സ്കൂളുകളിൽ വിദ്യാർത്ഥികളുടെ മെച്ചപ്പെട്ട സ്വഭാവരൂപീകരണത്തിനായി മൊബൈൽ ഫോൺ നിരോധിക്കാൻ പദ്ധതി
Jun 30, 2021
സുരേന്ദ്രൻ ആരക്കോട്ട് (യുക്മ ന്യൂസ് എഡിറ്റർ)
ഇംഗ്ലണ്ടിലെ സ്കൂളുകളിൽ അച്ചടക്കം മെച്ചപ്പെടുതുന്നതിന്റെ ഭാഗമായി മൊബൈൽ ഫോൺ നിരോധനവും ശാന്തമായ ക്ലാസ് മുറികൾ സൃഷ്ടിക്കുന്നതിനുള്ള മറ്റ് വഴികളും തേടാൻ സർക്കാർ ശ്രമം ആരംഭിച്ചു.
പലപ്പോഴും മൊബൈൽ ഫോണുകൾ പഠനത്തിൽ നിന്നും ശ്രദ്ധ തിരിക്കുകയും പലവിധമായ അസൗകര്യങ്ങളും സൃഷ്ടിക്കുന്ന സാഹചര്യത്തിൽ, വിദ്യാഭ്യാസ ദിനങ്ങൾ മൊബൈൽ രഹിതമാക്കാൻ ആഗ്രഹിക്കുന്നുവെന്ന് വിദ്യാഭ്യാസ സെക്രട്ടറി ഗാവിൻ വില്യംസൺ പറഞ്ഞു.
നല്ല പെരുമാറ്റം എങ്ങനെ പ്രോത്സാഹിപ്പിക്കാം എന്നതിനെക്കുറിച്ച് അധ്യാപകരുടെയും മാതാപിതാക്കളുടെയും കാഴ്ചപ്പാടുകൾ മനസ്സിലാക്കുന്നതിനായി ഒരു സംവാദം സംഘടിപ്പിക്കാൻ ആലോചിക്കുന്നതായി അറിയുന്നു.
എന്നാൽ മിസ്റ്റർ വില്യംസൺ സ്കൂളിലെ ഫോണുകളിൽ അമിതമായ ജാഗ്രത പുലർത്തുകയെന്നാണ് പല സ്‌കൂളുകളിലെയും ഹെഡ്മാസ്റ്റർമാരുടെ വാദം.
ആറ് ആഴ്ചത്തെ തെളിവുകൾ സമാഹരിക്കാനായുള്ള ആഹ്വാനം ഇംഗ്ലണ്ടിലെ സ്കൂളുകളിലെ പെരുമാറ്റം, അച്ചടക്കം, മൊബൈൽ ഉപയോഗം ഭാഗികമായി മരവിപ്പിക്കൽ, സ്ഥിരമായ ഒഴിവാക്കൽ എന്നിവ സംബന്ധിച്ച സർക്കാർ നടത്തുന്ന അവലോകനത്തിന്റെ ഭാഗമാണ്.
താഴെ തട്ടിലുള്ള സൈബർ ഭീഷണിയോ, പീഠനമോ, വിനാശകരമായ പെരുമാറ്റമോ കണ്ടെത്തുന്നതിനും അത് ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനും കോവിഡ് മഹാമാരി വിഘാതം സൃഷ്ടിച്ചുവോ എന്നുള്ള കാര്യവും പഠന വിദേയമാക്കുന്നുണ്ട്.
