ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് നിവേദനങ്ങള്‍ സമര്‍പ്പിച്ചുകൊണ്ടുള്ള യുക്മയുടെ നേതൃത്വത്തിലുള്ള ശമ്പളവര്‍ദ്ധനവ് ക്യാമ്പയിന് തുടക്കമായി… കേംബ്രിഡ്ജ്, ക്ളീതോര്‍പ്സ്, വോക്കിങ് എം.പിമാര്‍ നിവേദനങ്ങള്‍ ഏറ്റുവാങ്ങി…..
Aug 26, 2020
സജീഷ് ടോം
(യുക്മ നാഷണല്‍ പി ആര് ഒ & മീഡിയ കോര്‍ഡിനേറ്റര്‍)
നേഴ്സിംഗ് മേഖലയിലെ തൊഴിലാളികളെ പൊതുമേഖലാ ജീവനക്കാര്‍ക്കാരുടെ ശമ്പള വര്‍ദ്ധനയില്‍ നിന്നും പാടെ അവഗണിച്ച ബ്രിട്ടീഷ് സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധവുമായുള്ള യുക്മയുടെ പോരാട്ടങ്ങള്‍ പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണ്. പ്രാദേശിക എം.പിമാര്‍ക്ക് നിവേദനങ്ങള്‍ നല്കുന്ന ക്യാമ്പയിന്റെ ഭാഗമായി കേംബ്രിഡ്ജ്, ക്ളീതോര്‍പ്സ്, വോക്കിങ് എം.പിമാര്‍ക്ക് ഇതിനകം നിവേദനങ്ങള്‍ നല്‍കിക്കഴിഞ്ഞു.
യുക്മ നേഴ്സസ് ഫോറം ലീഗല്‍ അഡ്വൈസറും കേംബ്രിഡ്ജ് സിറ്റി കൗണ്‍സിലറുമായ ബൈജു വര്‍ക്കി തിട്ടാല കേംബ്രിഡ്ജ് എം.പി ഡാനിയേല്‍ സെയ്ച്ചനര്‍ക്ക് നേരിട്ട് നിവേദനം സമര്‍പ്പിച്ചു. ഒന്‍പത് ലക്ഷത്തിലധികം വരുന്ന ഇതര പൊതുമേഖലാ ജീവനക്കാര്‍ക്ക് പുതുക്കിയ വേതനം പ്രഖ്യാപിച്ച ബോറിസ് ജോണ്സന് സര്‍ക്കാര്‍, കോവിഡ് – 19 പോരാട്ടത്തില്‍ സ്വന്തം ജീവന് പോലും അവഗണിച്ച് പോരടിച്ച ഒരു ലക്ഷത്തോളം വരുന്ന നേഴ്സിംഗ് ജീവനക്കാരെ അവഗണിച്ചത് തീര്‍ച്ചയായും പാര്‍ലമെന്റിന്റെ ശ്രദ്ധയില്‍പ്പെടുത്തുവാന്‍ വേണ്ടത് ചെയ്യാമെന്ന് അദ്ദേഹം ഉറപ്പുനല്‍കിയിട്ടുണ്ട്.
യുക്മ നേഴ്സസ് ഫോറം ദേശീയ ജനറല്‍ സെക്രട്ടറി ലീനുമോള്‍ ചാക്കോ സമര്‍പ്പിച്ച നിവേദനം ക്ളീതോര്‍പ്സ് എം പി മാര്ട്ടിന് വിക്കേഴ്സിനുവേണ്ടി സെക്രട്ടറി സ്വീകരിച്ചു. സ്കന്തോര്പ് മലയാളി അസോസിയേഷന് വൈസ് പ്രസിഡന്റ് അമ്പിളി സെബാസ്റ്റ്യനും നിവേദനം സമര്‍പ്പിക്കുവാന്‍ ഒപ്പം ഉണ്ടായിരുന്നു. ഇരുനൂറോളം ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് നിവവേദനങ്ങള്‍ നേരിട്ട് നല്കുവാനുള്ള ശ്രമങ്ങളാണ് യുക്മ ദേശീയ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്നത്.
