1 GBP = 129.94
breaking news

അഡ്വ. എബി സെബാസ്റ്റ്യൻ്റെ ലോക്ഡൗൺ കാലത്തെ എഴുത്തുകൾ… ”ഇന്ത്യന്‍ കോഫീ ഹൗസ് സ്മരണകള്‍; പെരുമ്പാവൂര്‍ ടു കാലടി (ഡല്‍ഹി വഴി)”

അഡ്വ. എബി സെബാസ്റ്റ്യൻ്റെ  ലോക്ഡൗൺ കാലത്തെ  എഴുത്തുകൾ… ”ഇന്ത്യന്‍ കോഫീ ഹൗസ് സ്മരണകള്‍; പെരുമ്പാവൂര്‍ ടു കാലടി  (ഡല്‍ഹി വഴി)”
യുക്മ ദേശീയ വൈസ് പ്രസിഡൻ്റും കേരളത്തിലെ പഠനകാലത്ത് വിദ്യാർത്ഥി പ്രസ്ഥാനങ്ങളിലൂടെ പൊതു രംഗത്ത് നേതൃനിരയിൽ  പ്രവർത്തിച്ചിരുന്നയാളുമായ അഡ്വ.എബി സെബാസ്റ്റ്യൻ കോവിഡ് 19 രോഗത്തിൻ്റെ പശ്ചാത്തലത്തിലെ ലോക്ഡൗൺ കാലം എങ്ങനെ പ്രയോജനപ്പെടുത്താം എന്ന് കാണിച്ചു തരുന്നു. അദ്ദേഹത്തിൻ്റെ ഇതിനകം സോഷ്യൽ മീഡിയയിലൂടെയുള്ള എഴുത്തുകൾ വായനക്കാർക്ക് പ്രത്യേകമായൊരു ഗൃഹാതുരത്വവും വളർന്ന് വന്ന കാലങ്ങളിലേക്കുള്ള എത്തിനോട്ടവും ആകുന്നു. സുഖകരമായ ഒരു വായനയുടെ ലോകത്തിലൂടെ നമ്മെ കൊണ്ടു പോകുന്ന അഡ്വ.എബി സെബാസ്റ്റ്യൻ്റെ എ കെ ജി രൂപം കൊടുത്ത സഹകരണ പ്രസ്ഥാനമായ ഇൻഡ്യൻ കോഫീ ഹൗസ് വിശേഷങ്ങളും പ്രസ്തുത റെസ്റ്റോറൻ്റിലൂടെ ലഭിക്കുന്ന വിശേഷാൽ വിഭവങ്ങളെക്കുറിച്ചുള്ള വിവരണങ്ങളും…
അഡ്വ.എബി സെബാസ്റ്റ്യൻ്റെ ഫേസ്ബുക്ക് പോസ്റ്റ് താഴെ കൊടുക്കുന്നു..
ഇന്ത്യന്‍ കോഫീ ഹൗസ് സ്മരണകള്‍; പെരുമ്പാവൂര്‍ ടു കാലടി  (ഡല്‍ഹി വഴി) 
കേരളത്തിലെ പൊതുപ്രവര്‍ത്തകര്‍ക്ക് ഇന്ത്യന്‍ കോഫീ ഹൗസുകള്‍ നല്‍കിയിരിക്കുന്ന ഓര്‍മ്മകള്‍,  മനസ്സില്‍ മായാതെ നിറഞ്ഞു നില്‍ക്കുന്നതാണ്. അതില്‍ കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെ കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലതെ വിദ്യാര്‍ത്ഥികള്‍ മുതല്‍ മുതിര്‍ന്ന നേതാക്കള്‍ വരെയുണ്ടാവും. പൊതുപ്രവര്‍ത്തകരെന്ന് മാത്രമല്ല മാധ്യമ പ്രവർത്തകരും മറ്റ് സാമൂഹിക കലാ സാംസ്ക്കാരിക പ്രവര്‍ത്തകരുമെല്ലാം ആശ്രയിക്കുന്ന സ്ഥാപനമാണ് ഇന്ത്യന്‍ കോഫീ ഹൗസുകള്‍. മിതമായ നിരക്കില്‍ ഗുണമേന്മയുള്ള രാജ്യത്തിന്റെ ഏത് ഭാഗത്ത് നിന്നു കഴിച്ചാലും ഒരേ രുചിയിലുള്ള ഭക്ഷണവിഭവങ്ങള്‍  വിളമ്പുന്ന കോഫീ ഹൗസുകളെ ലക്ഷക്കണക്കിന് മറ്റുള്ള ആളുകള്‍ ഇഷ്ടപ്പെടുമ്പോഴും മേല്‍പറഞ്ഞ വിഭാഗങ്ങളെ പരാമര്‍ശിച്ചതിന്  പിന്നില്‍ ഒരു ചെറിയ കാരണമുണ്ട്. കാരണം ഒരു ചായ മാത്രം കുടിച്ച് മണിക്കൂറുകളോളും ചര്‍ച്ചകള്‍ നടത്തിയാലും ഇറക്കി വിടില്ല എന്നുറപ്പുള്ള ഒരേ ഒരു സ്ഥാപനം. പലര്‍ക്കും കോഫീ ഹൗസ് എന്നുള്ളത് ഒരു വികാരമാണ്.