സ്കൂളിലെ മൊബൈൽ ഫോണ് ഉപയോഗം സൈബർ ഭീഷണികളുമായും സോഷ്യൽ മീഡിയയിൽ നിന്നും ഓൺലൈൻ വീഡിയോകളിൽ നിന്നുമുള്ള പ്രശ്നങ്ങളുമായും ബന്ധപ്പെട്ടു കിടക്കുന്നു. പല സ്കൂളുകളിലും മൊബൈൽ ഫോണുകൾ എങ്ങിനെ, എപ്പോഴൊക്കെ ഉപയോഗിക്കാ൦ എന്നതിനെക്കുറിച്ചുള്ള നയങ്ങൾ നിലവിലുണ്ട്. മിക്ക സ്കൂളുകളിലും ഇതിനകം തന്നെ മൊബൈൽ ഫോൺ ഉപയോഗത്തിന് നിരോധനവുമുണ്ട്.
സ്കൂളുകളിൽ അശ്ലീലചിത്രങ്ങൾ ഇന്റർനെറ്റിലൂടെ പങ്കുവെക്കുന്നതിൽ മൊബൈൽ ഫോണിനുള്ള പങ്ക് ആശങ്ക ജനിപ്പിക്കുന്നതാണെന്ന കാര്യത്തിൽ തർക്കമില്ല. സ്‌കൂൾ വിദ്യാർത്ഥികൾക്കിടയിൽ ലൈംഗിക അതിക്രമ സംസ്കാരം രൂപപ്പെടുത്തുന്നതിൽ മൊബൈൽ ഫോണുകൾക്ക് കാര്യമായ സ്ഥാനമുണ്ടെന്നത് പൊതുവെ പരസ്യമായ ഒരു രഹസ്യമാണ് താനും.
മോശം അച്ചടക്കവുമായി പൊരുതുന്ന സ്കൂളുകളെ പിന്തുണയ്ക്കാൻ സർക്കാർ തലത്തിൽ 10 മില്യൺ പൗണ്ട് ചെലവ് വരുന്ന ‘സ്രേഷ്ട സ്വഭാവ കേന്ദ്രം’ (ബിഹേവിയർ ഹബ്) രൂപീകരിക്കാൻ വിദ്യാഭാസ വകുപ്പ് നടപടികൾ തുടങ്ങി കഴിഞ്ഞു. അച്ചടക്കത്തിന്റെ കാര്യത്തിൽ മെച്ചപ്പെട്ട റെക്കോർഡ് ഉള്ള 22 സ്കൂളുകളും 2 അക്കാഡമികളും നൽകുന്ന മാർഗ നിർദേശങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും ഇത് പ്രവർത്തിക്കുക.
“മോശം പെരുമാറ്റം നിലവിലുള്ള ഒരു സ്കൂളിലേക്ക് ഒരു രക്ഷിതാവും അവരുടെ കുട്ടിയെ അയയ്ക്കാൻ ആഗ്രഹിക്കുന്നില്ല”, വിദ്യാഭ്യാസ മന്ത്രി വില്യംസൺ പറഞ്ഞു.
“ആവശ്യത്തിന് മാത്രം ഉപയോഗിച്ചാൽ മൊബൈൽ ഫോണുകൾ വിദ്യാർത്ഥികളുടെ ശ്രദ്ധ വ്യതിചലിപ്പിക്കുന്നവയല്ല – മറിച്ച് ദുരുപയോഗം ചെയ്യുമ്പോഴോ അല്ലെങ്കിൽ അമിതമായി ഉപയോഗിക്കുമ്പോഴോ അവ ഒരു വിദ്യാർത്ഥിയുടെ മാനസികാരോഗ്യത്തെയും ക്ഷേമത്തെയും ദോഷകരമായി ബാധിക്കും. സ്കൂൾ പഠന ദിവസത്തെ മൊബൈൽ-രഹിതമാക്കിക്കൊണ്ട് ഈ അവസ്ഥക്ക് ഒരു പരിഹാരം കണ്ടെത്താനാണ് നമ്മൾ ആഗ്രഹിക്കുന്നത്”, വില്യംസൺ കൂട്ടിച്ചേർത്തു.
