സുരേന്ദ്രൻ ആരക്കോട്ട്
(യുക്മ ന്യൂസ് എഡിറ്റർ)
കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തിൽ, ഈ വർഷം സ്കൂളുകൾ അടക്കുകയും ജിസിഎസ്‌ഇ, എഎസ്, എ-ലെവൽ പരീക്ഷകൾ റദ്ദാക്കുകയും ചെയ്തതിനെത്തുടർന്ന്, ഗ്രേഡുകൾ എങ്ങനെ നിര്ണയിക്കപ്പെടുമെന്നതിനെക്കുറിച്ച് നിരവധി വിദ്യാർത്ഥികളും അവരുടെ മാതാപിതാക്കളും ആശങ്കാകുലരാണ്
കോവിഡ്-19 പകർച്ചവ്യാധി വ്യാപനം മൂലം പരീക്ഷകൾ ഒഴിവാക്കിയിരുന്നില്ലെങ്കിൽ ഓരോ വിദ്യാർത്ഥിക്കും ലഭിക്കുമായിരുന്നുവെന്ന് അവർ വിശ്വസിക്കുന്ന ഫലങ്ങളെ ന്യായമായതും, വസ്തുനിഷ്ഠവും ശ്രദ്ധാപൂർവ്വം പരിഗണിച്ചുകൊണ്ടുമുള്ള വിധിനിർണയത്തെ അടിസ്ഥാനമാക്കി ഇംഗ്ലണ്ടിലെ അധ്യാപകർ വിദ്യാർത്ഥികളെ ഗ്രേഡ് ചെയ്യണമെന്ന് പരീക്ഷാ റെഗുലേറ്റർ ഒഫ്ക്വാൾ ആഹ്വാനം ചെയ്യുന്നു.
ഇക്കാര്യം പല വിദ്യാർത്ഥികളെയും കടുത്ത നിരാശയയിലാക്കിയിരുന്നു. അധ്യാപകരുമായുള്ള മോശം ബന്ധം അവരുടെ അവസാന വർഷത്തെ മാർക്കിനെ വരെ ബാധിക്കുമെന്ന് പലരും ആശങ്കപ്പെടുന്ന ഒരു സാഹചര്യമാണ് നിലവിലുള്ളത്.
എന്നാൽ ഗ്രേഡുകൾ എങ്ങനെ നൽകണം എന്ന കാര്യത്തിൽ ഓഫ്‌ക്വാൾ ഇപ്പോൾ സമഗ്രമായ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു കഴിഞ്ഞു. കൂടാതെ മൂല്യനിര്‍ണ്ണയം കഴിഞ്ഞ എല്ലാ ഗ്രേഡുകളും ഒരു ബാഹ്യ ക്രമീകരണ പ്രക്രിയ (സ്റ്റാൻഡേർഡൈസേഷൻ പ്രോസസ്സ് ) ക്ക് വിധേയമാവുമെന്നറിയുന്നു.
ഈ വർഷം പരീക്ഷ സാധാരണ നിലയിലായിരുന്നെങ്കിൽ ഒരു വിദ്യാർത്ഥി നേടിയെടുക്കുമെന്ന് അവർ വിശ്വസിക്കുന്ന ഗ്രേഡ് നിര്ണയിക്കാനായി അധ്യാപകരോട് ഒഫ്ക്വാൾ നിർദേശിച്ചിരുന്നു.
ഗൃഹപാഠ കര്‍ത്തവ്യങ്ങൾ, മോഡൽ പരീക്ഷകൾ, വിദ്യാർത്ഥിയുടെ പ്രകടനത്തിന്റെ രേഖപ്പെടുത്തിയ മറ്റേതെങ്കിലും ഭാഗങ്ങൾ എന്നിവ കണക്കിലെടുക്കുന്നത് ഇതിൽ ഉൾപ്പെടുന്നു. ക്രമീകരണ പ്രക്രിയയ്ക്കായി കൂടുതൽ വിവരങ്ങൾ നൽകുന്നതിന് ഓരോ ഗ്രേഡിനുള്ളിലും വിദ്യാർത്ഥികളെ റാങ്ക് ചെയ്യാനും അധ്യാപകരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഈ വിലയിരുത്തലുകൾ ജൂൺ 1 മുതൽ പരീക്ഷാ ബോർഡുകളിലേക്ക് അധ്യാപകർ അയച്ചുതുടങ്ങും. അന്തിമ സമയപരിധിക്ക് രണ്ടാഴ്ച മുൻപേ സ്കൂളുകൾക്ക് ഒരു തവണ കൂടി ഓർമ്മപ്പെടുത്തിക്കൊണ്ടുള്ള അറിയിപ്പ് പരീക്ഷ ബോർഡുകൾ നൽകിയേക്കും.