ഓര്‍മ്മകളിലെ ആദ്യ ഇന്ത്യന്‍ കോഫീ ഹൗസ് പെരുമ്പാവൂരിലേതാണ്. അഞ്ചാം ക്ലാസ്സിലൊക്കെ പഠിക്കുന്ന പ്രായമായപ്പോള്‍ തന്നെ ഒറ്റയ്ക്ക് ബന്ധു വീടുകളിലുമൊക്കെ പോകുന്നതിന് അനുവദിക്കാന്‍ തുടങ്ങി. ഒരിയ്ക്കല്‍ എവിടെയെങ്കിലും പോയിട്ടുണ്ടെങ്കില്‍ അങ്ങോട്ട് പോകുന്ന റൂട്ട്, ബസ്സുകള്‍, വഴി ഇതൊക്കെ മനഃപാഠമാണെന്നുള്ളതായിരുന്നു അനുകൂല ഘടകം. ഈ ഉത്സാഹം പഠിക്കുന്ന കാര്യത്തില്‍ കാണാറില്ലല്ലോ എന്ന് ഇടയ്ക്ക് പപ്പാ ഓര്‍മ്മിപ്പിക്കുമായിരുന്നു. ഫെഡറല്‍ ബാങ്കില്‍ ഉദ്യോഗസ്ഥനായിരുന്ന തോമസ് അങ്കിള്‍ പെരുമ്പാവൂരില്‍ പുതിയ വീട് വച്ച് താമസം തുടങ്ങിയത് മുതല്‍ ഇടയ്ക്കൊക്കെ സ്ക്കൂള്‍ അവധിയ്ക്ക് അവിടെ പോയി നില്‍ക്കാന്‍ തുടങ്ങി. നിര്‍മ്മല ആന്റി യൂണിയന്‍ ബാങ്കിലുമാണ് ജോലി ചെയ്യുന്നത്.  കെ.എസ്.ആര്‍.ടി.സി സ്റ്റാന്റില്‍ നിന്നും നടക്കാവുന്ന ദൂരം മാത്രമേ ആ വീട്ടിലേയ്ക്കുള്ളൂ എന്ന കാരണത്താല്‍ കുറവിലങ്ങാട് നിന്നും ഒറ്റ ബസ്സിന് സ്ഥലത്തെത്താം. അവിടെ ചെല്ലുമ്പോള്‍ ഇടയ്ക്ക് വൈകുന്നേരങ്ങളില്‍ ഇന്ത്യന്‍ കോഫീ ഹൗസില്‍ കൊണ്ടു പോകും. വെജിറ്റബിള്‍ കട്ലറ്റ്, നെയ് റോസ്റ്റ് എന്നിവയെ ഇഷ്ട ഭക്ഷണങ്ങളാക്കിയത് പെരുമ്പാവൂരിലെ കോഫീ ഹൗസാണ്. ഇരിങ്ങോള്‍ കാവ് കഴിഞ്ഞാല്‍ കോഫീ ഹൗസാണ് പെരുമ്പാവൂര്‍ ഓര്‍മ്മകളില്‍ ഏറ്റവും രസകരമായിട്ടുള്ളത്.
പെരുമ്പാവൂര്‍ ഇന്ത്യന്‍ കോഫീ ഹൗസിലിരിക്കുന്ന സഖാവ് എ.കെ.ജിയുടെ ഫ്രെയിം ചെയ്ത് വച്ചിരിക്കുന്ന ചിത്രം കാണിച്ച് തന്ന് കോഫീ ഹൗസുകളുടെ ചരിത്രം പറഞ്ഞു തന്നത് തോമസ് അങ്കിളാണ്. ബ്രിട്ടീഷുകാര്‍ ആരംഭിച്ച കോഫീ ഹൗസുകള്‍ സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ ലാഭമല്ലെന്ന കാരണത്താല്‍ ഒന്നൊന്നായി പൂട്ടാന്‍ തുടങ്ങിയെന്നും ആ സമയത്ത് പ്രശ്നത്തില്‍ ഇടപെട്ട എ.കെ.ജി തൊഴിലാളികളെ സംഘടിപ്പിച്ച് സഹകരണ സംഘം തുടങ്ങി ആരംഭിച്ചതാണ് ഇപ്പോഴത്തെ സ്ഥാപനങ്ങളെന്നും അക്കാരണത്താലാണ് എല്ലാ കോഫി ഹൗസുകളിലും അദ്ദേഹത്തിന്റെ ചിത്രമുള്ളതെന്നും വിശദീകരിച്ചു. കോഫീ ഹൗസിലെ ഭിത്തിയിലുള്ള മറ്റ് ചിത്രങ്ങളായ ഗാന്ധിജി, നെഹ്റു, ഇന്ദിരാ ഗാന്ധി എന്നിവയ്ക്കൊന്നും പ്രത്യേകിച്ച് വിശദീകരണം തരേണ്ട കാര്യമില്ലല്ലോ. പക്ഷേ തികഞ്ഞ കോണ്‍ഗ്രസ് അനുഭാവിയായ എനിയ്ക്ക് ആയില്ല്യത്ത് കുറ്റ്യേരി ഗോപാലന്‍ നമ്പ്യാര്‍ എന്ന എ.കെ.ജിയുടെ കഥ അത്ര ആവേശം പകരില്ലല്ലോ.  