1 GBP = 107.33

ഷാക്കിബിന് ലോകകപ്പിലെ രണ്ടാം സെഞ്ചുറി; വിന്‍ഡീസിനെ തകര്‍ത്ത് ബംഗ്ലാദേശ്

ഷാക്കിബിന് ലോകകപ്പിലെ രണ്ടാം സെഞ്ചുറി; വിന്‍ഡീസിനെ തകര്‍ത്ത് ബംഗ്ലാദേശ്

സ്റ്റീഫൻ അലക്സ് ഇലവുങ്കൽ

ടൗൺടൺ: ലോകകപ്പ് മത്സരത്തിൽ വെസ്റ്റിൻഡീസിനെ ഏഴു വിക്കറ്റിന് തകർത്ത് ബംഗ്ലാദേശ്. വിൻഡീസ് ഉയർത്തിയ 322 റൺസ് വിജയലക്ഷ്യം 51 പന്തുകൾ ബാക്കി നിൽക്കെ ബംഗ്ലാദേശ് മറികടന്നു.

 

സെഞ്ചുറി നേടിയ ഷാക്കിബ് അൽ ഹസനും അർധ സെഞ്ചുറി നേടിയ ലിട്ടൺ ദാസും ചേർന്നാണ് ബംഗ്ലാദേശിനെ വിജയത്തിലെത്തിച്ചത്. ഷാക്കിബ് 99 പന്തുകളിൽ നിന്ന് 16 ബൗണ്ടറികളോടെ 124 റൺസെടുത്തു. 69 പന്തുകൾ നേരിട്ട ലിട്ടൺ ദാസ് നാലു സിക്സും എട്ടു ബൗണ്ടറികളുമടക്കം 94 റൺസെടുത്തു. നാലാം വിക്കറ്റിൽ ഇരുവരും 189 റൺസാണ് ബംഗ്ലാ സ്കോറിലേക്ക് ചേർത്തത്. ഏകദിനത്തിൽ ഷാക്കിബിന്റെ എട്ടാം സെഞ്ചുറിയാണിത്. ഈ ലോകകപ്പിലെ രണ്ടാമത്തേതും. 322 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് മികച്ച കൂട്ടുകെട്ടുകളാണ് വിജയമൊരുക്കിയത്. തമീം ഇഖ്ബാലും സൗമ്യ സർക്കാരും ചേർന്ന ഓപ്പണിങ് സഖ്യം 52 റൺസ് ചേർത്ത ശേഷമാണ് പിരിഞ്ഞത്.

 

പിന്നീട് ഷാക്കിബിനൊപ്പം തമീം ഇഖ്ബാൽ 69 റൺസ് ചേർത്തു. സൗമ്യ സർക്കാർ 29 റൺസെടുത്തും തമീം ഇഖ്ബാൽ 48 റൺസെടുത്തും പുറത്തായി. പിന്നീട് ക്രീസിലെത്തിയ മുഷ്ഫിഖർ റഹീമിന് (1) കാര്യമായ സംഭാവന നൽകാനായില്ല. പിന്നീടായിരുന്നു ബംഗ്ലാദേശ് വിജയത്തിൽ നിർണായകമായ ഷാക്കിബ് ലിട്ടൺ ദാസ് കൂട്ടുകെട്ട്. ലോകകപ്പിലെ അഞ്ചു മത്സരങ്ങളിൽ ബംഗ്ലാദേശിന്റെ രണ്ടാം ജയമാണിത്.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ വിൻഡീസ് നിശ്ചിത 50 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 321 റൺസെടുത്തിരുന്നു. സെഞ്ചുറിക്ക് നാലു റൺസകലെ പുറത്തായ ഷായ് ഹോപ്പ് (96), അർധ സെഞ്ചുറി നേടിയ എവിൻ ലൂയിസ് (70), ഷിംറോൺ ഹെറ്റ്മയർ (50) എന്നിവരുടെ ഇന്നിങ്സുകളാണ് വിൻഡീസിനെ മികച്ച സ്കോറിലെത്തിച്ചത്. ക്രിസ് ഗെയ്ലും ആന്ദ്രേ റസലും റണ്ണൊന്നുമെടുക്കാതെ പുറത്തായി. 121 പന്തിൽ നിന്ന് ഒരു സിക്സും നാലു ബൗണ്ടറികളുമടക്കം 96 റൺസെടുത്ത ഹോപ്പിനെ മുസ്തഫിസുർ റഹ്മാനാണ് പുറത്താക്കിയത്. 26 പന്തിൽ നിന്ന് മൂന്നു സിക്സും നാലു ബൗണ്ടറികളുമടക്കമാണ് ഹെറ്റ്മയർ 50 റൺസെടുത്തത്. തകർത്തടിച്ച ക്യാപ്റ്റൻ ജേസൺ ഹോൾഡർ വെറും 15 പന്തിൽ നിന്ന് രണ്ടു സിക്സും നാലു ബൗണ്ടറികളുമടക്കം 33 റൺസെടുത്ത് പുറത്തായി. നിക്കോളാസ് പുരാൻ 25 റൺസെടുത്തു.

ബംഗ്ലാദേശിനായി മുസ്തഫിസുർ റഹ്മാനും മുഹമ്മദ് സൈഫുദ്ദീനും മൂന്നു വിക്കറ്റ് വീഴ്ത്തി. ഷാക്കിബ് അൽ ഹസൻ രണ്ടു വിക്കറ്റെടുത്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more