സുരേന്ദ്രൻ ആരക്കോട്ട്
(യുക്മ ന്യൂസ് എഡിറ്റർ)
ബ്രെക്‌സിറ്റിനുശേഷം യുകെ ഹോളിഡേ മേക്കർമാർക്കുള്ള യാത്രാ ഇൻഷുറൻസിലും പാസ്‌പോർട്ട് നിയമങ്ങളിലുമുള്ള മാറ്റങ്ങൾ ഈ ആഴ്ച ആരംഭിക്കുന്ന പരസ്യങ്ങളുടെ ഒരു ശ്രേണിയിയിലൂടെ എടുത്തുകാണിക്കാൻ സർക്കാർ ഒരുങ്ങുന്നു.
സർക്കാരിന്റെ ‘യുകെയുടെ പുതിയ തുടക്കം: നമുക്ക് പോകാം’ എന്ന പ്രചാരണത്തിന്റെ ഭാഗമായി ടിവി, റേഡിയോ, ഓൺലൈൻ, അച്ചടി, പരസ്യബോർഡുകൾ എന്നീ മാധ്യമങ്ങളിൽ ഈ ബോധവത്കരണ പരസ്യങ്ങൾ ലഭ്യമാക്കും.
ഡിസംബർ 31 ന് പരിവർത്തന കാലയളവ് അവസാനിക്കുന്നതിനായി എങ്ങനെ തയ്യാറാകാം എന്നതിനെക്കുറിച്ച് യൂറോപ്യൻ യൂണിയനിലെ ബ്രിട്ടീഷുകാർക്കും യുകെയിൽ താമസിക്കുന്ന യൂറോപ്യൻ യൂണിയൻ പൗരന്മാർക്കും യുകെ, യൂറോപ്പ് ബിസിനസുകൾക്കും ഉപദേശം ലഭിക്കും. യുകെ നിവാസികൾക്ക് വാചക സന്ദേശങ്ങളും (എസ്.എം.എസ്) ലഭിക്കുന്നതായിരിക്കും.
പരിവർത്തന കാലത്തിനുശേഷം യൂറോപ്യൻ യൂണിയനുമായുള്ള അതിർത്തി എങ്ങനെ പ്രവർത്തിക്കുമെന്ന് വ്യക്തമാക്കുന്ന ഒരു മാതൃകയും തിങ്കളാഴ്ച സർക്കാർ പ്രസിദ്ധീകരിച്ചു.
ബ്രെക്‌സിറ്റിനു ശേഷമുള്ള വ്യാപാര ക്രമീകരണങ്ങളെക്കുറിച്ച് യുകെയും യൂറോപ്യൻ യൂണിയനും തമ്മിൽ ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ് എന്നിരിക്കിലും, പൗരന്മാരോടും ബിസിനസുകളോടും സർക്കാർ ആവശ്യപ്പെടുന്ന എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്ന് മന്ത്രിമാർ നിർദേശിക്കുന്നു. എന്തൊക്കെ ബദൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയാലും, ഈ വർഷാവസാനം ബ്രിട്ടൺ യൂറോപ്യൻ യൂണിയന്റെ സിംഗിൾ മാർക്കറ്റിന്റെയും നിലവിലെ കസ്റ്റംസ് യൂണിയന്റെയും ഭാഗമായിരുന്നത് അവസാനിക്കും.
2021 ജനുവരി 1 ന് ശേഷം ആളുകൾ സ്വീകരിക്കേണ്ട നടപടികൾ വ്യക്തിഗത സാഹചര്യങ്ങളെ ആശ്രയിച്ച് വ്യത്യാസപ്പെടുമെന്ന് സർക്കാർ പറയുന്നു. പ്രധാന മാറ്റങ്ങളിൽ ചിലത് ചുവടെ ചേർക്കുന്നു:
- യൂറോപ്പിലേക്ക് പോകാൻ ആഗ്രഹിക്കുന്ന ബ്രിട്ടീഷുകാർ അവരുടെ പാസ്‌പോർട്ടുകൾ ഒരു നിശ്ചിത കാലയളവിലേക്ക് സാധുതയുള്ളതാണെന്ന് ഉറപ്പുവരുത്തണം
- യൂറോപ്യൻ ഹെൽത്ത് ചാഡ് (EUHC) അസാധു ആകുന്നതിനാൽ, യാത്രികർക്ക് സമഗ്രമായ യാത്രാ ഇൻഷുറൻസ് ഉണ്ട് എന്ന് ഉറപ്പാക്കണം.
- യാത്രക്കാർ തങ്ങളുടെ മൊബൈൽ ഫോൺ ദാതാവുമായി ബന്ധപ്പെട്ടു മൊബൈൽ ഫോൺ റോമിംഗ് പോളിസി യൂറോപ്പിൽ ബാധകമാണോ എന്ന് പരിശോധിക്കേണ്ടതാണ്.
- വളർത്തുമൃഗങ്ങളുമായി യുകെയിൽ നിന്ന് യൂറോപ്പിലേക്ക് പോകുന്ന ആളുകൾ അവരുടെ യാത്രയ്ക്ക് നാല് മാസം മുമ്പെങ്കിലും ഒരു മൃഗഡോക്ടറെ ബന്ധപ്പെട്ടതായുള്ള ഡോക്യുമെന്റ് കൈയിൽ കരുതണം.
- യൂറോപ്യൻ യൂണിയനിലേക്കോ അവിടെ നിന്നും യുകെയിലേക്കോ കയറ്റുമതി ചെയ്യാനോ ഇറക്കുമതി ചെയ്യാനോ ആസൂത്രണം ചെയ്യുന്ന ബിസിനസുകൾ ബന്ധപ്പെട്ട കസ്റ്റംസ് അതോറിറ്റിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കണം.
ഈ പരസ്യങ്ങളുടെ ഭാഗമായി യാത്രക്കാരുടെ സൗകര്യാർത്ഥം സർക്കാരിന്റെ വെബ്‌സൈറ്റിൽ ഒരു ചെക്കർ ടൂൾ ലഭ്യമാക്കുകയും യാത്ര പോകുന്നതിനുമുമ്പ് അത് ഉപയോഗിക്കാൻ ശുപാർശ ചെയ്യുകയും ചെയ്യും.
click on malayalam character to switch languages