1 GBP = 106.79
breaking news

മലയാളം മിഷൻ യുകെ ചാപ്റ്റർ നടത്തിയ ‘കണിക്കൊന്ന’ പഠനോത്സവത്തിന്റെ സർട്ടിഫിക്കറ്റ് വിതരണം നവ്യാനുഭവമായി..വിജയപ്രഭയിൽ കുട്ടികൾ സർട്ടിഫിക്കറ്റുകൾ ഏറ്റുവാങ്ങി

മലയാളം മിഷൻ യുകെ ചാപ്റ്റർ നടത്തിയ ‘കണിക്കൊന്ന’ പഠനോത്സവത്തിന്റെ സർട്ടിഫിക്കറ്റ് വിതരണം നവ്യാനുഭവമായി..വിജയപ്രഭയിൽ കുട്ടികൾ സർട്ടിഫിക്കറ്റുകൾ ഏറ്റുവാങ്ങി

എബ്രഹാം കുര്യൻ

മലയാളം മിഷൻ യുകെ ചാപ്റ്റർ നടത്തിയ കണിക്കൊന്ന പഠനോത്സവത്തിന്റെ സർട്ടിഫിക്കറ്റ് വിതരണം കുട്ടികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും നവ്യാനുഭവമായി. മലയാള ഭാഷയെ സ്നേഹിക്കുന്ന യുകെയിലെ വളർന്നു വരുന്ന കുട്ടികൾ വിജയപ്രഭയിൽ സർട്ടിഫിക്കറ്റുകൾ ഏറ്റുവാങ്ങി. വെർച്യുൽ പ്ലാറ്റ്ഫോമിലൂടെ സംഘടിപ്പിച്ച ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സർട്ടിഫിക്കറ്റ് വിതരണോദ്ഘാടനം നടത്തുവാനായി സമ്മതിച്ചിരുന്ന ബഹു.കേരള സാംസ്കാരിക മന്ത്രി ശ്രീ സജി ചെറിയാൻ വളരെ പ്രധാനപ്പെട്ട ചില കാര്യങ്ങൾ കൊണ്ട് ചടങ്ങിൽ പങ്കെടുക്കുവാൻ സാധിക്കുകയില്ലയെന്നുള്ള വിവരം അദ്ദേഹത്തിന്റെ ഓഫീസിൽ നിന്നും അറിയിച്ചതുകൊണ്ട് മുഖ്യപ്രഭാഷകയായ മലയാളം മിഷൻ ഡയറക്ടർ പ്രൊഫ.സുജ സൂസൻ ജോർജാണ് മലയാളം മിഷൻ യുകെ ചാപ്റ്റർ നടത്തിയ കണിക്കൊന്ന പഠനോത്സവത്തിന്റെ സർട്ടിഫിക്കറ്റ് വിതരണോദ്ഘാടനം ഔദ്യോഗികമായി നിർവഹിച്ചത്. മലയാള ഭാഷയും കേരളത്തിന്റെ സംസ്കാരവും പൈതൃകവും വരും തലമുറകളിലേക്ക് എത്തിക്കുവാനായി മലയാളം മിഷൻ യു കെ ചാപ്റ്റർ നടത്തുന്ന പ്രവർത്തനങ്ങൾ വളരെ ശ്ലാഘനീയമാണെന്നും കോവിഡ് മഹാമാരിയുടെ വിഷമതകളിലൂടെ കടന്നു പോയ സാഹചര്യത്തിൽപ്പോലും യുകെ ചാപ്റ്റർ നടത്തിയ കണിക്കൊന്ന പഠനോത്സവം അഭിനന്ദനാർഹമാണെന്നും അഭിപ്രായപ്പെട്ട പ്രൊഫ.സുജ സൂസൻ ജോർജ് മലയാളഭാഷയുടെ സുഗന്ധം നമ്മുടെ എല്ലാ കുട്ടികളിലും നിറയട്ടെയെന്നും ആശംസിച്ചു. മലയാളം മിഷൻ ഭാഷാധ്യാപകൻ ഡോ.എം ടി ശശി, യുകെ നോർത്ത് റീജിയൻ കോർഡിനേറ്റർ ബിന്ദു കുര്യൻ എന്നിവർ ആശംസകൾ നേർന്നു. മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്റ് സി എ ജോസഫ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എബ്രഹാം കുര്യൻ സ്വാഗതവും പ്രവർത്തക സമിതി അംഗം ദീപ സുലോചന നന്ദിയും പറഞ്ഞു. സർട്ടിഫിക്കറ്റ് വിതരണോദ്ഘാടന ചടങ്ങിന്റെ അവതാരക ബിന്ദു കുര്യൻ ആയിരുന്നു.

