യുക്മ കലാ തിലകം ആനി അലോഷ്യസിന് ഇന്നലെ പുറത്ത് വന്ന എ ലെവൽ റിസൽട്ടിൽ ഉജ്ജ്വല വിജയം.പാഠ്യ പാഠ്യേതര വിഷയങ്ങളിൽ രെു പോലെ തിളങ്ങുന്ന യുകെയിലെ അപൂർവ്വം വിദ്യാർത്ഥികളിൽ ഒരാളായ ആനി അലോഷ്യസ് ബയോളജി, ഫിസിക്സ്, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളിൽ എ സ്റ്റാറും, കെമിസ്ട്രിയിൽ എ യും കരസ്ഥമാക്കി ലണ്ടനിലെ ഇംപീരിയൽ കോളേജിൽ മെഡിസിന് സീറ്റ് ഉറപ്പിച്ചിരിക്കുകയാണ്. ഐൽസ്ബറി ഗ്രാമർ സ്കൂളിൽ നിന്നുമാണ് ആനി വിജയിച്ചത്.
യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയണൽ കലോത്സവത്തിൽ രണ്ടു തവണ കലാതിലകവുമായി തിരഞ്ഞെടുത്തിട്ടുള്ള ആനി അലോഷ്യസ് കർണാട്ടിക് മ്യൂസിക്കും , വെസ്റ്റേൺ മ്യൂസിക്കും ശാസ്ത്രീയമായി അഭ്യസിച്ചിട്ടുണ്ട്. വെസ്റ്റേൺ മ്യൂസിക്കിൽ ഗ്രേഡ് 8,പിയാനോയിൽ ഗ്രേഡ് 7, കരാട്ടേ ബ്രൗൺ ബെൽറ്റ് തുടങ്ങിയവ ആനി നേടിയിട്ടുണ്ട്. ആനിയുടെ സഹോദരൻ ടോണി അലോഷ്യസ് തുടർച്ചയായി രണ്ടു തവണ യുക്മ കലാപ്രതിഭയായി തിരഞ്ഞെടുത്തിട്ടുള്ള വളർന്നുവരുന്ന യുകെയിലെ മികച്ച യുവ കലാ പ്രതിഭയുമാണ്. തിരുവനന്തപുരം വഴുതക്കാട് സ്വദേശിയും ലോയ്ഡ്സ് ബാങ്കിൽ സോഫ്റ്റ് വെയർ എഞ്ചിനീയറുമായ പിതാവ് അലോഷ്യസ് ഗബ്രിയേൽ, തോംസൺ ഹോളിഡേയ്സിൽ സോഫ്റ്റ് വെയർ എഞ്ചിനീയറായ മാതാവ് ജിജി അലോഷ്യസ്, സഹോദരൻ ടോണി അലോഷ്യന് എന്നിവരോടൊപ്പം ലണ്ടനിലെ ലൂട്ടനിലാണ് താമസിക്കുന്നത്.
ലോക രാജ്യങ്ങൾ കൊറോണ മഹാമാരിയുടെ ഫലമായി അതിജീവനത്തിന്റെ പാതയിലൂടെ കടന്നു പോയ സമയത്ത് രോഗബാധിതരായവർക്ക് വേണ്ടിസ്വന്തം ജീവൻപോലും തൃണവൽഗണിച്ച് കരുതലിന്റെ സ്നേഹസ്പർശമായി ലോകം മുഴുവനിലുമുള്ള ആരോഗ്യ മേഖലകളിൽ ജോലിചെയ്തിരുന്ന ആരോഗ്യ പ്രവർത്തകർക്ക് ആദരവ് അർപ്പിച്ചുകൊണ്ട് യുക്മ സാംസ്കാരിക വേദി സംഘടിപ്പിച്ച ‘Let’s Break It Together’ എന്ന ലൈവ് ടാലൻറ് ഷോയിലും ആനി അലോഷ്യസും സഹോദരൻ ടോണി അലോഷ്യസും പങ്കെടുത്ത് മികവാർന്ന കലാപരിപാടി നടത്തി ലോക മലയാളികളായ സംഗീതസ്വാദകരുടെ പ്രശംസ ഏറ്റുവാങ്ങിയിരുന്നു. വ്യത്യസ്തമായ സംഗീത ഉപകരണങ്ങളിൽ കഴിവ് തെളിയിച്ചിട്ടുള്ള കുട്ടികളായ കലാപ്രതിഭകളെ ഉൾപ്പെടുത്തി നടത്തിയ ലൈവ് ടാലൻറ് ഷോയിൽ ആനി അലോഷ്യസും സഹോദരൻ ടോണി അലോഷ്യസും ചേർന്ന് വിവിധ സംഗീത ഉപകരണങ്ങളിൽ നാദവിസ്മയം തീർത്തു നടത്തിയ കലാവിരുന്ന് വീക്ഷിക്കുവാൻ പതിനായിരക്കണക്കിന് സംഗീതാസ്വാദകരാണ് എത്തിയത്. അടുത്തയിടെ
ആനി ആലപിച്ച് പുറത്തിറക്കിയ മാതൃദീപം എന്ന സംഗീത ആൽബം വളരെയധികം ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു.
ആനി അലോഷ്യസിൻ്റെ വിജയത്തിളക്കത്തെ യുക്മ പ്രസിഡൻ്റ് മനോജ് കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡൻ്റ് എബി സെബാസ്റ്റ്യൻ, ജോയിൻ്റ് സെക്രട്ടറി സലീനാ സജീവ്, യുക്മ ന്യൂസ് ചീഫ് എഡിറ്റർ സുജു ജോസഫ്, ഈസ്റ്റ് ആംഗ്ലിയ റീജിയൻ പ്രസിഡൻ്റ് ബാബു മാങ്കുഴിയിൽ തുടങ്ങിയവർ അനുമോദിച്ചു.
click on malayalam character to switch languages