ബിർമിംഗ്ഹാം: നഗരത്തിൽ കൊറോണ വൈറസ് കേസുകൾ വർദ്ധിച്ചതിനെത്തുടർന്ന് ബർമിംഗ്ഹാമിൽ പുതിയ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വന്നു. വെസ്റ്റ് മിഡ്‌ലാന്റിലെ സാൻഡ്‌വെല്ലിനും സോളിഹളിനും ബാധകമായ പുതിയ നിയമങ്ങൾ ഇംഗ്ലണ്ടിലുടനീളം ആറിലധികം ആളുകളുടെ സാമൂഹിക കൂടിച്ചേരലുകൾ നിയമവിരുദ്ധമായതിന് ഒരു ദിവസത്തിന് ശേഷമാണ് വരുന്നത്.
ബർമിംഗ്ഹാം, സാൻഡ്‌വെൽ, സോളിഹൾ എന്നിവിടങ്ങളിലെ ആളുകൾക്ക് ഒരു പിന്തുണാ ബബിളിലുള്ളവരൊഴികെ വീടിനകത്തോ സ്വകാര്യ ഉദ്യാനങ്ങളിലോ മറ്റു വീടുകളിലെ ആളുകളുമായി കൂടിച്ചേരാനാവില്ല.
കൊറോണ വൈറസ് വ്യാപനം നഗരത്തിൽ രൂക്ഷമായതോടെ അണുബാധയുടെ പ്രാദേശിക നിരക്ക് കുറയ്ക്കുന്നതിനാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതെന്ന് ബർമിംഗ്ഹാം സിറ്റി കൗൺസിൽ വക്താവ് പറഞ്ഞു.
അതേസമയം ബർമിംഗ്ഹാം, സാൻഡ്‌വെൽ, സോളിഹൾ എന്നിവിടങ്ങളിലെ ആളുകൾക്ക് ഇപ്പോഴും ഷോപ്പുകൾ, പബ്ബുകൾ, റെസ്റ്റോറന്റുകൾ എന്നിവ സന്ദർശിക്കാൻ കഴിയും, പാർക്കുകൾ പോലുള്ള പൊതു ഔട്ട്‌ഡോർ സ്ഥലങ്ങളിൽ മറ്റ് വീടുകളിലെ ആളുകളുമായി കൂടിച്ചേരാൻ അനുമതിയുണ്ട്, എന്നാൽ “റൂൾ ഓഫ് സിക്സ്” ഈ ക്രമീകരണങ്ങൾക്ക് ബാധകമാണ്. ആളുകൾ ഈ നടപടി പാലിച്ചില്ലെങ്കിൽ നൂറു പൗണ്ട് മുതൽ 3,200 പൗണ്ട് വരെ പിഴ ഈടാക്കും.
എൻഎച്ച്‌എസ് ഡിജിറ്റൽ ഡാറ്റ പ്രകാരം, സെപ്റ്റംബർ 8 വരെ ഒരു ലക്ഷം ആളുകൾക്ക് 78.2 കേസുകളാണ് ബർമിംഗ്ഹാമിലെ ഏഴ് ദിവസത്തെ കൊറോണ വൈറസ് അണുബാധ. കോവിഡ്-19 രോഗികളുടെ ആശുപത്രി പ്രവേശനം വർദ്ധിച്ചതായും കെയർ ഹോമുകളിൽ കേസുകളുടെ വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്നും ബർമിംഗ്ഹാം സിറ്റി കൗൺസിൽ നേതാവ് ഇയാൻ വാർഡ് പറഞ്ഞു. സാമൂഹിക ഇടപെടലുകൾ, പ്രത്യേകിച്ചും സ്വകാര്യ ഗാർഹിക ഒത്തുചേരലുകൾ, സാമൂഹിക അകലം പാലിക്കാത്ത ജോലിസ്ഥലങ്ങൾ എന്നിവയിലൂടെയാണ് ഈ വ്യാപനം പ്രധാനമായും സംഭവിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
click on malayalam character to switch languages