ഇംഗ്ലണ്ടിൽ പുതിയ ദേശീയ ലോക്ക്ഡൌൺ പ്രഖ്യാപിച്ചു – ഫെബ്രുവരി വരെ നീണ്ടുനിന്നേക്കാം!
Jan 05, 2021
സുരേന്ദ്രൻ ആരക്കോട്ട് (ന്യൂസ് എഡിറ്റർ)
ബോറിസ് ജോൺസൺ ഇംഗ്ലണ്ടിനായി ഒരു പുതിയ ദേശീയ ലോക്ക്ഡൌൺ പ്രഖ്യാപിച്ചു. കഴിഞ്ഞ വര്ഷം മാർച്ചിലെ ആദ്യ ലോക്ക്ഡൌൺ സമയത്ത് ചെയ്തതുപോലെ ‘വീട്ടിൽ തന്നെ തുടരാൻ’ ആളുകൾക്ക് നിർദ്ദേശം നൽകി.
പുതിയ കൊറോണ വൈറസ് വകഭേദം കാരണം രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും കോവിഡ് -19 കേസുകൾ അതിവേഗം ഉയരുകയാണെന്ന് വിവരം ലഭിച്ചതിനെത്തുടർന്ന് തിങ്കളാഴ്ച രാത്രി എട്ട് മിനിറ്റ് ടിവി പ്രസംഗത്തിൽ പ്രധാനമന്ത്രി ഭാവി പരിപാടികൾ വെളിപ്പെടുതുകയായിരുന്നു.
നിലവിലെ ടിയർ സമ്പ്രദായത്തെ മാറ്റിസ്ഥാപിക്കുന്ന പുതിയ നിയമങ്ങൾ തിങ്കളാഴ്ച രാത്രി മുതൽ പാലിക്കാൻ പ്രധാനമന്ത്രി പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
മൂന്നാം തവണയാണ് ദേശീയ തലത്തിൽ പൂർണമായ അടച്ചുപൂട്ടൽ നിയന്ത്രണങ്ങൾ അവതരിപ്പിക്കുന്നത്. ഇംഗ്ലണ്ടിലെ പുതിയ ലോക്ക്ഡൌൺ ഫെബ്രുവരി പകുതി വരെ നീണ്ടുനിൽക്കുമെന്നാണ് കരുതപ്പെടുന്നത്.
ഇന്ന് മുതൽ രാജ്യമെമ്പാടുമുള്ള ആളുകൾ വീട്ടിൽ തന്നെ തുടരണം. താഴെ പറയുന്ന കാര്യങ്ങൾക്കുമാത്രം മാത്രം നിബന്ധനകൾക്ക് വിധേയമായി ഇളവുകൾ ഉണ്ടായിരിക്കും:
വീട്ടിൽ നിന്ന് ജോലി ചെയ്യാൻ കഴിയാത്തവർ – നിർമ്മാണ മേഖലയിലുള്ളവരോ അവശ്യ സർവീസ് വിഭാഗത്തിലോ ജോലി ചെയ്യുന്നവർ
ഭക്ഷണ സാധനങ്ങളോ, മരുന്നുകളോ പോലുള്ള ആവശ്യങ്ങൾക്കായി ഷോപ്പിംഗ് നടത്തുന്നതിന്
ദിവസത്തിൽ ഒരിക്കൽ വ്യായാമം ചെയ്യാൻ ആയി അതാതു പ്രദേശങ്ങളിൽ മാത്രം പുറത്തിറങ്ങാൻ (പുറത്തുനിന്നുള്ള ഒരാളുമായി വ്യായാമംചെയ്യാൻ അനുവാദമുണ്ടായിരിക്കും).
രോഗാതുരരായതോ പ്രായാധിക്യമുള്ളതോ ആയ ആളുകൾക്ക് പരിചരണമോ സഹായമോ നൽകുന്നതിന്
മെഡിക്കൽ അപ്പോയിന്റ്മെന്റുകളിൽ പങ്കെടുക്കാനോ വൈദ്യ ശുശ്രൂഷ ലഭിക്കാനോ, കൊറോണ വൈറസ് ടെസ്റ്റിന് വിധേയനാകാനോ അല്ലെങ്കിൽ അക്രമമോ, ജീവന് ഭീഷണിയോ ഉള്ള സന്ദർഭങ്ങളിൽ രക്ഷനേടാനോ ആയി പുറത്തിറങ്ങുന്നത്
എല്ലാ പ്രൈമറി സ്കൂളുകളും സെക്കൻഡറി സ്കൂളുകളും കോളേജുകളും നാളെ മുതൽ ഓൺലൈൻ പഠനത്തിലേക്ക് നീങ്ങും.
എന്നാൽ നഴ്സറികൾക്കും മറ്റു ശിശു പരിപാലന കേന്ദ്രങ്ങൾക്കും തുറന്നു പ്രവർത്തിക്കാൻ അനുവാദമുണ്ട്.
click on malayalam character to switch languages