇമയുടെ കമ്മിറ്റി മെമ്പർ ശ്രീ.റോബി വർഗീസിന്റെ മാതാവ് ശ്രീമതി.അൽഫോൻസാ വർക്കി എന്നിവർ പങ്കുചേരുകയും ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും ക്രിസ്തുമസ് പുതുവത്സര ആശംസകൾ നേരുകയും ചെയ്തു. അതിനുശേഷം അരങ്ങേറിയ ദൃശ്യവിസ്മയമാർന്ന കലാപരിപാടികൾ കാണികൾക്കെല്ലാം ആസ്വാദനത്തിന്റെ ഒരു പുതിയനുഭവമാണേകിയത്..
തുടർന്ന് നടന്ന ജനറൽബോഡി മീറ്റിംഗിൽ സെക്രട്ടറി ശ്രീ. ബിജോയ് വർഗീസ് കഴിഞ്ഞ രണ്ടുവർഷക്കാലത്തെ പ്രവർത്തന റിപ്പോർട്ട് വായിക്കുകയും അതിന്മേൽ നടന്ന ചർച്ചകൾക്ക് ശേഷം റിപ്പോർട്ട് അംഗീകരിക്കുകയും ചെയ്തു. ട്രഷറർ ശ്രീ.സോജ് ജയപ്രകാശ് വരവ്ചിലവ് കണക്കുകൾ അവതരിപ്പിക്കുകയും ECT പ്രതിനിധി ശ്രീ. റോബി വർഗീസ് ECT യുടെ പ്രവർത്തനങ്ങളെപ്പറ്റി ചടങ്ങിൽ വിശദീകരിക്കുകയും ചെയ്തു. അതിനു ശേഷം നടന്ന തിരഞ്ഞെടുപ്പിൽ ഇമയുടെ യൂത്ത് പ്രതിനിധിയായി കുമാരി മെർലിൻ ആൻ റെജിയെ തിരഞ്ഞെടുത്തു.
ഇമയുടെ കരുത്തും മാർഗ്ഗദർശിയുമായ ചെയർമാൻ സർവ്വസമ്മതനും അതിലുപരി എതിർപ്പുകൾക്കതീതനായി എല്ലാവരുടെയും പൂർണ്ണപിന്തുണയോടുകൂടി തിരഞ്ഞെടുക്കപ്പെടണം എന്ന പൊതുവായ മാനദണ്ഡം അംഗീകരിച്ചു നടന്ന തിരഞ്ഞെടുപ്പിൽ ദീർഘനാളായി ഇമയെ നയിക്കുന്ന നിലവിലെ ചെയർമാൻ ശ്രീ.മോഹൻകുമാറിനെ പങ്കെടുത്ത എല്ലാവരുടെയും പൂർണ്ണ പിന്തുണയോടുകൂടി വീണ്ടും തിരഞ്ഞെടുത്തപ്പോൾ അത് ഇമയിലെ അംഗങ്ങളുടെ ഐക്യത്തിന്റെയും ഒത്തൊരുമയുടെയും തെളിവായി മാറുകയായിരുന്നു.
ഇമയുടെ 2022-2023 കാലഘട്ടത്തിലെ ഭരണസമിതി അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ട റിനി ജോണി, വിനു ചന്ദ്രൻ, ബിജോയ് വർഗീസ്, സിജോ ജേക്കബ്, ബിജോ തോമസ്, ജോർജ് വർഗീസ്, ജസ്റ്റീന മിഥുൻ, ജോയി ജോൺ, സോജ് ജയപ്രകാശ്, സാബു ഏബ്രഹാം, റോബി വർഗീസ്, ഡിറ്റ ജൂവൽ, ജോബി തോമസ്, മെർലിൻ ആൻ റെജി എന്നിവരെ വേദിയിലേക്കാനയിച്ചു സദസ്സിനു പരിചയപ്പെടുത്തുകയും ചെയ്തു. ഇമയിൽ പുതിയതായി അംഗങ്ങളായി ചേർന്നവരെയെല്ലാം വേദിയിലേക്ക് ക്ഷണിച്ചു കാണികൾക്കായി പരിചയപ്പെടുത്തിയത് ഏവർക്കും ഒരു പുതിയനുഭവമായിരുന്നു.
അസോസിയേഷന്റെ എല്ലാ പരിപാടികളുടെയും ഫ്ലയറുകളും വിഡിയോകളും വളരെ മനോഹരമായ രീതിയിൽ തയ്യാറാക്കുന്ന GCSE വിദ്യാർത്ഥി ജയദേവ് സോജിനു മോമെന്റോയും ക്യാഷ് അവാർഡും നൽകി ആദരിച്ചതിനൊപ്പം എക്സിറ്റർ ക്രിക്കറ്റ് ക്ലബ്ബിനുവേണ്ടി ഡെവോൺ ലീഗ് കളിക്കുന്ന ഇമയുടെ അംഗമായ യുവ ക്രിക്കറ്റെർ ഫെലിക്സ് ജോസഫിനെയും മൊമെന്റോ നൽകി ആദരിക്കുകയുണ്ടായി.
ക്രിസ്തുമസിനോടനുബന്ധിച്ചു നടത്തിയ Indoor – Outdoor decoration മത്സരത്തിൽ Indoor വിഭാഗത്തിൽ ജോബി തോമസ്, റിജു ജോൺ എന്നിവരും Outdoor വിഭാഗത്തിൽ ഷിജുമോൻ ചാക്കോ, സിജോ ജേക്കബ് എന്നിവരും യഥാക്രമം first prize ഉം second prize ഉം നേടുകയുണ്ടായി. ആഘോഷപരിപാടികളോടനുബന്ധിച്ചു നടന്ന അത്യന്തം വാശിയേറിയ ലേലം വിളിയിലും ആകർഷകമായ സമ്മാനങ്ങൾ ഉൾപ്പെടുത്തിയ റാഫിൾ ടിക്കറ്റിലും ഏവരും വളരെയധികം ആവേശത്തോടുകൂടിയാണ് പങ്കെടുത്തത്. ഇമയുടെ കരുത്തായ പഴയ- പുതു തലമുറകൾ ഒരേമനസ്സോടും ഒപ്പം ഒരേ താളത്തോടും ആദ്യാവസാനം പരിപാടികളിൽ പാട്ടും നൃത്തവും ആരവുമായി പങ്കുചേർന്നപ്പോൾ ഇമയുടെ ക്രിസ്തുമസ് പുതുവത്സര ആഘോഷരാവ് എക്സിറ്ററിലെ ഓരോ മലയാളിക്കും ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത ഒരനുഭവമായി മാറുകയായിരുന്നു .
ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങളുടെ കൂടുതൽ ഫോട്ടോകൾക്ക് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക .
യുക്മ–ഇസ–തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2; കിരീടമണിഞ്ഞ് അപർണ ശൈലേഷ്…… ഡോ. നസ്രീൻ എൻ രണ്ടാമത്…… അമിത ഷാജി മൂന്നാമത് രാജശ്രീ പ്രവീൺ നാലാം സ്ഥാനത്ത്…… സ്മിത സിറിയക്കിന് വിധികർത്താക്കളുടെ പ്രത്യേക പരാമർശം; കേരളീയ തനിമയും സൗന്ദര്യവും ആത്മവിശ്വാസവും നിറഞ്ഞ മാൻവേഴ്സിലെ വേദി /
click on malayalam character to switch languages