അങ്കിള്‍ ചെറിയൊരു ഇടതുപക്ഷ അനുഭാവിയാണെന്ന് എനിയ്ക്ക് ബലമായ സംശയം പണ്ടേയുള്ളതാണ്. സോവിയറ്റ് യൂണിയന്‍, സോവിയറ്റ് നാട്, മിഷ, സ്പുട്‌നിക് മാസികകള്‍ വരുത്തുകയും ഞാന്‍ അവിടെ ചെല്ലുമ്പോള്‍ നല്ലതാണെന്നും വായിക്കണമെന്നും പറയാറുണ്ട്. അങ്കിളിന്റെ മകളും എന്റെ സമപ്രായക്കാരിയുമായ ടെസിമോള്‍ (സി. ടെസി ടോം തകിടിയില്‍) പഠിക്കുന്ന പുസ്തകങ്ങള്‍ക്കൊപ്പം പൂമ്പാറ്റ, ബാലരമ, ബാലമംഗളം, അമര്‍ചിത്രകഥകള്‍ തുടങ്ങി അസംഖ്യം കുട്ടികളുടെ ചെറുകഥാ പുസ്തകങ്ങള്‍ക്കൊപ്പം ഈ റഷ്യന്‍ പ്രസിദ്ധീകരണങ്ങളും വായിക്കുവാന്‍ സമയം കണ്ടെത്താറുണ്ട്.  ചെറിയ കുട്ടിയായ മകന്‍  ടെന്നിസണ്‍ അക്കാലത്ത് കളിപ്പാട്ടങ്ങളുടെ ലോകത്തും ഇപ്പോള്‍ അധ്യാപകനായി വേങ്ങൂര്‍ രാജഗിരി കോളോജില്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പവും.  ആലുവ റോഡില്‍ ഗാന്ധി പ്രതിമയ്ക്ക് അടുത്തായി ഉണ്ടായിരുന്ന ഇന്ത്യന്‍ കോഫീ ഹൗസിന്റെ പ്രവര്‍ത്തനം പിന്നീടെപ്പോഴോ പെരുമ്പാവൂരില്‍ അവസാനിപ്പിച്ചു.
ഇന്ത്യന്‍ കോഫീ ഹൗസുകളോടുള്ള ഇഷ്ടം പറയുമ്പോള്‍ അതിന്റെ ചരിത്രവും കുറച്ച് അറിഞ്ഞിരിക്കുന്നത് നല്ലതാണല്ലോ എന്നു കരുതി ഗൂഗിള്‍ വഴി ചെറിയ അന്വേഷണം നടത്തി. പതിനാറാം നൂറ്റാണ്ടില്‍ ഇന്ത്യയില്‍ ആരംഭിച്ച കാപ്പി കൃഷിയ്ക്ക് പതിനെട്ടാം നൂറ്റാണ്ട് ആയതോടെ ബ്രിട്ടീഷ് ഭരണത്തിന് കീഴില്‍ 1780ല്‍  കല്‍ക്കട്ടയിലും 1892ല്‍  മദ്രാസിലും  1809ല്‍ ബാംഗ്ളൂരിലും കോഫീ ഷോപ്പുകള്‍ തുറക്കുന്ന തരത്തിലുള്ള സ്വീകാര്യതയായി. അക്കാലത്ത് വെള്ളക്കാര്‍ക്ക് മാത്രമാണ് കോഫീ ഹൗസുകളില്‍ പ്രവേശനം ഉണ്ടായിരുന്നത്. കാപ്പിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലീകരിക്കാന്‍ 1935ല്‍ ആരംഭിച്ച ‘കോഫീ സെസ് കമ്മിറ്റി’യ്ക്ക് കീഴില്‍ 1936ല്‍ ബോംബ ചര്‍ച്ച് ഗേറ്റിലാണ്  “ഇന്ത്യാ കോഫീ ഹൗസുകള്‍”  ഏന്ന പേരില്‍ നിലവിലുള്ള രീതിയിലെ ചെയിന്‍ റസ്റ്റോറന്റുകള്‍ക്ക് തുടക്കമായത്. വന്‍കിട കാപ്പിത്തോട്ട മുതലാളിമാരുടെ നേതൃത്വത്തില്‍ 1940ല്‍ തുടക്കമിട്ട് 1942ല്‍ ‘ഇന്ത്യന്‍ കോഫീ ബോര്‍ഡ്’ എന്ന പേരിലേയ്ക്ക് മാറിയ സ്ഥപനത്തിന്  കീഴില്‍  1940കളുടെ മധ്യത്തിലായപ്പോഴേയ്ക്കും അമ്പതോളം ഇന്ത്യാ കോഫീ ഹൗസുകള്‍ ബ്രിട്ടീഷ് ഇന്ത്യയിലെ വിവിധ നഗരങ്ങളിലായി സ്ഥാപിക്കപ്പെട്ടു. കോഫീ ബോര്‍ഡിന്റെ ആദ്യ സെക്രട്ടറിയായിരുന്ന ആലുവ കീഴ്മാട് സ്വദേശി എം.ജെ സൈമണാണ് ഇന്നും കോഫീ ഹൗസിലെ ജീവനക്കാര്‍ ഉപയോഗിക്കുന്ന യൂണിഫോം വിഭാവനം ചെയ്തത്. പില്‍ക്കാലത്ത് ബ്രിട്ടീഷ് ഭരണകൂടം ‘റാവു ബഹാദൂര്‍’ സ്ഥാനം നല്‍കി ആദരിച്ച അദ്ദേഹം നിയമനങ്ങളില്‍ നടത്തിയ ഇടപെടലുകളാണ് മലയാളികള്‍ക്ക് കോഫീ ഹൗസ് ജോലികളില്‍ നിര്‍ണ്ണായകമായ ഇടം നല്‍കിയത്.   