1 GBP = 106.79
breaking news

ബ്രിട്ടീഷ് രാജ്ഞിയുടെ ഭർത്താവ് ഫിലിപ്പ് രാജകുമാരൻ അന്തരിച്ചു

ബ്രിട്ടീഷ് രാജ്ഞിയുടെ ഭർത്താവ് ഫിലിപ്പ് രാജകുമാരൻ അന്തരിച്ചു

സുരേന്ദ്രൻ ആരക്കോട്ട്
(യുക്മ ന്യൂസ് എഡിറ്റർ)

എലിസബത്ത് രാജ്ഞിയുടെ ഭർത്താവ് ഫിലിപ്പ് രാജകുമാരൻ (99) അന്തരിച്ചതായി ബക്കിംഗ്ഹാം കൊട്ടാരം വൃത്തങ്ങൾ അറിയിച്ചു.

എഡിൻബറോ പ്രഭുവായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം ഇന്ന് രാവിലെ വിൻഡ്‌സർ കോട്ടയിൽ സമാധാനപരമായിരുന്നു. ശാരീരിക അവശതകളെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.

‘എണ്ണമറ്റ ചെറുപ്പക്കാരുടെ ജീവിതത്തിന് പ്രചോദനമായിരുന്നു ഫിലിപ്പ് രാജകുമാരൻ’ എന്ന് ഡൗണിങ് സ്ട്രീറ്റിൽ വിളിച്ചു ചേർത്ത വാർത്ത സമ്മേളനത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ അനുസ്മരിച്ചു. “രാജകുടുംബത്തെയും രാജവാഴ്ചയെയും ശരിയായ ദിശയിൽ നയിക്കാൻ അദ്ദേഹം സഹായിച്ചു, അതിനാൽ ഇത് നമ്മുടെ ദേശീയ ജീവിതത്തിന്റെ സന്തുലിതാവസ്ഥയ്ക്കും സന്തോഷത്തിനും അനിഷേധ്യമായി സുപ്രധാനമായ ഒരു സ്ഥാപനമായി ഇപ്പോഴും തുടരുന്നു.”

ഡ്യൂക്കിന്റെ മരണവാർത്ത വളരെ സങ്കടത്തോടെയാണ് അറിഞ്ഞതെന്ന് ജോൺസൺ പറഞ്ഞു.

ബ്രിട്ടനിലും കോമൺ‌വെൽത്തിലും ലോകമെമ്പാടുമുള്ള തലമുറകളുടെ വാത്സല്യം ഫിലിപ്പ് രാജകുമാരൻ നേടി എന്ന് പ്രധാനമന്ത്രി പ്രസ്താവിച്ചു..

ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ച ഡ്യൂക്കിന്റെ പങ്കിന് ആദരാഞ്ജലി അർപ്പിച്ചുകൊണ്ട് പ്രധാനമത്രി രണ്ടാം ലോക മഹായുദ്ധത്തിൽ പോരാടിയ അവസാനത്തെ ആളുകളിൽ ഒരാളായി ഫിലിപ്പ് രാജകുമാരനെ അനുസ്മരിച്ചു.

“ആ പോരാട്ടത്തിൽ നിന്ന്, യുദ്ധാനന്തര കാലഘട്ടത്തിലെ അഭൂതപൂർവമായ മാറ്റങ്ങളിലുടനീളം അദ്ദേഹം പ്രായോഗികമായ ഒരു സേവന നൈതികത സ്വീകരിച്ചു,” ജോൺസൺ പറഞ്ഞു.

1921 ജൂൺ 10ന് ഗ്രീക്ക് ഐലൻഡിലെ കോർഫുവിലാണ് ഫിലിപ്പ് രാജകുമാരന്‍റെ ജനനം. ഹെല്ലനീസ് രാജാവ് ജോർജ് ഒന്നാമന്‍റെ ഇളയ മകനായ പ്രിൻസ് ആൻഡ്രു (ഗ്രീസ്-ഡെൻമാർക്) ആണ് ഫിലിപ്പ് രാജകുമാരന്‍റെ പിതാവ്. ലൂയിസ് മൗണ്ട് ബാറ്റൻ പ്രഭുവിന്‍റെ മകളും വിക്ടോറിയ രാജ്ഞിയുടെ ചെറുമകളുമായ ആലീസ് രാജകുമാരിയാണ് മാതാവ്.

1947ലാണ് എലിസബത്ത് രാജ്ഞിയും നാവികസേന ഉദ്യോഗസ്ഥനായ ഫിലിപ്പ് രാജകുമാരനും തമ്മിലുള്ള വിവാഹം. എലിസബത്ത് രാജ്ഞിയും ഫിലിപ്പ് രാജകുമാരനും 1961, 1983, 1997 വർഷങ്ങളിൽ ഇന്ത്യ സന്ദർശിച്ചിരുന്നു. 2017ൽ ഔദ്യോഗിക ചുമതലകളിൽ നിന്ന് ഫിലിപ്പ് രാജകുമാരൻ വിരമിച്ചു. എലിസബത്ത്-ഫിലിപ്പ് ദമ്പതികൾക്ക് ചാൾസ് രാജകുമാൻ, അന്നാ രാജകുമാരി, ആൻഡ്രു രാജകുമാരൻ, എഡ്വേർഡ് രാജകുമാരൻ എന്നീ നാല് മക്കളും എട്ട് പേരക്കുട്ടികളും 10 പേരക്കുട്ടികളുടെ മക്കളും ഉണ്ട്.

ഫിലിപ്പ് രാജകുമാരന്റെ നിര്യാണത്തിൽ യുക്മ ദേശീയ നേതൃത്വം അനുശോചനം രേഖപ്പെടുത്തി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more