വിദ്യാർത്ഥികളുടെ ഗ്രേഡുകൾ നിർണ്ണയിക്കാൻ സഹായിക്കുന്നതിന് കൂടുതൽ മോക്ക് പരീക്ഷകളോ ഗൃഹപാഠ ജോലികളോ സജ്ജീകരിക്കേണ്ട ആവശ്യമില്ലെന്ന് പരീക്ഷാ റെഗുലേറ്റർ അറിയിക്കുന്നു.
സ്കൂളുകൾ അടച്ചതിനുശേഷം ഏല്പിച്ച ഗൃഹപാഠങ്ങളോ മറ്റു കർത്തവ്യങ്ങളോ പൂർത്തിയാക്കാൻ കഴിയാത്ത ഒരു വിദ്യാർത്ഥിയെയും (ഉദാഹരണത്തിന് അവർക്ക് കമ്പ്യൂട്ടർ ഉപയോഗിക്കാൻ ലഭ്യമല്ലാത്ത സാഹചര്യം ഉണ്ടെങ്കിൽ) പ്രതികൂലമായി ബാധിക്കാത്ത തരത്തിലായിരിക്കണം ഈ മൂല്യ നിർണയമെന്നു ഓഫ്‌ക്വാൾ സ്കൂളുകളുമായും കോളേജുകളുമായും ആശയവിനിമയം നടത്തികൊണ്ട് സൂചന നല്കിയിരിക്കയാണ്.
കൂടാതെ, സ്കൂളുകൾ അടച്ചതിനുശേഷം വിദ്യാർത്ഥി ചെയ്ത കാര്യങ്ങൾ സാധാരണ പ്രകടനത്തേക്കാൾ മികച്ചതോ മോശമോ എന്ന കാര്യത്തിൽ അധ്യാപകരോട് അഭിപ്രായം രേഖപ്പെടുത്താനുംഓഫ്‍ക്വാൾ നിർദേശിച്ചിട്ടുണ്ട്.
ചില വിഷയങ്ങൾക്കായി, വിദ്യാർത്ഥികൾ പരീക്ഷാ ഇതര വിലയിരുത്തലുകൾ അല്ലെങ്കിൽ പാഠ്യ പദ്ധതികൾ പൂർത്തിയാക്കുകയോ ഭാഗികമായി പൂർത്തിയാക്കുകയോ ചെയ്തിട്ടുണ്ടായിരിക്കാം. എന്നാൽ 2020 ലെ ഗ്രേഡിനായി പൂർത്തിയാകാത്ത പരീക്ഷാ ഇതര മൂല്യനിർണ്ണയ ജോലികൾ പൂർത്തിയാക്കാൻ സ്കൂളുകളും കോളേജുകളും വിദ്യാർത്ഥികളോട് ആവശ്യപ്പെടേണ്ടതില്ലെന്ന് ഓഫ്‍ക്വാൾ മാർഗ്ഗനിർദ്ദേശങ്ങൾ പറയുന്നു.
സ്കൂളുകളോടും കോളേജുകളോടും തങ്ങൾ നിർണയിച്ച ഗ്രേഡുകൾക്കായി
തെളിവുകൾ സമർപ്പിക്കാൻ ആവശ്യപ്പെടുമോ? ഇല്ല, എന്നാൽ ഭാവിയിൽ എന്തെങ്കിലും ചോദ്യങ്ങൾ ഉണ്ടായാൽ നേരിടാനായി അവർ രേഖകൾ സൂക്ഷിക്കണം.