“പകർച്ചവ്യാധികളിൽ നിന്നുള്ള വെല്ലുവിളികളെ അതിജീവിക്കാനും എല്ലാ ചെറുപ്പക്കാർക്കും അവസരങ്ങൾ ഉയർത്താനും വിദ്യാർത്ഥികളെ സഹായിക്കുന്നതിന്, ശാന്തമായ ക്ലാസ് മുറികളിൽ നിന്ന് അവർക്ക് പ്രയോജനം ലഭിക്കുമെന്ന് നമുക്ക് ഉറപ്പാക്കേണ്ടതുണ്ട്. ഇതുവഴി അവരെ അഭിവൃദ്ധിയുടെ പാതയിൽ എത്തിക്കാൻ നമുക്ക് കഴിഞ്ഞേക്കും”, വില്യംസൺ പറഞ്ഞു.
എന്നാൽ, “സ്‌കൂളുകളിലെ മൊബൈൽ ഫോണുകളുടെ വിഷയത്തിൽ വിദ്യാഭ്യാസ സെക്രട്ടറിക്ക് അമിതമായ താൽപ്പര്യമുണ്ടെന്ന് തോന്നുന്നു” എന്നാണ് സ്‌കൂൾ ലീഡേഴ്‌സ് യൂണിയൻ എ.എസ്.സി.എൽ മേധാവി ജെഫ് ബാർട്ടൻ ഇതിനെക്കുറിച്ച് പരാമർശിച്ചത്.
“വാസ്തവത്തിൽ, ഓരോ സ്കൂളിനും ഇതിനകം തന്നെ മൊബൈൽ ഫോണുകളുടെ ഉപയോഗത്തെക്കുറിച്ച് ശക്തമായ ഒരു നയ൦ പ്രബല്യത്തിൽ ഉണ്ടായിരിക്കും”.
ഫോൺ നയങ്ങൾ സ്കൂളുകളുടെ പ്രവർത്തനപരമായ തീരുമാനമാണെന്നും വെസ്റ്റ്മിൻസ്റ്ററിൽ നിന്ന് മൈക്രോ മാനേജുചെയ്യാൻ കഴിയുന്ന ഒന്നല്ലെന്നും അദ്ദേഹം പറഞ്ഞു.
“മാനസികാരോഗ്യം, ക്ഷേമം, പഠന വിടവുകളെ നേരിടാൻ അധ്യാപകർ എന്തൊക്കെ കാര്യങ്ങൾ ചെയ്യണം എന്നിവയെക്കുറിച്ച് സംസാരിക്കേണ്ടയിടത്തു അച്ചടക്കത്തെക്കുറിച്ചും ക്രമസമാധാനത്തെക്കുറിച്ചുമാണ് സംസ്ഥാന വിദ്യാഭ്യാസ സെക്രട്ടറി സംസാരിക്കുന്നത്”, എന്ന് നാഷണൽ എഡ്യൂക്കേഷൻ യൂണിയൻ നേതാവായ കെവിൻ കോർട്നി ചൂണ്ടിക്കാട്ടി.
യുക്മ ദേശീയ കലാമേള വേദിയിൽ വെച്ച് 2025 ലെ യുക്മ കലണ്ടർ പ്രകാശനം സോജൻ ജോസഫ് എം.പി. നിർവ്വഹിച്ചു….. യുക്മ കലണ്ടർ 2025 സൌജന്യമായി ലഭിക്കുവാൻ വാർത്തയിലെ ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക. /
യുക്മ – ലൈഫ് ലൈൻ പ്രൊട്ടക്ട് ബംപർ ടിക്കറ്റ് നറുക്കെടുപ്പ്; പതിനായിരം പൗണ്ടിൻ്റെ ഭാഗ്യവാൻ റെഡിച്ചിലെ സുജിത്ത് തോമസ്….രണ്ടാം സമ്മാനം ബ്രിസ്റ്റോളിലെ കെവിൻ എബ്രഹാമിന് /
click on malayalam character to switch languages