1 GBP = 129.99
breaking news

യുക്മ ദേശീയ നേതൃത്വ ശിബിരവും വിവിധ പോഷക വിഭാഗങ്ങളുടെ പരിശീലന കളരിയും മെയ് 11 ശനിയാഴ്ച ബർമിംഗ്ഹാമിൽ…

യുക്മ ദേശീയ നേതൃത്വ ശിബിരവും വിവിധ പോഷക വിഭാഗങ്ങളുടെ പരിശീലന കളരിയും മെയ് 11 ശനിയാഴ്ച ബർമിംഗ്ഹാമിൽ…
സജീഷ് ടോം 
(യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ)
യുക്മയുടെ പുത്തൻ പ്രവർത്തനവർഷത്തിലെ ആദ്യ പൊതുപരിപാടിക്ക് ബർമിംഗ്ഹാം വേദിയൊരുക്കുന്നു. യുക്മ ദേശീയ നേതൃത്വ ശിബിരവും വിവിധ പോഷക വിഭാഗങ്ങളുടെ പരിശീലന കളരിയും മെയ് 11 ശനിയാഴ്ച ആണ് സംഘടിപ്പിച്ചിരിക്കുന്നത്. യുക്മ ദേശീയ നിർവാഹകസമിതി അംഗങ്ങൾക്കൊപ്പം തെരഞ്ഞെടുക്കപ്പെട്ട മുഴുവൻ റീജിയണൽ ഭാരവാഹികളും യുക്മയുടെ പോഷക വിഭാഗങ്ങളുടെ ദേശീയതല പ്രവർത്തകരും യോഗത്തിൽ പങ്കെടുക്കുമെന്ന് ദേശീയ പ്രസിഡന്റ് മനോജ്‌കുമാർ പിള്ള അറിയിച്ചു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള യുക്മ നേതാക്കൾക്ക് വന്നെത്താനുള്ള സൗകര്യം കണക്കിലെടുത്താണ്‌ ബർമിംഗ്ഹാം സമ്മേളന വേദിയായി തെരഞ്ഞെടുത്തിരിക്കുന്നത്. രണ്ട് സെഷനുകളായാണ് നേതൃത്വ ശിബിരം  ക്രമീകരിച്ചിരിക്കുന്നത്. രാവിലെ പത്തുമണിക്ക് ആരംഭിക്കുന്ന നേതൃസമ്മേളനം യുക്മയുടെ 2019 ലെ ദർശനങ്ങളും ആഭിമുഖ്യങ്ങളും ചർച്ച ചെയ്യും. യുക്മ കഴിഞ്ഞ വർഷം യുവജനങ്ങൾക്കായി തുടങ്ങിവച്ച “യുക്മ യൂത്ത്” കൂടുതൽ കാര്യക്ഷമം ആക്കുന്നതിനെക്കുറിച്ചുള്ള  ചർച്ചകൾ ആദ്യ സെഷനിൽ നടക്കും. പൊതുരംഗങ്ങളിൽ വനിതകൾക്ക് കൂടുതൽ പ്രോത്സാഹനവും പരിശീലനവും നൽകുകയെന്ന ലക്‌ഷ്യം കൂടി ഉൾച്ചേർത്തുകൊണ്ട് പുനർരൂപീകരിച്ച “യുക്മ വിമൻ & യൂത്ത്” വിങ്ങിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാനുള്ള ഒരു വേദികൂടിയാകും ദേശീയ നേതൃത്വ ശിബിരം.
ഇതിനകംതന്നെ പ്രവർത്തനമാരംഭിച്ചുകഴിഞ്ഞ “യുക്മ സാന്ത്വനം” പദ്ധതിയുടെ അവലോകനവും, കൂടുതൽ മെച്ചപ്പെട്ട രീതിയിൽ പദ്ധതി നടപ്പിലാക്കുവാനുള്ള ചർച്ചകളും, യുക്മ ചാരിറ്റി ഫൗണ്ടേഷൻ പ്രവർത്തനങ്ങളുടെ വിലയിരുത്തലും യോഗത്തിൽ നടക്കും. യുക്മ അംഗ അസ്സോസിയേഷനുകൾക്കും യുക്മ റീജിയനുകൾക്കും ഒരു നിശ്ചിത തുക ലഭിക്കത്തക്കവിധം തയ്യാറാക്കി കഴിഞ്ഞ രണ്ടു വർഷങ്ങളിൽ വിജയകരമായി നടപ്പിലാക്കിയ യു – ഗ്രാൻറ് ലോട്ടറിയുടെ 2019 ലെ ലോഞ്ചിങ്ങും ദേശീയ നേതൃത്വ ശിബിരത്തിൽ നടക്കുന്നതായിരിക്കും.