1950കളുടെ മധ്യത്തില്‍ പ്ലാന്റേഷന്‍ എന്‍ക്വയറി കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോഫീ ബോര്‍ഡും അതിന് കീഴിലുള്ള ഇന്ത്യാ കോഫീ ഹൗസൗകളും അടച്ചുപൂട്ടാന്‍ കോഫീ സെസ് കമ്മിറ്റി തീരുമാനിച്ചു. ആയിരത്തില്പരം തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടമാകുന്ന സാഹചര്യമുണ്ടായി. പ്രശ്നം രൂക്ഷമായതോടെ എ.കെ.ജി ഡല്‍ഹിയിലെത്തി പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിനെ കാണുകയും കോഫീ ഹൗസുകള്‍ നിലച്ചു പോയാലുള്ള ഭവിഷ്യത്തുകള്‍ ബോധ്യപ്പെടുത്തുകയും ചെയ്തു.  വിഷയത്തില്‍ പ്രധാനമന്ത്രി അനുഭാവപൂര്‍വം ഇടപെട്ടതോടെ  കോഫീ ഹൗസുകളുടെ ഉടമസ്ഥാവകാശം തൊഴിലാളികള്‍ക്ക് നല്‍കുന്നതിനുള്ള തീരുമാനമായി. 1957 ഓഗസ്റ്റ് 19ന് ‘ഇന്ത്യന്‍ കോഫീബോര്‍ഡ്‌ വര്‍ക്കേഴ്സ്‌ കോ-ഓപ്പറേറ്റീവ്‌ സോസൈറ്റി’ എന്ന പേരില്‍ തൊഴിലാളികളുടെ ആദ്യ സൊസൈറ്റി ബാംഗ്ലൂരില്‍ രൂപീകരിച്ചു. “ഇന്ത്യന്‍ കോഫീ ഹൗസ്” എന്ന് റീബ്രാന്റ് ചെയ്ത ആദ്യ ശാഖ തുറന്നത് 1957 ഒക്ടോബര്‍ 27ന് ഡെല്‍ഹി കൊണാട്ട് പ്ലേസിലാണ്. കേരളത്തിലെ ആദ്യ ഇന്ത്യന്‍ കോഫീ ഹൗസ് ‌1958 മാര്‍ച്ച്‌ 8-ന് തൃശ്ശൂരില്‍ ആരംഭിച്ചു. 70ല്പരം ശാഖകളുമായി ഇന്ത്യയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന കേരളത്തില്‍ കണ്ണൂര്‍ ആസ്ഥാനമായ സൊസൈറ്റിയുടെ കീഴില്‍  വടക്കന്‍ ജില്ലകളിലെ ശാഖകളും തൃശൂര്‍ ആസ്ഥാനമായ സൊസൈറ്റിയ്ക്ക് കീഴില്‍ തെക്കന്‍ ജില്ലകളിലെ ശാഖകളും പ്രവര്‍ത്തിക്കുന്നു. പതിമൂന്ന് സൊസൈറ്റികള്‍ക്ക് കീഴിലായി ഇന്ത്യയിലൊട്ടാകെ 400ല്പരം ശാഖകളുണ്ടത്രെ.
പെരുമ്പാവൂരില്‍ നിന്നും വരുന്നത് പാലായിലെ കോഫീ ഹൗസിലേയ്ക്കാണ്. ഏഴാം ക്ലാസ്സ് മുതല്‍ പത്ത് പൂര്‍ത്തീകരിക്കുന്നതു വരെ പാലാ സെന്റ് വിന്‍സെന്റില്‍ പഠിച്ച സ്ക്കൂള്‍ കാലഘട്ടത്തില്‍ ഏറ്റവും ഇഷ്ടപ്പെട്ട റസ്റ്റോറന്റുകളായിരുന്നു ഇന്ത്യന്‍ കോഫീ ഹൗസും തൃപ്തി ഐസ്ക്രീം പാർലർ, ടി.ബി റോഡിലെ മില്‍ക്ക് ബാറും. അതില്‍ ഏറ്റവുമധികം കയറിയിട്ടുള്ളത് ളാലം പാലം ജംഗ്ഷന് സമീപമുള്ള കോഫീ ഹൗസിലാണെന്നുള്ളതിന് സംശയമില്ല. ഇതില്‍ കോഫീ ഹൗസാണ് സ്ക്കൂളുമായി ഏറ്റവുമടുത്തുള്ളത്. ഏതെങ്കിലും സാഹചര്യത്തില്‍ ബോര്‍ഡിങില്‍ നിന്നും അനുമതി വാങ്ങി ടൗണില്‍ പോകുവാന്‍ അവസരം ലഭിക്കുന്നവരില്‍ കൂടുതലും തെരഞ്ഞെടുക്കുന്നത് കോഫീ ഹൗസിനെയാണ്. മറ്റൊന്ന് മാസത്തിലൊരിക്കല്‍ വീട്ടില്‍ പോയി മടങ്ങി വരുന്ന പല കൂട്ടുകാരും  മഹാറാണി-യുവറാണി തീയേറ്ററുകളില്‍ നൂണ്‍ഷോയും കഴിഞ്ഞ് തൊട്ടടുത്ത കോഫീ ഹൗസിലും കയറിയാണ് ബോര്‍ഡിങിലേയ്ക്ക് മടങ്ങുന്നത്. മഹാറാണി, മരിയ, ബ്ലൂമൂണ്‍, രാജധാനി എന്നിവയും പാലായിലെ റസ്റ്റൊറന്റ് ഓര്‍മ്മകളില്‍ വരുമെങ്കിലും അതെല്ലാം സ്ക്കൂള്‍ ജീവിതത്തിന് ശേഷമുള്ള കാലഘട്ടത്തിലാണ്. നര്‍മം കലര്‍ന്ന പ്രസംഗങ്ങളിലൂടെ അറിയപ്പെട്ടിരുന്നന്ന ഉഴവൂര്‍ വിജയന്‍ പാലാക്കാര്‍ക്ക് ഇന്ത്യന്‍ കോഫീ ഹൗസിനെപ്പറ്റിയുള്ള അറിവിനെപ്പറ്റി പറഞ്ഞിട്ടുള്ളത് രസകരമാണ്. സ്ഥിരമായി കാപ്പി കുടിയ്ക്കാന്‍ കയറുന്ന ഒരു ചേട്ടന്‍ പാലായിലെ ഇന്ത്യന്‍ കോഫീ ഹൗസില്‍ ചെന്നിട്ട് മാനേജരോട് ചോദിക്കുന്നു.  “നിങ്ങള്‍ക്ക് തിരുവനന്തപുരത്ത്തും റസ്റ്റോറന്‍റ് ഉണ്ട് അല്ലേ?” മനേജര്: ഉണ്ട്, ചേട്ടന്‍: ” ഇച്ചായന്‍ന്‍റെ ഫോട്ടോ അവിടെയും വെച്ചിരിക്കുന്ന കണ്ടിരുന്നു” . എല്ലാ ഇന്ത്യന്‍ കോഫീ ഹൗസിലും വച്ചിരിക്കുന്ന എകെജിയുടെ ഫോട്ടോ കണ്ടിട്ട് എകെജി പരിചയമില്ലാത്ത ആള്‍ ചോദിച്ചതാണിത്.
കുറവിലങ്ങാട് ദേവമാതായിലായിരുന്ന പ്രീഡിഗ്രിക്കാലത്താവണം ഏറ്റവും കുറച്ച് കോഫീ ഹൗസ് അനുഭവങ്ങളുള്ളത്. ഒരു പൊതു തെരഞ്ഞെടുപ്പ് സമയത്ത് ഡ്യൂട്ടിയ്ക്കെത്തിയ തികച്ചും സസ്യഭുക്കായ ഉദ്യോഗസ്ഥന്‍ വെജിറ്റേറിയന്‍ കിച്ചണ്‍ മാത്രം പ്രവര്‍ത്തിക്കുന്ന റസ്റ്റോറന്റുണ്ടെങ്കില്‍ മാത്രമേ ഭക്ഷണം കഴിക്കുകയുള്ളൂ എന്ന കാരണത്താല്‍ ആ ദിവസം ഉപവാസം പോലെ തള്ളിനീക്കിയതായി കേട്ടിട്ടുണ്ട്. ഹോട്ടലുകള്‍ പലതുണ്ടെങ്കിലും ഒരു വെജിറ്റേറിയന്‍ റസ്റ്റോറന്റ് പോലുമില്ലാത്ത നാടാണ് കുറവിലങ്ങാട്. അത്തരം ടേസ്റ്റ് ബഡ്സുമായി നടക്കുന്ന ആളുകള്‍ക്കിടയില്‍ ഇന്ത്യന്‍ കോഫീ ഹൗസ് തുടങ്ങാന്‍  സാധ്യതയില്ലാല്ലോ.
ജീവിതത്തില്‍ ഏറ്റവുമധികം ഓര്‍മ്മകളുള്ള കോഫി ഹൗസ് ഏതാണെന്ന ചോദ്യത്തിനുള്ള ഉത്തരം എറണാകുളം ബോട്ട് ജെട്ടിയ്ക്ക് എതിര്‍വശത്തുള്ള കാനന്‍ഷെഡ് റോഡിലെ ഇന്ത്യന്‍ കോഫീ ഹൗസാണ്. ഗവ. ലോ കോളേജിലെ  “ടീ ടൈം മനോരഞ്ജന്‍” എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന സായാഹ്നങ്ങളില്‍ കാപ്പി കുടിയ്ക്ക് ഏറിയ പങ്കും വേദിയായിട്ടുള്ളത് ഈ കോഫീ ഹൗസാണ്. കോളേജിലെ വിവിധ സംഘങ്ങള്‍ പല മേശയ്ക്ക് ചുറ്റുമിരുന്ന് കാപ്പി കുടിയ്ക്കുന്നത് അവിടുത്തെ പതിവ് ദൃശ്യങ്ങളായിരുന്നു.  കോഫി ഹൗസിലെ ബില്ല് കൊടുത്ത സഹപാഠികൾ, ജൂനിയേഴ്സ് എന്നിവർക്കുള്ള നന്ദി ഈ അവസരത്തിൽ അറിയിക്കുന്നു. ഒറ്റനില കെട്ടിടമായതിനാല്‍ എപ്പോഴും തിരക്കായിരുന്നു ഇവിടെ. 2010ന് ശേഷം പുതുക്കി പണിതപ്പോഴാണ് ഇപ്പോഴത്തെ തരത്തില്‍ മുകളില്‍ ഒരു നില കൂടി ഉണ്ടായത്. ലോ കോളേജില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്യാന്റീന്‍ അക്കാലത്ത് ഇല്ലാതിരുന്നതിനാല്‍ ജെട്ടിയിലെ കോഫീ ഹൗസ്  “ലോ കോളേജിന്റെ ഔദ്യോഗിക ക്യാന്റീന്‍” എന്നായിരുന്നു വെയ്പ്. അതു കൊണ്ട് പുകവലി അനുവദിക്കുന്നത് ഉള്‍പ്പെടെയുള്ള ചില അമിത സ്വാതന്ത്ര്യങ്ങളും അനുവദിക്കപ്പെട്ടിരുന്നു. സ്ത്രീകളുമായി