ഫാ. ബിജു കുന്നയ്ക്കാട്ട് PRO
പ്രെസ്റ്റൺ: ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയിൽ ഫെബ്രുവരി 22 മുതൽ ഏപ്രിൽ 28 വരെ ഇടവക, മിഷൻ, പ്രോപോസ്ഡ് മിഷൻ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലായി നടന്നു വരികയായിരുന്ന ‘ഗ്രാൻഡ് മിഷൻ 2019’ സമാപിച്ചു. കഴിഞ്ഞ വെള്ളി, ശനി, ഞായർ ദിവസങ്ങളിലായി കാർഡിഫിൽ റെവ. ഫാ. ഡാനിയേൽ പൂവണ്ണത്തിൽ നയിച്ച ധ്യാനത്തോടെയാണ് ഗ്രാൻഡ് മിഷന് സമാപനമായത്. ഗ്രാൻഡ് മിഷൻ നടന്ന 67 സ്ഥലങ്ങളിലും രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ എത്തി വചനസന്ദേശം നൽകിയിരുന്നു.


സുവിശേഷ പ്രഘോഷണം പ്രധാന ദൗത്യമായി സ്വീകരിച്ചിരിക്കുന്ന തിരുസ്സഭ, സുവിശേഷത്തിന്റെ ചൈതന്യത്താൽ നവീകരിക്കപ്പെടുകയും വിശുദ്ധീകരിക്കപ്പെടുകയും ചെയ്യപ്പെടണം എന്ന ലക്‌ഷ്യം മുൻനിറുത്തിയാണ് ഒരു പുതിയ പ്രേഷിത മുന്നേറ്റത്തിനായി 2019 ലെ വലിയനോമ്പിനോടനുബന്ധിച്ചു ഗ്രാൻഡ് മിഷൻ ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയിൽ നടത്തിയത്. കേരള കത്തോലിക്കാ സഭയിലെ പ്രശസ്ത വചനപ്രഘോഷകരായ റവ. ഫാ. ജോര്‍ജ്ജ് പനയ്ക്കല്‍ വി. സി., റവ. ഫാ. ഡാനിയേൽ പൂവണ്ണത്തിൽ, റവ. ഡോ. ആന്‍റണി ചുണ്ടലിക്കാട്ട്, റവ. ഫാ. സോജി ഓലിക്കൽ, റവ. ഫാ. ജോസഫ് എടാട്ട് വി. സി., റവ. ഫാ. കുര്യന്‍ കാരിക്കല്‍ എം. എസ്. എഫ്. എസ്., റവ. ഫാ. പോള്‍ പാറേക്കാട്ടില്‍ വി. സി., റവ ഫാ ടോമി എടാട്ട്, റവ. ഫാ. തോമസ് ഒലിക്കരോട്ട്, റവ. ഫാ. ആൻണി പറങ്കിമാലിൽ വി. സി., റവ. ഫാ. ജോസ് പള്ളിയിൽ വി. സി., റവ. ഫാ. ജിന്‍സണ്‍ മുട്ടത്തുകുന്നേല്‍ ഒ. എഫ്. എം. ക്യാപ്പ്., റവ ഫാ റോബർട്ട് കണ്ണന്താനം, ബ്രദര്‍ തോമസ് പോള്‍, ബ്രദർ സന്തോഷ് ടി., ബ്രദർ സന്തോഷ് കരുമാത്ര, ബ്രദർ റെജി കൊട്ടാരം, ബ്രദര്‍ സെബാസ്റ്റ്യന്‍ താന്നിക്കല്‍, ബ്രദർ ഡൊമിനിക് പി. ഡി., ബ്രദര്‍ റ്റോബി മണിമലയത്ത് തുടങ്ങിയവരാണ് ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ വിവിധ സ്ഥലങ്ങളിൽ ഗ്രാൻഡ് മിഷന് നേതൃത്വം നൽകി വചനസന്ദേശം പകർന്നത്.



ഗ്രാൻഡ് മിഷന് മുന്നോടിയായി പരിശീലനം സിദ്ധിച്ച അല്മായ പ്രേഷിതർ ഭവനങ്ങൾ സന്ദർശിച്ചു എല്ലാവരെയും ധ്യാനത്തിലേക്കു പ്രത്യേകമായി ക്ഷണിക്കുന്നതിനായി ‘ഹോം മിഷൻ’ പ്രോഗ്രാമും സംഘടിപ്പിച്ചിരുന്നു. ഗ്രാൻഡ് മിഷൻ ധ്യാനത്തോടനുബന്ധിച്ചു കുമ്പസാരത്തിന് സൗകര്യമേർപ്പെടുത്തിയിരുന്നു. വിശുദ്ധ പോൾ ആറാമൻ മാർപാപ്പ ഇറ്റലിയിലെ മിലാൻ ആർച്ചുബിഷപ്പായിരിക്കെ 1957 ലാണ് വചനത്തിലൂന്നിയ ഇടവക നവീകരണ പദ്ധതിയായി ‘ഗ്രാൻഡ് മിഷൻ’ ആദ്യമായി ആവിഷ്കരിച്ചത്. ഏതാനും ചിത്രങ്ങൾ ചുവടെ:-

click on malayalam character to switch languages