വിദ്യാർത്ഥികൾക്ക് കൃത്യമായി റാങ്ക് ലഭിക്കുമോ എന്നതിനെക്കുറിച്ച് മാതാപിതാക്കൾക്കും വിദ്യാർത്ഥികൾക്കും ആശങ്കയുണ്ടോ? വിലയിരുത്തൽ തീരുമാനങ്ങൾ എടുക്കുന്നതിൽ അധ്യാപകർ വളരെയധികം പരിചയസമ്പന്നരാണെന്നും ഉയർന്ന കൃത്യതയോടെ വിദ്യാർത്ഥികളെ ക്രമീകരിക്കാൻ അവർക്ക് കഴിയുമെന്ന് തെളിവുകൾ കാണിക്കുന്നുവെന്നും ഒഫ്ക്വാൾ അതിന്റെ മാർഗ്ഗനിർദ്ദേശങ്ങളിൽ പറയുന്നു.
“സ്കൂളുകളും കോളേജുകളും വിദ്യാർത്ഥിയുടെ പ്രവർത്തനത്തിന്റെ ലഭ്യമായ മുഴുവൻ തെളിവുകളും സ്വീകരിക്കേണ്ടത് സുപ്രധാനമാണ്”, ഓഫ്‍ക്വാൾ കൂട്ടിച്ചേർക്കുന്നു. സ്കൂളുകളും സഹപ്രവർത്തകരും റാങ്ക് ക്രമം ആന്തരികമായി ചർച്ചചെയ്യാൻ തയ്യാറാകുകയും എല്ലാ വിദ്യാർത്ഥികൾക്കും ഒരേ മാനദണ്ഡം ബാധകമാക്കിയെന്ന് സമവായത്തിലെത്തുകയും വേണം.
ഗഗ്രേഡുകൾ സമർപ്പിച്ചുകഴിഞ്ഞാൽ വിവിധ പരീക്ഷാ ബോർഡുകൾ വിധിനിർണയത്തെ ക്രമീകരണ പ്രക്രിയക്കു വിധേയമാക്കും. താഴെപറയുന്ന കാര്യങ്ങൾ കൂടി പരിഗണിച്ചുകൊണ്ടുള്ള ഒരു കമ്പ്യൂട്ടർ മോഡൽ ഉപയോഗിച്ച് ആയിരിയ്ക്കും ഗ്രേഡ് ക്രമീകരണങ്ങൾക്ക് അന്തിമ രൂപം നൽകുന്നത്:
* ആ സ്കൂളിൽ നിന്നോ കോളേജിൽ നിന്നോ ഉള്ള മുമ്പത്തെ ഫലങ്ങൾ
* ആ വർഷത്തെ മൊത്തം വിദ്യാർത്ഥികളുടെ നാളിതുവരെയുള്ള ഗ്രേഡുകൾ
* രാജ്യത്തുടനീളം ആ വർഷത്തെ ഗ്രേഡുകൾ കണക്കിലെടുത്ത് ഈ വിഷയത്തിനായി പ്രതീക്ഷിക്കുന്ന ദേശീയ ഗ്രേഡ്
ഒരു വിദ്യാർത്ഥിയുടെ മുൻ ഗ്രേഡുകൾ അടിസ്ഥാനമാക്കിയല്ല ഗ്രേഡ് ക്രമീകരണ പ്രക്രിയ നടത്തുന്നത് എന്ന് സാരം.
ഒരു വിഷയത്തിലെ ഗ്രേഡിംഗ് വിധിനിർണയം മറ്റു വിഷയങ്ങളേക്കാൾ കഠിനമോ ഉദാരമോ ആണെന്ന് തോന്നുകയാണെങ്കിൽ, പരീക്ഷാ ബോർഡുകൾ തന്നെ ചില വിദ്യാർത്ഥികളുടെയോ അല്ലെങ്കിൽ മുഴുവൻ വിദ്യാർത്ഥികളുടെയോ ഗ്രേഡുകൾ പുനർ ക്രമീകകാരണത്തിന് വിധേയമാക്കിയേക്കാം.
പ്രസ്തുത സ്കൂളോ കോളജോ സമീപകാലത്ത് മെച്ചപ്പെട്ട പുരോഗതി വരുത്തിയോ അതോ കർത്തവ്യ നിർവഹണത്തിൽ പ്രകടമായ മാന്ദ്യ൦ രേഖപ്പെടുത്തിയോ എന്ന കാര്യവും ക്രമീകരണ പ്രക്രിയ കണക്കിലെടുക്കും.
