1 GBP = 107.49
breaking news

ജൂലൈ 19 മുതൽ സാമൂഹിക അകല നിബന്ധനകൾ പിൻവലിക്കും – കോവിഡാനന്തര സ്വാതന്ത്ര്യ പ്രഖ്യാപനവുമായി പ്രധാനമന്ത്രി!

ജൂലൈ 19 മുതൽ സാമൂഹിക അകല നിബന്ധനകൾ പിൻവലിക്കും – കോവിഡാനന്തര സ്വാതന്ത്ര്യ പ്രഖ്യാപനവുമായി പ്രധാനമന്ത്രി!

സുരേന്ദ്രൻ ആരക്കോട്ട്
(യുക്മ ന്യൂസ് എഡിറ്റർ)

കോവിഡ് മഹാമാരിക്ക് ശേഷമുള്ള ഒരു പുതുയുഗത്തിന് നാന്ദ്യം കുറിച്ചുകൊണ്ട് ഇന്ന് വൈകുന്നേര൦ നടത്തിയ പത്ര സമ്മേളനത്തിൽ ‘സാമൂഹ്യ അകലം പാലിക്കൽ നിയമങ്ങൾ, മാസ്ക് നിയമങ്ങൾ, വീട്ടിൽ വച്ച് ഓഫീസ് ജോലി ചെയ്യൽ’ തുടങ്ങിയ നിബന്ധനകൾ ജൂലൈ 19 നു ശേഷം പിൻവലിക്കുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രഖ്യാപിച്ചു.

ദിവസേനയുള്ള കോവിഡ് കേസുകൾ ആഴ്ചയിൽ അഞ്ചാം ദിവസവും ഉയർന്നു 27,000 വരെ ആയിട്ടും ധീരമായ ഈ മാറ്റത്തിന് പച്ചക്കൊടി കാട്ടിയ പ്രധാനമന്ത്രി ഡൗണിങ് സ്ട്രീറ്റിലെ വസതിയിൽ നടത്തിയ പത്രസമ്മേളനത്തിൽ, ഇത് ദിവസേന 50,000 വരെ പോയേക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും പ്രസ്താവിച്ചു. 16 മാസത്തോളമായി പല രൂപത്തിലുള്ള നിയന്ത്രണങ്ങൾക്ക് വിധേയരായ ജനങ്ങളോട് ‘ഇപ്പോഴല്ലെങ്കിൽ ഇനിയൊരിക്കലും ഈ നിയന്ത്രണങ്ങൾ നീക്കാനാവില്ലെന്നും’ അദ്ദേഹം പറയുകയുണ്ടായി.

ജൂലൈ 19 നകം ഈ പകർച്ചവ്യാധി ‘തീർച്ചയായും അവസാനിക്കില്ല’ എന്നും ‘മേലിൽ സർക്കാർ മുകൾ തട്ടിൽ നിന്നുള്ള ഉത്തരവുകൾ പുറപ്പെടുവിക്കില്ലെന്നുള്ള മൂഢ സ്വർഗത്തിൽ അകപ്പെട്ടു പോകരുതെന്നും’ അദ്ദേഹം ഓർമിപ്പിച്ചു.

പകർച്ചവ്യാധിയുടെ അപകടസാധ്യതകളും, തുടർച്ചയായ നിയന്ത്രണങ്ങൾ നീട്ടിക്കൊണ്ടു പോകുന്നതിലുള്ള ബുദ്ധിമുട്ടുകളും താരതമ്യം ചെയ്തതിനുശേഷമാണ് ഇത്തരമൊരു തീരുമാനത്തിൽ എത്തിയതെന്ന് അദ്ദേഹം വിശദീകരിച്ചു.

അണുബാധയും മരണവും തമ്മിലുള്ള ബന്ധം തകർക്കുന്നതിനായി വാക്സിനേഷൻ പ്രോഗ്രാമിൽ നമ്മൾ വളരെയധികം കാര്യങ്ങൾ ചെയ്തുകഴിഞ്ഞ സ്ഥിതിക്ക്, ഇപ്പോൾ നിയന്ത്രണങ്ങൾ ഒഴിവാക്കാനുള്ള സമയം ആഗതമായി എന്ന് തന്നെയാണ് തങ്ങൾ വിശ്വസിക്കുന്നതെന്നു അദ്ദേഹം അവകാശപ്പെട്ടു.