വരുന്നവര്‍ക്കു മാത്രം പ്രവേശനം അനുവദിച്ചിരുന്ന ‘ഫാമിലി റൂമില്‍’ ഞങ്ങളും നല്ല ‘ഫാമിലിയില്‍ ‘ തന്നെ പിറന്നവരാണെന്ന ന്യായവാദം പറഞ്ഞ് കയറി ഇരുന്നിരുന്ന നിയമവിദ്യാര്‍ത്ഥികളുമുണ്ടായിരുന്നു. ഈ കോഫീ ഹൗസിനെപ്പറ്റി രസകരമായ ഒരു സംഭവകഥ​ ലോ കോളേജ് വിദ്യാര്‍ത്ഥികളുമായി ബന്ധപെട്ട് പ്രചാരത്തിലുണ്ട്. അത് 1998ല്‍  ഞങ്ങള്‍ പഠിക്കാന്‍ ചെയ്യുന്നതിനുമൊക്കെ മുന്‍പ് നടന്നിട്ടുള്ളതാണ്. സ്ഥിരമായി ലോ കോളേജ് വിദ്യാര്‍ത്ഥികള്‍ ചായ കുടിച്ച് പണം നല്‍കാതെ ഇറങ്ങിപ്പോരുന്നതിനെപ്പറ്റി കോഫീ ഹൗസ് മാനേജ്മെന്റ് കോളേജിലെത്തി പരാതി പറഞ്ഞു. പ്രശ്നപരിഹാരത്തിനായി കോഫീ ഹൗസിലെത്തിയ വിദ്യാര്‍ത്ഥി നേതാക്കള്‍ ഇനി ഇത് ആവര്‍ത്തിക്കില്ലെന്നും പണം നല്‍കി മാന്യമായി മുന്നോട്ട് പോകുമെന്നും ഉറപ്പ് നല്‍കി. അപ്പോള്‍ കോഫീ ഹൗസ് സ്റ്റാഫിന്റെ ഭാഗത്ത് നിന്നും ചര്‍ച്ചയില്‍ പങ്കെടുത്ത പ്രതിനിധി പറഞ്ഞുവത്രെ. “ഞങ്ങളുടെ ഭാഗത്തു നിന്നും ഇനി മാന്യമായ പെരുമാറ്റമേ ഉണ്ടാവുകയുള്ളൂ. തുപ്പിയ ചായ ലോകോളേജുകാര്‍ക്ക് മേലില്‍ നല്‍കുകയില്ല.” ഇതോടെ സമാധാന ചര്‍ച്ച കൂട്ടയടിയ്ക്ക് വഴിമാറിയത്രെ.
ബോട്ട് ജെട്ടിയ്ക്കടുത്ത ഈ കോഫീ ഹൗസിലാണ് അന്നത്തെ കെ.എസ്.യു പ്രവര്‍ത്തകരായിരുന്ന ഞാനും അംജദ് ബഷീറും മഹാരാജാസ് കോളേജില്‍ അധ്യാപകനായിരുന്ന ഡോ. കെ.എസ് രാധാകൃഷ്ണനെ പരിചയപ്പെടുന്നത്.  അദ്ദേഹത്തെ അന്ന് മഹാരാജാസിലെ എസ്.എഫ്.ഐക്കാര്‍ പരിഹാസപൂര്‍വം കെ.എസ്.യു രാധാകൃഷ്ണന്‍ എന്നാണ് പറയുന്നത്. അദ്ദേഹവുമായുള്ള അടുപ്പം ഹോസ്പിറ്റല്‍ റോഡിലുള്ള സമസ്ത കേരള സാഹിത്യ പരിഷത്ത് ഹാളിലെ മഹാകവി ജി സ്മാരക ഓഡിറ്റോറിയത്തില്‍ അക്കാലത്ത് വൈകുന്നേരങ്ങളില്‍ നടക്കുന്ന സാംസ്ക്കാരിക പരിപാടികളില്‍ പങ്കെടുക്കുന്നതിലേയ്ക്കും  കൊണ്ടെത്തിച്ചു. “ഗാന്ധിജി: നവോത്ഥാന ദാര്‍ശനികന്‍” എന്ന അദ്ദേഹത്തിന്റെ പുസ്തകം വായിച്ചിട്ടുള്ളതില്‍ വച്ച് മഹാത്മാ ഗാന്ധിയെപ്പറ്റി മലയാളത്തിലുള്ള മികച്ച കൃതികളിലൊന്നാണെന്നാണ് കരുതുന്നു. കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ്, കോണ്‍ഗ്രസ് ക്യാമ്പുകളില്‍ അതിമനോഹരമായി ജനാധിപത്യം, ഗാന്ധിയന്‍ ആശയങ്ങള്‍ എന്നീ വിഷയങ്ങളില്‍ ക്ലാസ്സുകള്‍ എടുത്തിട്ടുള്ള അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ കേള്‍ക്കുവാനിടയായിട്ടുണ്ട്. കോണ്‍ഗ്രസ് നേതാക്കളുമായി വളരെ അടുത്ത ബന്ധമുണ്ടായിരുന്ന അദ്ദേഹം പിന്നീട് കാലടി സംസ്കൃത സര്‍വകലാശാല വൈസ് ചാന്‍സിലറും  പി.എസ്.സി ചെയര്‍മാനുമായി. 2019ല്‍  അദ്ദേഹം ബി.ജെ.പിയിലേയ്ക്ക് മാറിയത് വലിയ ഞെട്ടലും വേദനയുമുണ്ടാക്കിയ സംഭവമാണ്.
