1 GBP = 106.79
breaking news

ഒസി‌ഐ കാർഡുകൾ പുതുക്കാനുള്ള മാനദണ്ഡങ്ങൾ ഇന്ത്യ ലഘൂകരിക്കുന്നു!

ഒസി‌ഐ കാർഡുകൾ പുതുക്കാനുള്ള മാനദണ്ഡങ്ങൾ ഇന്ത്യ ലഘൂകരിക്കുന്നു!

സുരേന്ദ്രൻ ആരക്കോട്ട്
(യുക്മ ന്യൂസ് എഡിറ്റർ)

ന്യൂഡൽഹി: ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (ഒസിഐ) കാർഡുകൾ പുതുക്കുന്നതിനുള്ള നിയമങ്ങൾ ലഘൂകരിച്ചു കൊണ്ട് സർക്കാർ വ്യാഴാഴ്ച ഉത്തരവിറക്കി.

ഒരാൾ 20 വയസ്സ് വരെയോ 50 വയസ്സ് കഴിഞ്ഞാലോ, ഓരോ തവണയും വിദേശ പാസ്പോര്ട്ട് പുതുക്കുമ്പോൾ ഒസിഐ കാർഡ് പുതുക്കണമെന്നായിരുന്നു നിലവിലെ നിയമം. മുഖത്തിന്റെ രൂപ മാറ്റം പകർത്താനായിരുന്നു ഇങ്ങനെ ഒരു നിയമം കൊണ്ട് വന്നിരുന്നത്. പക്ഷെ സ്ഥിരമായി യാത്ര ചെയ്യുന്നവർക്ക് ഒരുപാട് പ്രയാസങ്ങൾ വരുത്തി വച്ച ഈ നിയമം വ്യാപകമായ വിമർശനങ്ങൾക്ക് ഇട നൽകിയിരുന്നു.

ഈ നിയമമാണ് ഇപ്പോൾ റദ്ധാക്കിയിരിക്കുന്നത്. 20 വയസ് തികയുന്നതിനുമുമ്പ് ഒ‌സി‌ഐ കാർ‌ഡ്‌ഹോൾ‌ഡറായി രജിസ്റ്റർ‌ ചെയ്‌ത ഒരു വ്യക്തിക്ക് 20 വയസ്സ് പൂർത്തിയാക്കിയതിന് ശേഷം ഒരു തവണ മാത്രമേ ഒ‌സി‌ഐ കാർഡ് വീണ്ടും എടുക്കേണ്ടതുള്ളൂ.

20 വയസ്സിന് ശേഷം ഒ‌സി‌ഐ കാർഡുകൾ ലഭിച്ചവർക്ക്, 50 വയസ്സാകുന്നതു വരെ അത് പുതുക്കേണ്ട ആവശ്യമില്ല.

50 വയസ്സ് പിന്നിട്ടവർ ഒരു തവണ ഒ‌സി‌ഐ കാർഡ് പുതുക്കിയാൽ മതിയാകും.

എന്നാൽ, 20 വയസ്സിന് മുൻപും 50 വയസ്സിന് ശേഷവും ഓരോ തവണയും പാസ്പോര്ട്ട് പുതുക്കുമ്പോൾ ഇന്ത്യ ഗവൺമെന്റിന്റെ ഒ‌സി‌ഐ പോർട്ടലിൽ പുതിയ പാസ്സ്പോർട്ടിന്റെ ഫോട്ടോ സഹിതമുള്ള ഒരു പകർപ്പും ഏറ്റവും പുതിയ ഒരു ഫോട്ടോയും അപ്‌ലോഡ് ചെയ്യേണ്ടതാണ്. ആഭ്യന്തരമന്ത്രി അമിത് ഷായുടെ നിർദേശപ്രകാരമാണ് പുതിയ ഒസിഐ കാർഡ് ചട്ടങ്ങൾ നിലവിൽ വന്നത്.

പുതിയ പാസ്‌പോർട്ട് ലഭിച്ച് 3 മാസ൦ വരെ രേഖകൾ ഒസി‌ഐ കാർഡ് ഉടമയ്ക്ക് അപ്‌ലോഡ് ചെയ്യാൻ സാവകാശം ലഭിച്ചേക്കും.

