1 GBP = 106.96

ഫിഞ്ചിന് സെഞ്ചുറി, സ്റ്റാര്‍ക്കിന് നാല് വിക്കറ്റ്; ഓസീസിന് നാലാം വിജയം

ഫിഞ്ചിന് സെഞ്ചുറി, സ്റ്റാര്‍ക്കിന് നാല് വിക്കറ്റ്; ഓസീസിന് നാലാം വിജയം

സ്റ്റീഫൻ അലക്സ് ഇലവുങ്കൽ

ഓവൽ: ലോകകപ്പിൽ നാലാം വിജയവുമായി ഓസ്ട്രേലിയ. 335 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യലുമായി ഇറങ്ങിയ ലങ്കയെ 45.5 ഓവറിൽ 247 റൺസിന് പുറത്താക്കിയാണ് ഓസീസ് നാലാം വിജയമാഘോഷിച്ചത്. 153 റൺസെടുത്ത് ഓസീസ് ബാറ്റിങ്ങിന്റെ നട്ടെല്ലായ ക്യാപ്റ്റൻ ആരോൺ ഫിഞ്ച് ആണ് കളിയിലെ താരം.

മികച്ച തുടക്കമാണ് ലങ്കയ്ക്ക ലഭിച്ചത്. ഓപ്പണിങ് വിക്കറ്റിൽ കരുണരത്നയും കുശാൽ പെരേരയും ചേർന്ന് 115 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. എന്നാൽ 52 റൺസ് അടിച്ച കുശാലിനെ പുറത്താക്കി സ്റ്റാർക്ക് ഓസീസ് ആദ്യ ബ്രേക്ക ത്രൂ സമ്മാനിച്ചു. പിന്നീട് ക്രീസിലെത്തിയ തിരിമന്നയ്ക്കും (16) അധികം ആയുസുണ്ടായിരുന്നില്ല. സെഞ്ചുറിക്ക് മൂന്ന് റൺസ് അരികെ കരുണരത്ന വീണതോടെ ലങ്കയുടെ പതനം തുടങ്ങി. 97 റൺസ് അടിച്ച ലങ്കൻ ക്യാപ്റ്റനെ റിച്ചാർഡ്സണാണ് പുറത്താക്കിയത്. ഒമ്പത് റൺസെടുത്ത് എയ്ഞ്ചലോ മാത്യൂസ് കൂടി പുറത്തായതോടെ ലങ്ക നാല് വിക്കറ്റിന് 205 റൺസ് എന്ന നിലയിലായി.

പിന്നീട് 42 റൺസെടുക്കുന്നതിനിടയിൽ ശേഷിക്കുന്ന ആറു വിക്കറ്റുകൾ ലങ്ക നഷ്ടപ്പെടുത്തി. സ്റ്റാർക്ക് ആയിരുന്നു കൂടുതൽ അപകടകാരി. 10 ഓവറിൽ 55 റൺസ് വഴങ്ങി സ്റ്റാർക്ക് നാല് വിക്കറ്റെടുത്തു. റിച്ചാർഡ്സൺ മൂന്നും കമ്മിൻസ് രണ്ടും വിക്കറ്റ് വീഴ്ത്തി. ബെഹെറെൻഡോഫ് ഒരു വിക്കറ്റെടുത്തു.

നേരത്തെ ക്യാപ്റ്റൻ ആരോൺ ഫിഞ്ച് മുന്നിൽ നിന്ന് നയിച്ച മത്സരത്തിൽ ഓസ്ട്രേലിയ നിശ്ചിത ഓവറിൽ അടിച്ചുകൂട്ടിയത് 334 റൺസ്. അവസാന ഓവറുകളിൽ വിക്കറ്റുകൾ തുടരെ നഷ്ടപ്പെട്ടെങ്കിലും തുടക്കത്തിലും മധ്യനിരയിലും പുറത്തെടുത്ത ബാറ്റിങ് പ്രകടനം ഓസ്ട്രേലിയക്ക് കൂറ്റൻ സ്കോർ സമ്മാനിക്കുകയായിരുന്നു.

ആരോൺ ഫിഞ്ച് 132 പന്തിൽ 15 ഫോറും അഞ്ചു സിക്സും സഹിതം 153 റൺസ് അടിച്ചെടുത്തു. 59 പന്തിൽ 73 റൺസുമായി സ്റ്റീവ് സ്മിത്ത് ഫിഞ്ചിന് പിന്തുണ നൽകി. പിന്നീട് മാക്സ്വെല്ലിന്റെ വെടിക്കെട്ടായിരുന്നു. അഞ്ചു ഫോറും ഒരു സിക്സും സഹിതം 25 പന്തിൽ 46 റൺസാണ് മാക്സ്വെൽ അടിച്ചെടുത്തത്.

ഓപ്പണിങ് വിക്കറ്റിൽ ഫിഞ്ചും വാർണറും ചേർന്ന് 80 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. മൂന്നാം വിക്കറ്റിൽ സ്മിത്തിനെ കൂട്ടുപിടിച്ച് ഫിഞ്ച് 173 റൺസ് അടിച്ചുകൂട്ടി. 49-ാം ഓവറിൽ കാരിയേയും കമ്മിൻസിനേയും റൺഔട്ടാക്കി ഉദാന ലങ്കയ്ക്കായി മികച്ച പ്രകടനം പുറത്തെടുത്തു. 47-ാം ഓവറിൽ ഷോൺ മാർഷിന്റെ വിക്കറ്റും ഉദാന വീഴ്ത്തി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more