പപുതുതായി യോഗ്യതയുള്ള അധ്യാപകരെ ഗ്രേഡുകൾ നൽകാൻ അനുവദിക്കുമോ എന്ന ചോദ്യത്തിന് അവരുടെ വകുപ്പ് മേധാവിയുടെ അനുവാദത്തോടെ സമ്മതിക്കും എന്നായിരുന്നു ഉത്തരം ലഭിച്ചത്.
ഒരു വിദ്യാർത്ഥി പഠനകാലത്ത് സ്കൂൾ മാറുകയാണെങ്കിൽ മുമ്പത്തെ വിദ്യാഭ്യാസ കേന്ദ്രവുമായി ആശയവിനിമയം നടത്തി വിദ്യാർത്ഥിയുടെ പ്രവർത്തന മികവിനെക്കുറിച്ചുള്ള തെളിവുകൾ ശേഖരിക്കാനും പരിഗണിക്കാനും ഇപ്പോൾ സംവിധാനമുണ്ട്.
ഒരു വിദ്യാർത്ഥി മുമ്പ് ഒരു സ്കൂളിലോ കോളേജിലോ പഠിച്ചിട്ടുണ്ടെങ്കിലും അവിടെ പരീക്ഷകൾക്ക് വിധേയനായിട്ടില്ലെങ്കിൽ (പ്രസ്തുത വിദ്യാർത്ഥിയുടെ പ്രവർത്തന മികവിനെക്കുറിച്ചുള്ള തെളിവുകൾ നിലവിൽ കൈവശം ഉള്ളവർ എന്ന നിലക്ക് ) , ഗ്രേഡും റാങ്ക് ഓർഡറും നിർണയിക്കുന്ന ചുമതല മുൻപ് പഠിച്ച വിദ്യാഭാസ സ്ഥാപനത്തിന്റെ തലവനായിരിക്കും.
വിദ്യാർത്ഥികൾക്ക് അവരുടെ സ്കൂളോ കോളേജോ നൽകിയ ഗ്രേഡ് എന്താണെന്ന് അറിയാൻ സാധിക്കുമോ? അധ്യാപകരുടെ വിധിന്യായങ്ങളുടെ സമഗ്രത സംരക്ഷിക്കുന്നതിനും മറ്റുള്ളവർ അനർഹമായ ഗ്രേഡ് നല്കാൻ അധ്യാപകരേയോ വകുപ്പ് മേധാവികളെയോ സമ്മർദ്ദം ചെലുത്തുന്നത് ഒഴിവാക്കുന്നതിനുമായി ഇത് രഹസ്യമായി വെക്കുമെന്ന് ഓഫ്‍ക്വാൾ പറയുന്നു.
നേരത്തെ ആസൂത്രണം ചെയ്തതുപോലെ, ഓഗസ്റ്റ് 13 ന് എ-ലെവലുകരുടെയും ഓഗസ്റ്റ് 20 ന് ജി.സി.എസ്.സി യുടെയും ഫലങ്ങൾ പ്രഖ്യാപിക്കും.
ശരത്കാല കാലയളവിലോ 2021 വേനൽക്കാലത്തോ വിദ്യാർത്ഥികൾക്ക് വീണ്ടും പരീക്ഷ എഴുതാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.ലഭിച്ചിരിക്കുന്ന ഗ്രേഡുകളിൽ അസന്തുഷ്ടരാണെങ്കിൽ, വിദ്യാർത്ഥികൾക്ക് അപ്പീൽ നൽകാൻ സാധിക്കും. വിദ്യാർത്ഥിക്ക് വേണ്ടി സ്കൂളുകലോ കോളേജുകലോ ആണ് പരീക്ഷ ബോർഡുകളിൽ അപ്പീൽ നൽകേണ്ടത്. റിസൾട്ട് പ്രഖ്യാപിച്ചതിനു ശേഷമുള്ള ശരത്കാലത്തോ തുടർന്ന് വരുന്ന വേനൽക്കാലത്തോ വിദ്യാർത്ഥികൾക്ക് വീണ്ടും പരീക്ഷ എഴുതാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനുള്ള ഫീസ് അതാത് പരീക്ഷാ ബോർഡുകൽ പിന്നീട് സ്ഥിരീകരിക്കുന്നതായിരിക്കും.
click on malayalam character to switch languages