ഉദ്ഘാടന ചടങ്ങ് നടന്ന സമയത്തുതന്നെ പല സ്കൂളുകളിലും പൊതുവേദിയിൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുകയുണ്ടായി. സമീക്ഷ മലയാളം സ്കൂൾ എക്സിറ്റർ കുട്ടികളെയും അധ്യാപകരെയും രക്ഷിതാക്കളെയും പങ്കെടുപ്പിച്ചുകൊണ്ട് മലയാളം മിഷൻ യു കെ ചാപ്റ്റർ ജോയിന്റ് സെക്രട്ടറി രാജി രാജന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സർട്ടിഫിക്കറ്റ് വിതരണ ചടങ്ങ് എല്ലാവരുടെയും പ്രശംസ ഏറ്റുവാങ്ങി. വിജയികളായ കുട്ടികളുടെ സർട്ടിഫിക്കറ്റുകൾ അധ്യാപകരും സ്കൂൾ ഭാരവാഹികളും ചേർന്ന് വിതരണം ചെയ്തു.

കെന്റിലെ ചിസ്ലിഹസ്റ്റിൽ പ്രവർത്തിക്കുന്ന സെന്റ് മാർക്ക് മിഷൻ മലയാളം സ്കൂളിൽ നിന്നും വിജയികളായ കുട്ടികളുടെ സർട്ടിഫിക്കറ്റ് വിതരണം സ്കൂൾ ഡയറക്ടർ റവ.ഫാ.ടോമി എടാട്ട് നിർവഹിച്ചു. മലയാളം മിഷൻ യു കെ സൗത്ത് റീജിയണിലെ സർട്ടിഫിക്കറ്റ് വിതരണോദ്ഘാടനം ബേസിംഗ്‌സ്‌റ്റോക്ക് മലയാളം സ്കൂളിന്റെ ചെയർമാൻ ജോബി തോമസിന് മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്റ് സി എ ജോസഫ് നൽകി നിർവഹിച്ചു. മിഡ്‌ലാൻഡ്‌സ് റീജിയണിലെ സർട്ടിഫിക്കറ്റ് വിതരണോദ്ഘാടനം കേരള സ്കൂൾ കവൻട്രിയുടെ ഡയറക്ടർ ബോർഡ് അംഗവും അധ്യാപകനുമായ ഹരീഷ് പാലായ്ക്ക് യുകെ ചാപ്റ്റർ സെക്രട്ടറി എബ്രഹാം കുര്യൻ നൽകി നിർവ്വഹിച്ചു. യുകെ നോർത്ത് റീജിയണിലെ സർട്ടിഫിക്കറ്റ് വിതരണം റീജിയണൽ കോർഡിനേറ്റർ ബിന്ദു കുര്യൻ മാഞ്ചസ്റ്റർ മലയാളം സ്കൂൾ അധ്യാപിക റീന വിത്സന് നൽകി നിർവഹിച്ചു. എല്ലാ പഠന കേന്ദ്രങ്ങളിലെയും വിജയികളായ കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

