ആസന്നമായ ബ്രിട്ടീഷ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പ്രമുഖരാഷ്ട്രീയ പാര്‍ട്ടികളെല്ലാം തന്നെ വിവിധ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചു കഴിഞ്ഞു. മലയാളികളില്‍ നിന്നും സ്ഥാനാര്‍ത്ഥിത്വം ലഭിക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന കേംബ്രിഡ്ജ് സിറ്റി കൗണ്‍സിലറും ലേബര്‍ പാര്‍ട്ടി നേതാവുമായ ബൈജു വര്‍ക്കി തിട്ടാലയ്ക്ക് സ്ഥാനാര്‍ത്ഥിത്വം തലനാരിഴയ്ക്ക് നഷ്ടമായി. രണ്ട് പാര്‍ലമെന്റ് മണ്ഡലങ്ങളിലേയ്ക്ക് സജീവപരിഗണനയിലുണ്ടായിരുന്ന തിട്ടാലയ്ക്ക് സ്ഥാനാര്‍ത്ഥം ലഭിക്കുമെന്നുള്ളത് ഏറെ പ്രതീക്ഷയോടെയാണ് യു.കെ മലയാളികള്‍ കണ്ടിരുന്നത്.
ഡിസംബര്‍ 12ന് നടക്കുമെന്ന് കരുതപ്പെടുന്ന ബ്രിട്ടീഷ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഏത് നിമിഷവും പ്രഖ്യാപിക്കപ്പെടുവാനിടയുണ്ട്. ആകെയുള്ള 650 പാര്‍ലമെന്റ് സീറ്റുകളില്‍ ഇത്തവണ ലേബര്‍ പാര്‍ട്ടി അധികാരത്തിലെത്തുന്നതിന് വലിയ സാധ്യതകളുണ്ട്. ലേബര്‍ പാര്‍ട്ടിയില്‍ പാര്‍ലമെന്റ് സ്ഥാനാര്‍ത്ഥിത്വം ലഭിക്കുന്നതിന് വേണ്ടിയുള്ള സ്ക്രീനിങ് ടെസ്റ്റുകളില്‍ അവസാന ഘട്ടം വരെ മുന്നിലുണ്ടായിരുന്നത് തിട്ടാലയുടെ പേരായിരുന്നു. ഈസ്റ്റ് ആംഗ്ലിയയിലെ നോര്‍ത്ത് വെസ്റ്റ് കേംബ്രിഡ്ജ്ഷെയര്‍, വെസ്റ്റ് സഫോക്ക് പാര്‍ലമെന്റ് മണ്ഡലങ്ങളിലാണ് തിട്ടാലയുടെ പേര് ലേബര്‍ പാര്‍ട്ടി പരിഗണിച്ചിരുന്നത്. നിരവധി അപേക്ഷകരില്‍ നിന്നും അവസാനം ലിസ്റ്റ് ചെയ്യപ്പെട്ട മൂന്ന് പേരിലേയ്ക്കെത്തുവാന് സാധിച്ചത് തന്നെ വലിയ നേട്ടമായി കണക്കാക്കപ്പെടുന്നു. വെസ്റ്റ് സഫോക്ക് മണ്ഡലത്തില്‍ രണ്ടാം സ്ഥാനത്തും നോര്‍ത്ത് വെസ്റ്റ് കേംബ്രിഡ്ജ്ഷെയറില്‍ മൂന്നാം സ്ഥാനത്തുമാണ് അന്തിമ ലിസ്റ്റില്‍ ഇടംപിടിയ്ക്കുവാനായത്. എന്നാം ഏതെങ്കിലും സാഹചര്യത്തില്‍ നിലവില്‍ നിശ്ചയിച്ചിരിക്കുന്ന സ്ഥാനാര്‍ത്ഥിയ്ക്ക് മത്സരിക്കുവാനാവാത്ത സാഹചര്യമുണ്ടായാല്‍ രണ്ടാം സ്ഥാനത്തേയ്ക്ക് ലിസ്റ്റ് ചെയ്യപ്പെട്ട ആളെയാവും പാര്‍ട്ടി പരിഗണിക്കുന്നത്.