എറണാകുളത്ത് പഠിക്കുന്ന സമയം സ്റ്റുഡന്റ് കണ്‍സഷനോട് കൂടിയ കോട്ടയം-എറണാകുളം റെയില്‍വേ സീസണ്‍ ടിക്കറ്റായിരുന്നു പൊതുപ്രവര്‍ത്തനത്തിലെ ഒരു പ്രധാന ആയുധം. ഏതെങ്കീലും പരിപാടികളോ നേതാക്കളെ കാണണ്ടതോ ആയ ആവശ്യമുണ്ടെങ്കില്‍ പരശുറാമിന് കോട്ടയം പോരും, മടങ്ങിപ്പോകുന്നത് വഞ്ചിനാടിനാവും. യൂണിവേഴ്സിറ്റിയില്‍ പലവിധ കാര്യങ്ങള്‍ക്കായി പലപ്പോഴും എത്തുന്നതിനിടെ ടൗണിലെത്തി  നേതാക്കന്മാരെ കാണുന്നതും ഒരു ശീലമായിരുന്നു. കോട്ടയത്ത് അഡ്വ. സിബി ചേനപ്പാടിയ്ക്ക് കീഴില്‍  പ്രാക്ടീസ് ആരംഭിച്ചതോ​ടെ ടൗണില്‍ കൂടുതല്‍ സജീവമായി. ഇക്കാലമെല്ലാം ടൗണിലെ രണ്ട് കോഫീ ഹൗസുകളിലും കയറുമായിരുന്നുവെങ്കിലും ശീമാട്ടി റൗണ്ടാനയ്ക്ക് സമീപം വെ.എം.​സി.എ കെട്ടിടത്തിലുള്ളതിനേക്കാള്‍ പ്രിയം കെ.എസ്.ആര്‍.ടിസിയ്ക്കടുത്ത് ടി.ബി റോഡിലുള്ള കുലീനത്വമുള്ള പഴയ വീട് പോലെ അകത്തളങ്ങളുള്ള കോഫീ ഹൗസിനോടായിരുന്നു.
പൊതുപ്രവര്‍ത്തനത്തിന്റെയോ അഭിഭാഷകവൃത്തിയുടേയോ ഭാഗമായിട്ട് 2005 വരെ തിരുവനന്തപുരം പോയപ്പോഴോക്കെ അവിടെയെത്തിയാല്‍ ആദ്യം തന്നെ ഭക്ഷണം കഴിച്ചിരുന്നത് തമ്പാനൂരിലെ ലാറി ബെക്കര്‍ പണിത മനോഹര നിര്‍മ്മിതിയിലുള്ള കോഫീ ഹൗസിലായിരുന്നു. പിരിയന്‍ ഗോവണി പോലെ മുകളിലേയ്ക്ക് പോവുന്ന ആ കെട്ടിടത്തില്‍ കയറുന്നത് മനസ്സിന് നല്‍കുന്ന സന്തോഷവും ചുട്ടുപൊള്ളുന്ന പുറത്തെ ചൂടിലും ആ കെട്ടിടത്തിനുള്ളിലെ കുളിര്‍മ്മയും പറഞ്ഞറിയിക്കാനാവാത്തതാണ്. എം.എല്‍.എ ഹോസ്റ്റലിലെ കോഫീ ഹൗസിലും പലവട്ടം കയറിയിട്ടുണ്ടെങ്കിലും തമ്പാനൂരിലെ കോഫീ ഹൗസിന്റെ ഓര്‍മ്മകള്‍ ഒരിക്കലെങ്കിലും അവിടെ പോയിട്ടുള്ളവരുടെ മനസ്സില്‍ നിന്നും മായില്ല.
2005ലെ ചുരുങ്ങിയ കാലത്തെ ഡല്‍ഹിവാസത്തിനിടെ ഏതാനും തവണ കൊണാട്ട് പ്ലേസിലെ ഇന്ത്യന്‍ കോഫീ ഹൗസിന്റെ പ്രഥമ ഔട്ട്ലെറ്റില്‍ കയറുന്നതിനും അവസരമുണ്ടായിട്ടുണ്ട്. പക്ഷേ തുടക്കമിട്ട കെട്ടിടത്തിലല്ല ഇപ്പോഴത് പ്രവര്‍ത്തിക്കുന്നതെന്ന് മാത്രം. 1957ല്‍ തിയേറ്റര്‍ കമ്മ്യൂണിക്കേഷന്‍ ബില്‍ഡിങ് കെട്ടിടത്തിലാണ് ‘ഇന്ത്യന്‍ കോഫീ ഹൗസ്’ന്റെ പ്രഥമ ഔട്ട്ലറ്റ് ആരംഭിച്ചത്. ഇപ്പോഴത്തെ പാലികാ ബസാര്‍ കാര്‍പാര്‍ക്ക് സ്ഥിതി ചെയ്യുന്ന സ്ഥലത്തായിരുന്നു ആ കെട്ടിടം അടിയന്തരാവസ്ഥക്കാലത്ത് പൊളിച്ചു കളയുകയായിരുന്നുവത്രെ. അതിന് നേരേ എതിര്‍വശത്തുള്ള ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന ബി.എസ് മാര്‍ഗിലെ  മോഹന്‍സിങ് പ്ലേസ് കെട്ടിടത്തിലേയ്ക്ക് മാറ്റി സ്ഥാപിച്ചത്. കൊണാട്ട് പ്ലേസിന്റെ സര്‍ക്കിളിന് പുറത്തായിട്ടാണ് നിലവിലുള്ള ഈ ഔട്ട്ലറ്റ് സ്ഥിതി ചെയ്യുന്നത്. ഈ ഇന്ത്യന്‍ കോഫീ ഹൗസിന് അടുത്തുള്ള സിനിമ തിയേറ്ററിലാണ് ഡല്‍ഹിയില്‍ ആദ്യമായൊരു സിനിമ കണ്ടത്.   വിദ്യാ ബാലന്റെ ബോളിവുഡിലെ അരങ്ങേറ്റം,  സൈഫ് അലി ഖാനും സഞ്ജയ് ദത്തും അഭിനയിച്ച “പരിണീത”.