വേനൽക്കാലവും സ്കൂൾ അവധിദിനങ്ങളും വരാറായി. ഈ സമയത്തിന്റെ പ്രയോജനം പരമാവധി ഉപയോഗിച്ച് വൈറസിനെതിരെ പോരാടാനുള്ള അവസരം നഷ്ടപ്പെടുത്താനാവില്ല. ശരത്കാലത്തും ശൈത്യകാലത്തും വൈറസിന് സ്വയം പെരുകാനുള്ള ശേഷി വർധിക്കാൻ സാധ്യതയുണ്ട്.

വീട്ടിൽ നിന്ന് ജോലി ചെയ്യാനുള്ള നിർദേശവും ഒരു മീറ്ററിലധികം സാമൂഹിക അകലം പാലിക്കണമെന്നുള്ള നിർദേശവും പിൻവലിക്കും. മാസ്ക് ധരിക്കാൻ നിര്ബന്ധിക്കില്ല. പബ്ബുകളിലും മറ്റ് വേദികളിലും ഉപഭോക്തൃ വിശദാംശങ്ങൾ ശേഖരിക്കേണ്ടതില്ല. അതേസമയം വീണ്ടും ബാറിൽ പാനീയങ്ങൾ വിതരണം ചെയ്യാൻ അനുവദിക്കും.

ഒത്തുചേരലിനുള്ള പരിധി തുടരുന്നതും ബാറുകളിലും റെസ്റ്റോറന്റുകളിലും ‘കോവിഡ് സർട്ടിഫിക്കറ്റുകൾ’ നിയമപരമായി ആവശ്യമാണെന്ന ആശയവും ഒഴിവാക്കുന്നതായി ജോൺസൻ പറഞ്ഞു. വാക്സിനേഷൻ പുരോഗമിക്കുന്നത് വഴി പൊതുജനങ്ങളെ സംരക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്വം സമഗ്രമായി നടപ്പിലാക്കാൻ കഴിയുമെന്നാണ് പ്രത്യാശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രതിസന്ധി നേരിടുന്ന ഹോസ്പിറ്റാലിറ്റി വ്യവസായവും മറ്റ് മേഖലകളും വാർത്തയെ ഊ ഷ്മളമായി സ്വാഗതം ചെയ്തു.

സ്കൂളുകളിലെ വളരെ വിവാദപരമായ ‘ബബിൾ’ സമ്പ്രദായം പൂർണമായും എടുത്തുമാറ്റുന്നതുമായി ബന്ധപ്പെട്ട തീരുമാനം അടുത്ത ആഴ്ച കൈക്കൊള്ളാനാവുമെന്നു അദ്ദേഹേം പ്രത്യാശിച്ചു.

ജൂലൈ 19 മുതൽ ‘മഞ്ഞ ലിസ്റ്റ്’ രാജ്യങ്ങൾ സന്ദർശിച്ചു തിരിച്ചു വരുന്ന യാത്രക്കാർക്കുള്ള സ്വയം ഒറ്റപ്പെടൽ ആവശ്യകത ഒഴിവാക്കുമെന്ന് പ്രധാനമന്ത്രി സ്ഥിരീകരിച്ചു. ഗതാഗത സെക്രട്ടറി ഗ്രാന്റ് ഷാപ്പ്സ് ഈ ആഴ്ച അവസാനം ഒരു പ്രഖ്യാപനം നടത്തുമെന്ന് പ്രതീക്ഷിക്കുന്നു.