ഒരു ഇന്ത്യൻ പൗരനെ വിവാഹം ചെയ്ത വിദേശ വരനോ വധുവോ ഒ‌സി‌ഐ കാർ‌ഡ് എടുത്തതിനു ശേഷം അവരുടെ വിദേശ പാസ്പോര്ട്ട് പുതുക്കുകയാണെങ്കിൽ ഓരോ തവണയും അവരുടെ പുതിയ പാസ്സ്പോർട്ടിന്റെ ഫോട്ടോ സഹിതമുള്ള ഒരു പകർപ്പും ഏറ്റവും പുതിയ ഒരു ഫോട്ടോയും അപ്‌ലോഡ് ചെയ്യേണ്ടതാണ്. ഇത് കൂടാതെ, അവരുടെ വിവാഹം ഇപ്പോഴും നിലനിൽക്കുന്നു എന്നുള്ളതിനുള്ള ഒരു സത്യവാങ്‌മൂലം കൂടി അപ്‌ലോഡ് ചെയ്യേണ്ടതാണ്. ഈ രേഖകൾ ഒ‌സി‌ഐ കാർ‌ഡ് കൈവശം വയ്ക്കുന്ന വിദേശികൾക്ക് നേരിട്ടോ അല്ലെങ്കിൽ അവരുടെ വിവാഹ പങ്കാളികൾക്കോ പുതിയ പാസ്‌പോർട്ട് ലഭിച്ച് മൂന്ന് മാസത്തിനുള്ളിൽ അപ്‌ലോഡ് ചെയ്യാം.

രേഖകൾ‌ അപ്‌ലോഡുചെയ്യുന്നതിന് മേൽപ്പറഞ്ഞ എല്ലാ സേവനങ്ങളും ഒ‌സി‌ഐ കാർഡ് ഉടമകൾക്ക് സൗജന്യമായി നൽകുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ലഘൂകരിച്ച ഒ‌സി‌ഐ ചട്ടങ്ങളുടെ വിശദാംശങ്ങൾ ഇന്ത്യ ഗവൺമെന്റിന്റെ ഒ‌സി‌ഐ പോർട്ടലിൽ ഉടനെത്തന്നെ പ്രസിദ്ധീകരിക്കുന്നതായിരിക്കും.

രേഖകൾ അപ്‌ലോഡ് ചെയ്തുകഴിഞ്ഞാൽ അപേക്ഷകന് രസീത് ഇ-മെയിൽ വഴി അയച്ചു കൊടുക്കുന്നതാണ്. പുതിയ പാസ്‌പോർട്ട് ലഭിച്ച തീയതി മുതൽ വെബ് അധിഷ്ഠിത സിസ്റ്റത്തിൽ തങ്ങളുടെ രേഖകൾ അന്തിമമായി സ്വീകരിച്ചതായി അറിയിപ്പ് വരുന്ന തീയതി വരെയുള്ള കാലയളവിൽ ഒസിഐ കാർഡ് ഉടമയ്ക്ക് ഇന്ത്യയിലേക്ക് വരുന്നതിനോ ഇന്ത്യയിൽ നിന്നും യാത്ര പോകുന്നതിനോ യാതൊരു വിധ നിയന്ത്രണവും ഉണ്ടായിരിക്കുന്നതല്ല.

ഇന്ത്യൻ വംശജരായ വിദേശികൾക്കിടയിലും, ഇന്ത്യൻ പൗരന്മാരെ വിവാഹം ചെയ്ത വിദേശികൾക്കിടയിലും ഒസിഐ കാർഡ് വളരെ ജനപ്രീതി നേടിയതാണ്. ഇതുവരെ 37.72 ലക്ഷം ഒസിഐ കാർഡുകൾ ഇന്ത്യൻ സർക്കാർ നൽകിയിട്ടുണ്ട്.

മറ്റ് വിദേശികൾക്ക് ലഭ്യമല്ലാത്ത പല പ്രധാന ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്താൻ ഉപകരിക്കുന്നതും
തടസ്സരഹിതമായി ഇന്ത്യയിൽ പ്രവേശിക്കുന്നതിനും പരിധിയില്ലാതെ രാജ്യത്തു താമസത്തിനും സഹായിക്കുന്ന ഒസിഐ കാർഡ് യഥാർത്ഥത്തിൽ ഒരു ജീവിതകാല വിസയാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more