ഏറ്റവുമൊടുവില്‍ കയറിയ ഇന്ത്യന്‍ കോഫീ ഹൗസാകട്ടെ, എംസി റോഡില്‍ കാലടിയ്ക്ക് സമീപം മറ്റൂര്‍ സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ തവണ നാട്ടില്‍ നിന്നും മടങ്ങിയപ്പോള്‍  രാവിലെ അവിടെ നിന്നും കാപ്പി കുടിച്ച ശേഷമാണ് പോന്നത്. നെടുമ്പാശ്ശേരിയിലേയ്ക്ക് എം.സി റോഡ് വഴി വരുന്നവരുടെ ഒരു കേന്ദ്രമാണിത്. കോഫീ ഹൗസ് ചിത്രങ്ങൾ ഗൂഗിളിൽ നിന്നും എടുത്തപ്പോൾ ഒരെണ്ണം മറ്റൂരിലേതും സംഘടിപിച്ചു.
വര്‍ഷങ്ങളുടെ കോഫീ ഹൗസ് അനുഭവത്തിനിടെ ഏറെ ഇഷ്ടമായത് പൂരി മസാലയാണ്. ചെറുകടിയാണെങ്കില്‍ വെജിറ്റബിള്‍ കട്ലേറ്റും. ഒപ്പം റോസ് മിൽക്കും. കോഫീ ഹൈസിലെ എന്തിലും കാണുന്ന ബീറ്റ്റൂട്ട് സാന്നിധ്യത്തെപ്പറ്റി പണ്ട് അംജദ് ബഷീര്‍ എന്നെ പറഞ്ഞ് വിശ്വസിപ്പിക്കാന്‍ ശ്രമിച്ച ഒരു കഥയുണ്ട്. “എ.കെ.ജി കോഫീ ഹൗസ് രൂപീകരിക്കാന്‍ നേതൃത്വം നല്‍കിയപ്പോള്‍ ഒരു ഡിമാന്റ് മാത്രമേ മുന്നോട്ട് വച്ചുള്ളുവത്രെ. എന്തിനും ഒരു കമ്മ്യൂണിസ്റ്റ് നിറമുണ്ടാവണം. എ.കെ.ജി ഉദ്ദേശിച്ചത് സൊസൈറ്റികളുടെ നിലപാടിനെ ഉദ്ദേശിച്ചായിരിക്കും. പക്ഷേ അത് കേട്ട ആദ്യകാല നടത്തിപ്പുകാരിലൊരാള്‍  മസാലകളില്‍ ബീറ്റ്റൂട്ട് ചേര്‍ക്കാനുള്ള  തീരുമാനമെടുത്തു. കരിങ്ങാലി തിളപ്പിച്ച്  ചുവപ്പന് വെള്ളം തരുന്നു. എന്തിന് പാലിനെ റോസ് മില്‍ക്ക് ആക്കുന്നു. എല്ലാറ്റിന്റേയും കളര്‍ ശ്രദ്ധിച്ചാല്‍ ചുവപ്പിനോടടുത്തതാണ്”. ആരും വിശ്വസിച്ചുപോകുന്ന തരത്തിലുള്ള വിശദീകരണമാണെങ്കിലും കോഫീ ഹൗസുകളിലെ  ഭക്ഷണങ്ങളിലുള്ള  ബീറ്റ്റൂട്ട് ആധിപത്യത്തെപ്പറ്റിയുള്ള യാഥാര്‍ത്ഥ്യം അതല്ല. 1960 കളില്‍ കോഫീ ഹൗസുകളില്‍ മസാലദോശ മെനുവില്‍ സ്ഥാനം പിടിച്ചപ്പോള്‍ അക്കാലത്തെ വെജ് ഹോട്ടലുകളില്‍  സര്‍വ്വസാധാരണമായ ഉരുളക്കിഴങ്ങ്-മഞ്ഞള്‍പ്പൊടി- ഉള്ളി ചേര്‍ത്ത മഞ്ഞ മസാലയ്ക്ക് ബദലായിട്ടാണ്  ബീറ്റ്‌റൂട്ട്-ബീന്‍സ്-ക്യാരറ്റ് ചേര്‍ന്ന  ചുവന്ന മസാല അവതരിപ്പിച്ചത്. പൊതുജനം ഇതിനെ  ഇരുകൈയ്യും നീട്ടി സ്വീകരിച്ചതോടെയാണ് ചുവപ്പന്‍ കളറിലുള്ള മസാല സ്ഥിരമാക്കിയത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more