റോഡ്മാപ്പിന്റെ അവസാന ഘട്ടത്തിനുള്ള പദ്ധതി അടുത്ത തിങ്കളാഴ്ച അന്തിമ അംഗീകാരത്തിന് വിധേയമായിരിക്കും, എന്നിരുന്നാലും ഈ ഘട്ടത്തിൽ പ്രധാനമന്ത്രിയുടെ മനസ്സ് മാറ്റാൻ സാധ്യത ഇല്ലെന്നുതന്നെ പറയാം. യുകെയിൽ ഇന്ന് 27,334 കേസുകൾ കൂടി രേഖപ്പെടുത്തി. കഴിഞ്ഞയാഴ്ച ഇതേ ദിവസം ഉണ്ടായിരുന്നതിന്റെ അഞ്ചിലൊന്ന് കേസുകൾ കൂടി എന്നർത്ഥം. അതേസമയം മരണങ്ങൾ ഒൻപത് ആയി ഒതുങ്ങി .

സാഹചര്യം വഷളായാൽ ‘പ്രാദേശിക, ദേശീയ തലത്തിൽ സാമ്പത്തികവും സാമൂഹികവുമായ നിയന്ത്രണങ്ങൾ വീണ്ടും ഏർപ്പെടുത്തുന്നതിനുള്ള സത്വര നടപടികൾ’ ഉണ്ടായേക്കുമെന്നും സർക്കാർ വ്യക്തമാക്കി.

അതേസമയം, നിയമം മാറിയെങ്കിലും മാസ്ക് ധരിക്കുന്നത് ഈ മാസം പൂർണ്ണമായും റദ്ദാക്കുമോ എന്ന കാര്യത്തിൽ സംശയം ഉയർന്നിട്ടുണ്ട്. ട്യൂബിൽ നിയമങ്ങൾ പാലിക്കുമോ എന്ന് പറയാൻ ലണ്ടൻ മേയർ സാദിഖ് ഖാൻ വിസമ്മതിച്ചു. മാഞ്ചസ്റ്റർ മേയർ ആൻഡി ബർൺഹാം ഇക്കാര്യത്തിൽ പുനർവിചിന്തനം നടത്തണമെന്ന് ആവശ്യപ്പെട്ടു. മാസ്കുകൾ ഉപേക്ഷിക്കുന്നത് കടുത്ത അശ്രദ്ധയായിരിക്കുമെന്നു യൂണിയനുകൾ മുന്നറിയിപ്പ് നൽകി.

നിയമത്തിൽ മാറ്റം വരുത്തിയാലും ട്രെയിൻ കമ്പനികൾക്കും ബിസിനസുകൾക്കും മുഖാവരണം ധരിക്കണമെന്ന് ആവശ്യപ്പെടാമെന്നു സർക്കാർ വൃത്തങ്ങൾ അറിയിച്ചു. മുഖാവരണ നിയമങ്ങൾ സ്‌കോട്ട്‌ലൻഡിൽ കൂടുതൽ കാലം തുടർന്നേക്കാമെന്ന് നിക്കോള സ്റ്റർജിയൻ അഭിപ്രായപ്പെട്ടു.

മാസ്ക് ധരിക്കുന്നത് തുടരുമോയെന്ന ചോദ്യത്തിന്, അത് ‘സാഹചര്യങ്ങളെ ആശ്രയിച്ചിരിക്കും’ എന്ന് ജോൺസൺ പറഞ്ഞു – തിരക്കേറിയ ട്യൂബ് ട്രെയിൻ യാത്ര വിജനമായ അർദ്ധരാത്രിയിലെ ട്രെയിൻ സർവീസിൽ നിന്ന് വളരെ വ്യത്യസ്തമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

‘മറ്റുള്ളവർക്ക് അസൗകര്യമായി തോന്നുന്നുണ്ടെങ്കിൽ മാസ്ക് ധരിക്കാൻ തനിക്ക് ഒരു മടിയും ഉണ്ടാവില്ലെന്ന്’ പത്ര സമ്മേളനങ്ങളിൽ പ്രധാനമന്ത്രിയെ സ്ഥിരമായി അനുഗമിക്കാറുള്ള പ്രൊഫസർ ക്രിസ് വിറ്റി പ്രസ്താവിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more