യുക്മ ന്യൂസ് ടീം.
ന്യൂഡൽഹി : മുൻ ഇന്ത്യൻ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് (67) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് വൈകിട്ടോടെ ഡൽഹിയിലെ എയിംസ് ആശുപതിയിൽ ആയിരുന്നു അന്ത്യം.കാശ്മീർ തിരുമാനങ്ങളുടെ പേരിൽ പ്രധാന മന്ത്രിക്കു നന്ദി അറിയിക്കുന്ന ട്വിറ്റിലെ വാചകങ്ങളാണ് അറം പറ്റിയത്. നന്ദി പ്രധാനമന്ത്രീ.. ഈ ദിനത്തിനു വേണ്ടി ഞാനെന്റെ ജീവിതം മുഴുവൻ കാത്തിരിക്കുകയായിരുന്നു എന്നായിരുന്നു സുഷമ സ്വരാജിന്റെ അവസാനത്തെ ട്വീറ്റ്.
ഹരിയാനയിലെ പാൽവാൽ എന്ന സ്ഥലത്ത് 1953 ൽ ജനിച്ച സുഷമ 1970 ൽ അഖില ഭാരത വിദ്യാർത്ഥി പരിഷത്തിലൂടെയാണ് രാഷ്ട്രീയത്തിലെത്തുന്നത് . അറിയപ്പെടുന്ന പ്രാസംഗികയായ സുഷമ ഡൽഹിയിലെ ആദ്യ വനിത മുഖ്യമന്ത്രി എന്ന ബഹുമതിയ്ക്ക് അർഹയാണ് .
വിദ്യാർത്ഥി രാഷ്ട്രീയത്തിൽ നിന്നും, ദേശീയ രാഷ്ട്രീയത്തിലേക്ക് ഉയർന്ന സുഷമ 1975 ലെ അടിയന്തരാവസ്ഥക്കെതിരേ ശക്തമായ പ്രചാരണം നടത്തി. 1977 മുതൽ 1982 വരേയും, 1987 മുതൽ 90 വരേയും ഹരിയാന നിയമസഭയിൽ അംഗമായിരുന്നു. ഇരുപത്തിയഞ്ചാം വയസിൽ ഹരിയാന നിയമസഭാ അംഗമാകുകയും ദേവിലാലിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയിൽ തൊഴിൽ മന്ത്രിയായി ചുമതലയേൽക്കുകയും ചെയ്തു .
വളരെ ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ അവരുടെ നേതൃത്വപാടവം, ബി.ജെ.പിയുടെ സംസ്ഥാന പ്രസിഡന്റ് എന്ന സ്ഥാനത്തേക്ക് സുഷമയെ ഉയർത്തി. പ്രവാസികൾക്കായി ചെയ്ത സേവനങ്ങളും, പാക്കിസ്ഥാനും, അഫ്ഗാനിസ്ഥാൻ അടക്കമുള്ള അയൽ രാജ്യങ്ങളിൽ പോലുമുള്ളവർക്ക് ഇന്ത്യയിൽ ചികിത്സാ സാഹായം ചെയ്തു നല്കുകവഴി ഇന്ത്യൻ വിദേശ കാര്യ നയത്തെ ലളിതവും ലോകപ്രശസ്തവും ആക്കിമാറ്റി .
സോഷ്യലിസ്റ്റ് നേതാവും മിസോറം മുൻ ഗവർണറും സുപ്രീംകോടതി മുതിർന്ന അഭിഭാഷകനുമായ സ്വരാജ് കൗശലാണു ഭർത്താവ്. രാജ്യസഭയിൽ ഒരേകാലത്ത് അംഗങ്ങളായിരുന്ന ദമ്പതികളെന്ന ബഹുമതിയും ഇവർക്കുണ്ട്. ബൻസൂരിആണ് ഏക പുത്രി. പ്രവാസികളുടെ പ്രിയ നേതാവിന് യുക്മ ആദാരാജാലികൾ അർപ്പിക്കുന്നു.
click on malayalam character to switch languages