വോക്കിങില്‍ യുക്മ സ്ഥാപക പ്രസിഡന്റ് വര്‍ഗ്ഗീസ് ജോണിന്റെ നേതൃത്വത്തിലാണ് ജോനാഥന് ലോര്‍ഡ് എംപിയ്ക്ക് നിവേദനം നല്‍കിയത്. സൗത്ത് ഈസ്റ്റ് റീജിയണല്‍ പ്രസിഡന്റ് ആന്റണി എബ്രാഹം ഉള്‍പ്പെടെയുള്ള പ്രതിനിധികള്‍ സന്നിഹിതരായിരുന്ന അവസരത്തില്‍ ലൗലി വര്‍ഗ്ഗീസ് എം.പിയ്ക്ക് നിവേദനം കൈമാറി. ഈ നൂറ്റാണ്ടില്‍ യു കെ യിലേക്ക് കുടിയേറിയ മലയാളി കുടുംബങ്ങളില്‍ തൊണ്ണൂറ് ശതമാനത്തിലേറെപ്പേര്‍ നേഴ്സിംഗ് മേഖലയിലൂടെയാണ് ഇവിടെത്തിയത്. യു കെ പ്രവാസി മലയാളികളുടെ മൊത്തം കുടുംബ വരുമാനത്തെ ഗുരുതരമായവിധം ബാധിക്കുന്നു എന്നതാണ് യുക്മ ഈ വിഷയത്തില്‍ സമരപരിപാടികളുമായി മുന്നിട്ടിറങ്ങുവാന്‍ പ്രധാന കാരണമെന്ന് യുക്മ ദേശീയ നേതാക്കളായ മനോജ്കുമാര്‍ പിള്ള, അലക്സ് വര്‍ഗീസ് എന്നിവര്‍ പറഞ്ഞു.
ഈ വര്‍ഷം പ്രാബല്യത്തില്‍ വരത്തക്കവിധം നേഴ്സിംഗ് മേഖലാ ജീവനക്കാര്‍ക്ക് 12.5 ശതമാനം ശമ്പള വര്‍ദ്ധനവ് അടിയന്തിരമായി നടപ്പിലാക്കുക, ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കുടുംബത്തിനും 2015 മുതല്‍ ഈടാക്കിയ എന്‍ എച്ച് എസ് സര്‍ചാര്‍ജ് തിരികെ നല്‍കുക, പുതുതലമുറ നേഴ്സിംഗ് ജീവനക്കാരുടെ കോവിഡ് പോരാട്ടത്തിന് അംഗീകാരമായി നിലവിലുള്ള വര്‍ക്ക് പെര്‍മിറ്റ്, പി ആര് അല്ലെങ്കില്‍ സിറ്റിസണ്‍ഷിപ്പ് ആയി മാറ്റുക, തൊഴില്‍രംഗത്ത് വിവേചനങ്ങള്‍ ഇല്ലെന്ന് ഉറപ്പ് വരുത്തുക, ഇമിഗ്രന്റ് ആരോഗ്യ പ്രവര്‍ത്തകരെ സന്ദര്‍ശിക്കുന്നതിന് നാട്ടിലുള്ള മാതാപിതാക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും നേരിടേണ്ടുന്ന നടപടിക്രമങ്ങള്‍ ലഘൂകരിക്കുക എന്നീ ആവശ്യങ്ങളാണ് യുക്മ ദേശീയ കമ്മറ്റി പ്രാദേശീക എം പി മാര്‍ക്കുമുന്നില്‍ സമര്‍പ്പിക്കുന്നത്.
വേതന വര്‍ദ്ധനവ് വിഷയത്തില്‍ ഫലപ്രദമായി ഇടപെടുന്നതോടൊപ്പം, പുതുതായി യു കെ യിലെത്തിയ ആയിരക്കണക്കിന് നേഴ്സുമാര്‍ക്ക് കുടുംബത്തെയും മാതാപിതാക്കളെയും യു കെ യില്‍ കൊണ്ടുവരുന്നതിന് സഹായകരമാകും വിധം വിസാ നിയമങ്ങളില്‍ അടിയന്തിരമായി ഇളവ് അനുവദിക്കുന്നതിനുള്ള ശ്രമങ്ങളും യുക്മ ദേശീയ കമ്മറ്റി നടത്തുന്നുണ്ട്. കോവിഡ് പോരാട്ടത്തില്‍ വലിയ പങ്കുവഹിച്ച ഈ വിഭാഗത്തെ മാനുഷീക പരിഗണയോടെ മാനിക്കുംവിധം സര്‍ക്കാര്‍ നിലപാടെടുക്കുമെന്നാണ് വിശ്വസിക്കുന്നതെന്ന് യുക്മ നേഴ്സസ് ഫോറം നേതാക്കളായ സാജന് സത്യന്, സലീന സജീവ്, സിന്ധു ഉണ്ണി തുടങ്ങിയവര്‍ പറഞ്ഞു.