തിട്ടാലയെ പരിഗണിച്ച രണ്ട് സീറ്റും കണ്‍സര്‍വേറ്റീവ് കുത്തക മണ്ഡലങ്ങളായിട്ടാണ് കണക്കാക്കപ്പെടുന്നതെങ്കിലും കുടിയേറ്റ മലയാളികള്‍ക്കിടയില്‍ നിന്നും ലേബര്‍ പാര്‍ട്ടിയില്‍ ലഭിക്കുന്ന സ്ഥാനാര്‍ത്ഥിത്വം മലയാളി സമൂഹത്തിന് തന്നെ ബ്രിട്ടണിലെ രാഷ്ട്രീയ നേതൃരംഗത്തേയ്ക്കുള്ള മറ്റൊരു കുതിച്ചുകയറ്റമായി മാറുമായിരുന്നു. ഡല്‍ഹിയില്‍ നാനാതരം തൊഴില്‍ ജീവിതങ്ങള്‍ നയിച്ച കോട്ടയം ആര്‍പ്പൂക്കര സ്വദേശിയായ ബൈജു വര്‍ക്കി തിട്ടാല കേബ്രിഡ്ജ്ഷയറിലെ , കേംബ്രിഡ്ജ് സിറ്റി കൗണ്‍സിലില്‍ , ലേബര്‍ പാര്‍ട്ടി ടിക്കറ്റില്‍ മത്സരിച്ചു വിജയിച്ചത് ചരിത്രനഗരമായ കേംബ്രിഡ്ജിലെ ആദ്യ ഏഷ്യന്‍ കൗണ്‍സിലര്‍ എന്ന ചരിത്രനേട്ടത്തോടെയാണ്.
ബ്രിട്ടനില്‍ വന്ന ശേഷം വളരെ ബുദ്ധിമുട്ടി തൊഴിലും പഠനവും ഒരുമിച്ച് നടത്തി വക്കീല്‍ ആകുക എന്ന തന്റെ ആഗ്രഹം പൂര്‍ത്തീകരിച്ച സാമൂഹ്യ പ്രവര്‍ത്തനാണ് ഇദ്ദേഹം. യു.കെയില്‍ വന്ന ശേഷം ആംഗ്ലിയ യൂണി:യില്‍ നിന്ന് നിയമത്തില്‍ ബിരുദവും , യൂണിവേഴ്സിറ്റി ഓഫ് ഈസ്റ് ആംഗ്ലിയ , നോര്‍വിച്ചില്‍ നിന്നും എംപ്ലോയ്മെന്റ് നിയമത്തില്‍ മാസ്റ്റര്‍ ബിരുദവും കരസ്ഥമാക്കിയ ശേഷം ‘ക്രിമിനല്‍ ഡിഫന്‍സ് ലോയറാ’യി പ്രാക്ടീസ് ചെയ്യുന്ന ബൈജു വര്‍ക്കി സോളിസിറ്റര്‍ പദവി നേടിയത് അടുത്തയിടയ്ക്കാണ്.
കേംബ്രിഡ്ജിലെയടക്കം, ബ്രിട്ടനിലെ പല നിയമ ലംഘനനങ്ങള്ക്കെതിരെയും എന്നും സാമൂഹ്യമായി ഇടപെടലുകള്‍ നടത്തുന്ന ഇദ്ദേഹം ചുരുങ്ങിയ കാലംകൊണ്ട് ലേബര്‍ പാര്‍ട്ടിയില്‍ ശ്രദ്ധേയനായി മാറി. കേംബ്രിഡ്ജ് സിറ്റികൗണ്‍സിലിലെ ‘ഈസ്ററ് ചെസ്റ്റണ്‍ ‘ വാര്‍ഡില്‍ നിന്നുമാണ് കൗണ്‍സിലറായി വിജയിച്ചത്. കൗണ്‍സിലര്‍ എന്ന നിലയിലുള്ള മികവുറ്റ പ്രവര്‍ത്തനമാണ് ആദ്യത്തെ മലയാളി പാര്‍ലമെന്റ് സ്ഥാനാര്‍ത്ഥിയായി ലേബര്‍ പാര്‍ട്ടി ബൈജു വര്‍ക്കി തിട്ടാലയുടെ പേര് പരിഗണിയ്ക്കുന്നതിന് ഇടയാക്കിയത്.
click on malayalam character to switch languages