ബർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ പഞ്ചവത്സര അജപാലന പദ്ധതിയിലെ കുട്ടികളുടെ വർഷത്തിന്റെ സമാപനം ബിർമിംഗ്ഹാമിലെ ബഥേൽ കൺവെൻഷൻ സെന്ററിൽ ഇന്നലെ നടന്നു . സീറോ മലബാർ സഭയുടെ തലവനും പിതാവുമായ കർദിനാൾ മാർ ജോർജ് ആലഞ്ചേരി സമാപന ചടങ്ങുകളിൽ മുഖ്യാഥിതി ആയിരുന്നു .രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ , വികാരി ജനറാൾമാരായ റെവ. ഫാ. സജിമോൻ മലയിൽ പുത്തൻപുരയിൽ, റെവ. ഡോ. മാത്യു ചൂരപൊയ്കയിൽ, രൂപതയിൽ ശുശ്രൂഷ ചെയ്യുന്ന വൈദികർ, സന്യാസിനികൾ ,രൂപതയുടെ എട്ടു റീജിയനുകളിൽ നിന്നുള്ള പന്ത്രണ്ടുമുതൽ പതിനാറു വരെ പ്രായമുള്ള കുട്ടികൾ, മതാധ്യാപകർ, മാതാപിതാക്കൾ തുടങ്ങിയവർ ചടങ്ങുകളിൽ പങ്കുചേർന്നു.
പന്ത്രണ്ട് വയസ് മുതൽ കുട്ടികൾ തങ്ങളുടെ ദൈവവിളിയെക്കുറിച്ചു ഗൗരവമായി ചിന്തിക്കണമെന്ന് കർദിനാൾ മാർ ആലഞ്ചേരി സുവിശേഷസന്ദേശത്തിൽ പറഞ്ഞു. ഈശോയെ പന്ത്രണ്ടാം വയസിൽ കാണാതായതുമായി ബന്ധപ്പെട്ട സുവിശേഷഭാഗത്തെ അധികരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം . ഈശോയെ ദേവാലയത്തിൽ വച്ച് കാണാതാവുകയായിരുന്നില്ല മറിച്ചു ഈശോ ദേവാലയത്തിൽ ദൈവപിതാവുമൊന്നിച്ച് ആയിരിക്കുവാൻ സ്വയം തീരുമാനിച്ചു തന്റെ വിളി തിരിച്ചറിയുകയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയിൽ അജപാലന സന്ദർശനം നടത്തുന്ന കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവ് ഈ രൂപതയിലെ കുട്ടികളായ നിങ്ങളെ കാണാനും ഈ സമാപനസമ്മേളനത്തിൽ പങ്കെടുക്കാനുമായാണ് പ്രാധാനമായും വന്നിരിക്കുന്നതെന്നും, കുട്ടികളായ നിങ്ങളിലാണ് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ഭാവിയെന്നും ആമുഖ സന്ദേശത്തിൽ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ കുട്ടികളോടായി പറഞ്ഞു.
ബെർമിംഗ്ഹാമിലെ ബെഥേൽ കൺവെൻഷൻ സെന്റർ നിറഞ്ഞു കുട്ടികളും മുതിർന്നവരും എത്തിയ സമ്മേളനത്തിൽ വികാരി ജനറാൾ റെവ. ഫാ. സജിമോൻ മലയിൽപുത്തന്പുരയിൽ എല്ലാവര്ക്കും സ്വാഗതമാശംസിച്ചു. ഉദ്ഘാടനനത്തിനു ശേഷം നടന്ന വി. കുർബാനയിൽ കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി കാർമ്മികത്വം വഹിച്ചു . റെവ. ഫാ. സെബാസ്റ്റ്യൻ ചാമക്കാലയുടെ ശിക്ഷണത്തിൽ പരിശീലനം നേടിയ കുട്ടികളുടെ നേതൃത്വത്തിലുള്ള ഗായകസംഘം വി. കുർബാനയിൽ ഗാനങ്ങൾ ആലപിച്ചത് മുക്തകണ്ഠ പ്രശംസ പിടിച്ചുപറ്റി. ബൈബിൾ കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടിയ കുട്ടികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ ഉച്ചകഴിഞ്ഞു നടന്നു. ഓല സ്റ്റെയിന്റെ അനുഭവസാക്ഷ്യം, പൗരസ്ത്യ സുറിയാനി പണ്ഡിതരായ ഡേവിഡ് വെൽസ്, സെബാസ്റ്റ്യൻ ബ്രോക് എന്നിവർ നയിച്ച ക്ളാസ്സുകളും നടത്തപ്പെട്ടു. സീറോ മലബാർ സഭയുടെ ലഘുചരിത്രവും ഭരണക്രമവും ഉൾക്കൊള്ളിച്ചുള്ള ഡോക്യുമെന്ററി അവതരിപ്പിക്കപ്പെട്ടു.
രൂപതയുടെ പഞ്ചവത്സരപദ്ധതിയിലെ അടുത്തവർഷമായ യുവജനവർഷത്തിന്റെ ഔദ്യോഗിക ഉദ്ഘാടനവും കർദ്ദിനാൾ മാർ ജോർജ്ജ് അലഞ്ചേരി നിർവഹിച്ചു. രൂപതയുടെ വാർഷിക ബുള്ളറ്റിനായ ‘ദനഹ’യുടെ പ്രകാശനവും മാർ ആലഞ്ചേരി നിർവ്വഹിച്ചു. ഉച്ച കഴിഞ്ഞു നാല് മുപ്പത്തോടുകൂടി സമ്മേളനം സമാപിച്ചു. രണ്ടാഴ്ചയോളം യുകെയിൽ അജപാലനസന്ദര്ശനം നടത്തുന്ന മാർ ആലഞ്ചേരി രൂപതയുടെ പുതിയ കാൽവയ്പ്പായ മിഷൻ സെന്ററുകളുടെ ഔദ്യോഗിക ഉദ്ഘാടനങ്ങളും വിവിധ സ്ഥലങ്ങളിൽ നിർവഹിക്കുന്നുണ്ട്.
click on malayalam character to switch languages