നിരവധി എം.പിമാര്‍ നേരിട്ട് നിവേദനം കൈപ്പറ്റുന്നതിനു പകരം കോവിഡ്-19ന്റെ പശ്ചാത്തലത്തില്‍ ഇ-മെയിലായി സ്വീകരിക്കുന്നുമുണ്ട്. അതത് പാര്‍ലമെന്റ് മണ്ഡലങ്ങളിലെ വോട്ടര്‍മാരായ നഴ്സിങ്/ഹെല്‍ത്ത്/കെയര്‍/സോഷ്യല്‍ വര്‍ക്ക് ജീവനക്കാരായ മലയാളികള്‍ വഴി എം.പിമാരിലേയ്ക്ക് നിവേദനം എത്തിയ്ക്കുന്നതിനാണ് യുക്മയുടെ ശ്രമം. ഇതിനോടകം തന്നെ ഇരുന്നൂറോളം എം.പിമാരിലേയ്ക്ക് നിവേദനം നല്‍കുന്നതിനുള്ള വോളണ്ടിയര്‍മാര്‍ മുന്നോട്ട് വന്നു കഴിഞ്ഞു. യു.കെയിലെ ആകെയുള്ള 650 പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ പകുതിയിലധികം എം.പിമാരിലേയ്ക്കെങ്കിലും നിവേദനം എത്തിയ്ക്കുന്നതിനു വേണ്ടിയുള്ള ഊര്‍ജ്ജിതമായ ശ്രമങ്ങളാണ് നടന്നു വരുന്നതെന്ന് കാമ്പയിന് ഓര്‍ഗനൈസിങ് ചുമതല വഹിക്കുന്ന ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്‍ അറിയിച്ചു.
രാജ്യം ഗുരുതരമായ വെല്ലുവിളികളെ നേരിടുന്ന സാഹചര്യത്തില്‍, ജീവന് പോലും പണയപ്പെടുത്തി പോരാട്ടത്തിനിറങ്ങിയിരിക്കുന്ന നേഴ്സിംഗ് മേഖലയിലെ എല്ലാ ജീവനക്കാര്‍ക്കും നീതി ലഭ്യമാക്കുവാന്‍ യുക്മ തുടങ്ങി വച്ചിരിക്കുന്ന ക്യാമ്പയ്നുകളുമായി പരമാവധി സഹകരിക്കണമെന്ന് യുക്മ ദേശീയ കമ്മറ്റി അഭ്യര്‍ത്ഥിക്കുന്നു. യുക്മ അംഗ അസോസിയേഷനുകള്‍ ഇല്ലാതെയുള്ള സ്ഥലങ്ങളില്‍ ഉള്ളവര്‍ക്കും ഈ ക്യാമ്പയിന്റെ ഭാഗമാകണമെന്ന് താല്പര്യമുള്ളവര്ക്കും മനോജ്കുമാര്‍ പിള്ള (07960357679), അലക്സ് വര്‍ഗ്ഗീസ് (07985641921) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.
യുക്മ ദേശീയ കലാമേള വേദിയിൽ വെച്ച് 2025 ലെ യുക്മ കലണ്ടർ പ്രകാശനം സോജൻ ജോസഫ് എം.പി. നിർവ്വഹിച്ചു….. യുക്മ കലണ്ടർ 2025 സൌജന്യമായി ലഭിക്കുവാൻ വാർത്തയിലെ ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക. /
യുക്മ – ലൈഫ് ലൈൻ പ്രൊട്ടക്ട് ബംപർ ടിക്കറ്റ് നറുക്കെടുപ്പ്; പതിനായിരം പൗണ്ടിൻ്റെ ഭാഗ്യവാൻ റെഡിച്ചിലെ സുജിത്ത് തോമസ്….രണ്ടാം സമ്മാനം ബ്രിസ്റ്റോളിലെ കെവിൻ എബ്രഹാമിന് /
click on malayalam character to switch languages