കോവിഡ് മഹാമാരിയുടെ വിഷമതകൾ നിറഞ്ഞ സമയങ്ങളിലൂടെ കടന്നുപോയിട്ടും യുകെയിലെ 5 മേഖലകളിൽ നിന്നുമായി 13 സ്കൂളുകളിൽനിന്ന് 152 പഠിതാക്കളെ പങ്കെടുപ്പിച്ച് നടത്തിയ ആദ്യ സർട്ടിഫിക്കറ്റ് കോഴ്സ് കണിക്കൊന്നയുടെ മൂല്യനിർണ്ണയമായ പഠനോത്സവം വലിയ വിജയമായിരുന്നു.

വിവിധ പഠന കേന്ദ്രങ്ങളിൽ നിന്നുമായി പഠനോത്സവത്തിൽ പങ്കെടുക്കുവാനെത്തിയ കുട്ടികളെ മൂന്ന് വിഭാഗമായി തിരിച്ച് ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ നിരവധി വെർച്വൽ ക്ലാസ് റൂമുകൾ ഒരുക്കിയാണ് പഠനോത്സവം കുറ്റമറ്റ രീതിയിൽ നടത്തിയത് . മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രവർത്തക സമിതി അംഗങ്ങളും അധ്യാപകരും സാങ്കേതിക പ്രവർത്തകരും രക്ഷകർത്താക്കളും കൂട്ടായി പ്രവർത്തിച്ചതു കൊണ്ടാണ് പഠനോത്സവം വിജയകരമായി നടത്തുവാനും യഥാസമയം മൂല്യനിർണയം നടത്തി റിസൾട്ട് പ്രഖ്യാപിക്കുവാനും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുവാനും പഠനോത്സവ കമ്മിറ്റിക്ക് സാധിച്ചത്.

കണിക്കൊന്ന പഠനോത്സവത്തിൽ വിജയിച്ച മുഴുവൻ കുട്ടികളെയും അവരെ പരിശീലിപ്പിച്ച അധ്യാപകരെയും രക്ഷിതാക്കളെയും മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്റ് സി എ ജോസഫ്, സെക്രട്ടറി ഏബ്രഹാം കുര്യൻ, വിദഗ്ദ്ധ സമിതി ചെയർമാൻ ജയപ്രകാശ് എസ് എസ്, മേഖല കോർഡിനേറ്റർമാരായ ബേസിൽ ജോൺ, ആഷിക്ക് മുഹമ്മദ് നാസർ, ബിന്ദു കുര്യൻ, ജിമ്മി ജോസഫ്, രഞ്ചു പിള്ള എന്നിവർ ഹാർദ്ദമായി അഭിനന്ദിച്ചു.

മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ പ്രവർത്തനങ്ങൾ എല്ലാ സ്ഥലങ്ങളിലും വ്യാപിപ്പിക്കുക എന്ന ലക്ഷ്യവുമായി പ്രവേശനോത്സവങ്ങൾ സംഘടിപ്പിച്ച് പുതിയ പഠന കേന്ദ്രങ്ങൾ ആരംഭിക്കുവാനുള്ള പരിശ്രമങ്ങൾ യുകെ ചാപ്റ്റർ ഭാരവാഹികൾ നടത്തി വരികയാണ്. പുതിയ സ്ക്കൂളുകൾ ആരംഭിക്കുന്നതിനും രജിസ്റ്റർ ചെയ്യുന്നതിനും വേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ ലഭിക്കുന്നതിന് മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്റ് സി എ ജോസഫ് (07846747602) സെക്രട്ടറി ഏബ്രഹാം കുര്യൻ (07882791150) എന്നിവരെയോ അതാത് മേഖല കോർഡിനേറ്റർമാരെയോ ബന്ധപ്പെടുക. [email protected] എന്ന ഇമെയിൽ വിലാസത്തിലും ബന്ധപ്പെടാവുന്നതാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more