ചെസ്റ്റർഫീൽഡ്: ബ്രിട്ടനിലെ മലയാളികളെ ദുഃഖാർത്തരാക്കി മലയാളി മരണമടഞ്ഞു. ചെസ്റ്റർഫീൽഡിൽ കോട്ടയം കങ്ങഴ സ്വദേശിയായ സോണി ചാക്കോ(44)യാണ് മരണമടഞ്ഞത്. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് രാവിലെ വീട്ടിലെത്തിയ ഭാര്യ കണ്ടത് വീട്ടിൽ ബെഡിനു സമീപം മരിച്ചു കിടക്കുന്ന സോണിയെയാണ്. മൃതദേഹം ചെസ്റ്റർഫീൽഡ് റോയൽ ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി.
കോട്ടയം മണർകാട് സ്വദേശിയും നഴ്സുമായ ടിന്റുവാണ് ഭാര്യ. മക്കൾ അന്ന(6), ഹെയ്ഡൻ (3). സോണി ചാക്കോയും ഭാര്യ ടിന്റുവും ചെസ്റ്റർഫീൽഡ് മോർട്ടൺ നേഴ്സിംഗ്ഹോമിൽ ആണ് ജോലി ചെയ്യുന്നത്. നേരത്തെ ഇവർ മാഞ്ചസ്റ്ററിലും വിഗണിലും താമസിച്ചിരുന്നു.
പതിവുപോലെ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു ഭാര്യ ടിൻറ്റു വീട്ടിൽ എത്തിയപ്പോൾ ആണ് സോണിയെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. രാവിലെ എട്ടുമണിയോടെ ഷിഫ്റ്റ് തീർന്ന ടിന്റു നടന്നാണ് വീട്ടിൽ സാധാരണ എത്തിച്ചേരുന്നത്. പതിവുപോലെ എട്ടരയോടെ വീട്ടിൽ എത്തിയ ഭാര്യ ടിൻറ്റു കാണുന്നത് ബെഡ്‌ഡിന് താഴെ മരിച്ചു കിടക്കുന്ന ഭർത്താവിനെയാണ്. മക്കൾ മറ്റൊരു മുറിയിൽ ആണ് ഉറങ്ങിയിരുന്നത്.
ടിന്റു പെട്ടെന്ന് തന്നെ എമർജൻസി വിളിച്ചതനുസരിച്ചു പൊലീസും ആംബുലന്‍സും എത്തി പരിശോധിച്ചെങ്കിലും ഇതിനോടകം മരണം സംഭവിച്ചിരുന്നു. ചെസ്റ്റര്‍ഫീല്‍ഡിലെ റോയല്‍ ഹോസ്പിറ്റല്‍ മോര്‍ച്ചറിയിലാണ് മൃതദേഹം ഇപ്പോൾ ഉള്ളത്. പ്രാഥമിക വിവരം അനുസരിച്ചു കാർഡിയാക് അറസ്റ്റ് ആണ് മരണകാരണം എന്ന് അറിയുന്നു.
ഇന്നലെ വൈകീട്ട് ടിന്റു ഡ്യൂട്ടിക്ക് പോകുമ്പോൾ സോണി എനിക്ക് ശർദ്ദിക്കാൻ വരുന്നതുപോലെ തോന്നുന്നു എന്ന് പറഞ്ഞിരുന്നു. ഭർത്താവിന് മറ്റ് രോഗലക്ഷണങ്ങൾ ഒന്നും ഇല്ലാത്തതിനാൽ അത്ര കാര്യമാക്കിയില്ല. ഡയബെറ്റിക് രോഗിയായിരുന്നു എങ്കിലും കാര്യമായ മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഒന്നും ഇല്ലായിരുന്നു.
സോണിയുടെ ആകസ്മിക നിര്യാണത്തിൽ യുക്മ പ്രസിഡന്റ് മനോജ്‌കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡന്റ് എബി സെബാസ്റ്റിയൻ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. പരേതന്റെ വിയോഗത്തിൽ ദു:ഖിതരായിരിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസും പങ്കു ചേരുന്നു.
click on malayalam character to switch languages