1 GBP = 129.94
breaking news

കോവിഡ് രോഗികളെ ശുശ്രൂഷിച്ച് രോഗമേറ്റുവാങ്ങി മരണത്തിന് കീഴടങ്ങിയ ഓക്സ്ഫോര്‍ഡിലെ ഫിലോമിന ജോസഫ് ചേച്ചിയുടെ ത്യാഗപൂര്‍ണമായ ജീവിതം ബ്രിട്ടീഷ് മാധ്യമങ്ങളിൽ വാർത്തയാകുന്നു; കൊറോണാക്കെതിരെയുള്ള യുദ്ധത്തിൽ ധീരതയോടെ… അഭിമാനമായി മലയാളി നഴ്സുമാർ…

കോവിഡ് രോഗികളെ ശുശ്രൂഷിച്ച് രോഗമേറ്റുവാങ്ങി മരണത്തിന് കീഴടങ്ങിയ  ഓക്സ്ഫോര്‍ഡിലെ ഫിലോമിന ജോസഫ് ചേച്ചിയുടെ ത്യാഗപൂര്‍ണമായ ജീവിതം ബ്രിട്ടീഷ് മാധ്യമങ്ങളിൽ വാർത്തയാകുന്നു; കൊറോണാക്കെതിരെയുള്ള യുദ്ധത്തിൽ ധീരതയോടെ… അഭിമാനമായി മലയാളി നഴ്സുമാർ…
ഓക്സ്ഫോർഡ് :- കോവിഡ് രോഗികളെ ശുശ്രൂഷിച്ച് രോഗമേറ്റുവാങ്ങി നമ്മിൽ നിന്നും വിട്ടകന്ന ഫിലോമിചേച്ചിയുടെ ത്യാഗത്തിൻ്റെ ജീവിതം ഇംഗ്ലീഷ് മാധ്യമങ്ങളിലും വാർത്തയാകുന്നു.  കോവിഡ്-19 ബാധിച്ച് എന്‍എച്ച്എസിലെ 170-ൽ പരം ആരോഗ്യ പ്രവർത്തകർക്ക് ജീവൻ വെടിയേണ്ടി വന്നെങ്കിലും  ഇക്കഴിഞ്ഞ ദിവസം കൊറോണ ബാധിച്ച് മരിച്ച ഓക്സ്ഫോര്‍ഡ് എന്‍എച്ച്എസ് ട്രസ്റ്റിലെ മലയാളി നഴ്സ് ഫിലോമിന ചേച്ചി അഥവാ ഫിലോമിന ജോസഫിൻ്റെ ത്യാഗപൂര്‍ണമായ ജീവിതമാണ്   ബ്രിട്ടീഷ് മാധ്യമങ്ങള്‍ വാർത്തയാക്കിയത്. ചികിത്സിച്ച് രോഗം വാങ്ങിയ മാലാഖയ്ക്ക് മലയാളി സമൂഹത്തോടൊപ്പം തദ്ദേശീയരും അശ്രുപൂജകൾ അർപ്പിച്ചുകൊണ്ടിരിക്കുകയാണ്.  ധീരതയോടെ കൊറോണക്കെതിരെയുള്ള യുദ്ധത്തിലെ മുന്നണിപ്പോരാളികളായി മലയാളി നഴ്സുമാരും ഡോക്ടർമാരും മറ്റ് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നത് നമുക്കെല്ലാം അഭിമാനമാണ്.
എന്‍എച്ച്എസില്‍ ദീർഘകാലത്തെ  നഴ്സിംഗ് സേവനത്തിന് ശേഷം റിട്ടയര്‍ ചെയ്യന്‍  രണ്ട് വര്‍ഷം മാത്രം ശേഷിക്കവെയായിരുന്നു 63 കാരിയായ ഫിലോമിന ചേച്ചി മേയ് ഒന്നിന് വെളുപ്പിനെ 2.30നാണ് നമ്മിൽ വിട്ടകന്നത്.  ചേച്ചി ജോലി ചെയ്തിരുന്ന ഓക്സ്ഫോര്‍ഡിലെ ജോണ്‍ റാഡ്ക്ലിഫ് ഹോസ്പിറ്റലിലായിരുന്നു കൊറോണ ഇവരുടെ ജീവനെടുത്തത്.  കുട്ടികളുടെ സ്നേഹമയിയായ അമ്മയും, നല്ലൊരു മനുഷ്യ സ്നേഹിയെയുമായിരുന്നു  അകാലത്തില്‍ പൊലിഞ്ഞ് പോയിരിക്കുന്നതെന്നാണ് ഭര്‍ത്താവായ ജോസഫ് ചേട്ടൻ തൻ്റെ ഭാര്യയെ അനുസ്മരിക്കുന്നത്. നഴ്സിംഗ് എന്നത് ഇവരെ സംബന്ധിച്ചിടത്തോളം വെറുമൊരു ജോലി മാത്രമായിരുന്നില്ലെന്നും മറിച്ച് പാഷനും കൂടിയായിരുന്നുവെന്നും ഭര്‍ത്താവ് അനുസ്മരിക്കുന്നു.
ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍സ് (ഒയുഎച്ച്) ഒരു പ്രസ്താവനയിലൂടെ തങ്ങളുടെ നഴ്സിംഗ് കുടുംബത്തിലെ ഏറ്റവും വിലയേറിയ അംഗത്തെയാണ് കൊറോണ രോഗംമൂലം  നഷ്ടമായിരിക്കുന്നുവെന്നാണ് അനുസ്മരിച്ചിരിക്കുന്നത്. സഹപ്രവര്‍ത്തകരോടും രോഗികളോടും സുഹൃത്തുക്കളോടും വളരെ ഹൃദ്യമായി പെരുമാറിയിരുന്ന വ്യക്തിത്വമായിരുന്നു അവരുടേതെന്നും ഒ യു എച്ച് ഓര്‍ക്കുന്നു. അങ്ങേയറ്റം കെയര്‍ ചെയ്യുന്ന സഹപ്രവര്‍ത്തകയും സുഹൃത്തുമായിരുന്നു ഫിലോമിനയെക്കുറിച്ച്  ഒ യു എച്ചിന്റെ ചീഫ് നഴ്സിംഗ് ഓഫീസറായ സാം ഫോസ്റ്റര്‍ പറയുന്നത്.
 ഫിലോമിനയുടെ കുടുംബത്തിനു വേണ്ടി ഓക്സ്ഫോര്‍ഡിലെ മലയാളികള്‍ ഒന്ന്ചേര്‍ന്ന് ഒരു ഫണ്ട് റൈസിംഗ് കാമ്പയിന്‍ നടത്തുന്നുണ്ട്. ഓക്സ്ഫോർഡ് മലയാളികളുടെ അഭ്യർത്ഥന പ്രകാരം യുക്മ എല്ലാ അംഗ അസോസിയേഷനുകൾക്കും സഹായാഭ്യർത്ഥിച്ച് കൊണ്ട് മെയിൽ അയച്ചിട്ടുണ്ട്. 7,181 പൗണ്ടാണ് ഇതുവരെ ശേഖരിച്ചിരിക്കുന്നത്. സഹായിക്കുവാൻ സന്മനസുള്ളവർക്ക് താഴെ കൊടുത്തിരിക്കുന്ന ലിങ്കിലൂടെ പണം അയക്കാം.
ഫിലോമിനയുടെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും സഹപ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ താനും പങ്ക് ചേരുന്നുവെന്നും ഫോസ്റ്റര്‍ പറയുന്നു. ബ്രിട്ടനിലെ ഡെയിലി മെയില്‍ അടക്കമുളള പ്രമുഖ പത്രമാധ്യമങ്ങള്‍ ഫോട്ടോകള്‍ സഹിതം വന്‍ പ്രാധാന്യത്തോടെയാണ് ഫിലോമിന ചേച്ചിയുടെ ത്യാഗപൂര്‍ണമായ ജീവിതം ഫീച്ചര്‍ ചെയ്തിരിക്കുന്നത്. തന്റെ പ്രിയതമയെ അവസാനമായി ഒരു നോക്ക് കാണാന്‍ പോലും സാധിക്കാത്ത ദുഖത്തിലാണ് ജോസഫ് ചേട്ടൻ. ഇദ്ദേഹത്തെയും കോവിഡ് ബാധിച്ചിരുന്നു. മോനിപ്പള്ളി സ്വദേശിയായ ഇല്ലിക്കൽ ജോസഫ് ചേട്ടനും കുടുംബവും ഇപ്പോൾ കുറവിലങ്ങാട് താമസിച്ച് വരുന്നത്.  ഫിലോമിന ചേച്ചിയുടെ സംസ്‌കാരം ഓക്സ്ഫോര്‍ഡില്‍ തന്നെയാണ് നടത്തുന്നത്. തീയ്യതി തീരുമാനിച്ചിട്ടില്ല. ഇവരുടെ മൂന്ന് മക്കളില്‍ ജെറില്‍ ജോസഫ് ഓക്സ്ഫോര്‍ഡില്‍ തന്നെയാണുള്ളത്. ജിം ജോസഫ് യുഎസിലും ജെസി കാനഡയിലുമാണ്, ഉപരിപഠനം നടത്തുന്നു എന്നാണറിയുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more