യുക്മയുടെ അടിസ്ഥാന ഘടകങ്ങളായ അംഗ അസ്സോസിയേഷനുകളുമായി നേരിട്ട് ബന്ധപ്പെടുന്ന റീജിയണൽ ഭാരവാഹികളെ മുഴുവൻ പങ്കെടുപ്പിക്കുകവഴി, ദേശീയ തലത്തിലെ ചർച്ചകളും തീരുമാനങ്ങളും കൂടുതൽ വേഗത്തിൽ അംഗങ്ങളിലേക്കെത്തിക്കുവാൻ കഴിയുന്നു എന്നതാണ് നേതൃത്വ ശിബിരത്തിന്റെ  പ്രധാന സവിശേഷതയെന്ന് യോഗത്തിന്റെ തയ്യാറെടുപ്പുകൾ വിശദീകരിച്ചുകൊണ്ട് യുക്മ ദേശീയ ജനറൽ സെക്രട്ടറി അലക്സ് വർഗീസ് പറഞ്ഞു.
“യുക്മ  ടൂറിസം ക്ലബ്”ന്റെ പ്രവർത്തനങ്ങൾ കൂടുതൽ വിപുലമാക്കുന്നതും ഏകോപിപ്പിക്കുന്നതുമായ ബന്ധപ്പെട്ട് അഭിപ്രായങ്ങൾക്കും നിർദ്ദേശങ്ങൾക്കും രാവിലത്തെ സെഷനിൽ അവസരമുണ്ടായിരിക്കും. അതോടൊപ്പം തന്നെ “യുക്മ മെമ്പർഷിപ്പ് ക്യാമ്പയിൻ” കാര്യക്ഷമം ആക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകളും നടക്കും.
ഉച്ചഭക്ഷണത്തിന് ശേഷം രണ്ടു മണിമുതൽ നാല് മണിവരെ നടക്കുന്ന രണ്ടാമത്തെ സെഷനിൽ യുക്മ പോഷക വിഭാഗങ്ങളുടെ വിവിധ ഗ്രൂപ്പുകളായുള്ള യോഗങ്ങളും പരിശീലന കളരികളും ചർച്ചാ ക്ലാസ്സുകളും നടക്കും. യുക്മ നേഴ്‌സസ് ഫോറം ഓർഗനൈസിംഗ് കമ്മറ്റി യോഗം നേഴ്‌സസ് ഫോറം പ്രവർത്തകരുടെ നേതൃത്വത്തിൽ നടക്കും. യുക്മയുടെ നിരവധി ജനകീയ പരിപാടികൾക്ക് നേതൃത്വം നൽകിയിട്ടുള്ള യുക്മ സാംസ്ക്കാരിക വേദിയുടെ ആലോചനായോഗമാണ് പ്രധാനപ്പെട്ട മറ്റൊന്ന്.
സോഷ്യൽ മീഡിയഗുണകരമായി കൈകാര്യം ചെയ്യുന്നതിന് സഹായകരമാകുന്ന ചർച്ചാക്ലാസ്സ്, യുക്മ ന്യൂസ് എഡിറ്റോറിയൽ ബോർഡിന്റെയും  ന്യൂസ് ടീമിന്റെയും സംയുക്ത യോഗം, “ജ്വാല” ഇ-മാഗസിൻ എഡിറ്റോറിയൽ ബോർഡ് മീറ്റിംഗ് തുടങ്ങിയവയും ദേശീയ നേതൃത്വ ശിബിരത്തിന്റെ സവിശേഷതകളായിരിക്കും.പരിപാടികൾക്ക് യുക്മ ദേശീയ ഭാരവാഹികളായ അനീഷ് ജോൺ, എബി സെബാസ്റ്റിയൻ, ലിറ്റി ജിജോ, സാജൻ സത്യൻ, സെലീന സജീവ്, ടിറ്റോ തോമസ് തുടങ്ങിയവർ നേതൃത്വം നൽകും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more