ഫാ. ബിജു കുന്നയ്‌ക്കാട്ട് പി. ർ. ഓ
ഗ്ലാസ്‌ഗോ, എഡിൻബൊറോ, ഹാമിൽട്ടൺ: തിങ്ങിനിറഞ്ഞ വിശ്വാസിസമൂഹങ്ങളെ സാക്ഷി നിറുത്തി കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി സ്കോട്ലൻഡിൽ മൂന്നു സീറോ മലബാർ മിഷനുകൾ കൂടി പ്രഖ്യാപിച്ചു. ഇന്നലെ രാവിലെ 11. 00 മണിക്ക് ഗ്ലാസ്‌ഗോ സെന്റ് കോൺവാൾസ് ദൈവാലയത്തിൽ ‘സെന്റ് തോമസ്’ മിഷനും ഉച്ചകഴിഞ്ഞു 3. 00 മണിക്ക് എഡിൻബർഗ് സെന്റ് കെന്റിഗൻ ദൈവാലയത്തിൽ ‘സെന്റ് അൽഫോൻസാ & സെന്റ് ആൻ്റണി’ മിഷനും വൈകിട്ട് 7. 00 മണിക്ക് സെന്റ് കുത്ബർട്സ് ദൈവാലയത്തിൽ ‘സെന്റ് മേരീസ്’ മിഷനുമാണ് സീറോ മലബാർ സഭാതലവൻ ഔദ്യോഗികമായി അറിയിച്ചത്. രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ, ലത്തീൻ രൂപത മെത്രാന്മാർ, വൈദികർ, വിശ്വാസികൾ തുടങ്ങിയവർ തിരുക്കർമ്മങ്ങൾക്ക് സാക്ഷികളായി.
വെള്ളിയാഴ്ച അബർഡീനിൽ ‘സെന്റ് മേരീസ്’ മിഷൻ പ്രഖ്യാപിച്ചാണ് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ വളർച്ചയുടെ പുതിയ പടവായ ‘മിഷനു’കൾക്കു തുടക്കമായത്. ദേവാലയകവാടത്തിൽ നൽകപ്പെട്ട സ്വീകരണങ്ങൾക്കുശേഷം സ്വാഗതവും മിഷൻ പ്രഖ്യാപനത്തിന്റെ ഡിക്രിയും വായനയും നടന്നു. തുടർന്ന് മിഷൻ ഔദ്യോഗികമായി കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി പ്രഖ്യാപിക്കുകയും തിരി തെളിച്ചു ഉദ്‌ഘാടനം ചെയ്യുകയും ചെയ്തു. തുടർന്ന് നടന്ന വി. കുർബാനയ്ക്കു കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയും മാർ ജോസഫ് സ്രാമ്പിക്കലും നേതൃത്വം നൽകി. നിരവധി വൈദികർ സഹകാർമികരായി. സ്നേഹവിരുന്നിൽ പങ്കെടുത്തു വിശ്വാസികൾ സന്തോഷം പങ്കുവച്ചു.
ഇന്ന് മാഞ്ചെസ്റ്ററിലും സ്റ്റോക്ക് ഓൺ ട്രെൻഡിലും മിഷൻ പ്രഖ്യാപനങ്ങൾ നടക്കും. വിഥിൻഷോ സെന്റ് അന്തോണീസ് കത്തോലിക്കാ ദൈവാലയത്തിൽ (65, Dunkery Road, Wythenshawe, M22 0WR, Manchester) ഉച്ചകഴിഞ്ഞു 2.30 നും സ്റ്റോക്ക് ഓൺ ട്രെൻഡ് സെന്റ് ജോസഫ് ചർച്ചിൽ ( Hall Street, St. Burslem, staffordshire, ST6 4BB) വൈകിട്ട് 6.30 നും മിഷൻ പ്രഖ്യാപനങ്ങളും വി. കുർബാനയും നടക്കും. റെവ. ഫാ. ജോസ് അഞ്ചാനിക്കൽ, റെവ. ഫാ. ജോർജ്ജ് എട്ടുപറയിൽ, കൈക്കാരൻമാർ, കമ്മറ്റി അംഗങ്ങൾ, മിഷൻ രൂപീകരണത്തിനായുള്ള പ്രത്യേക കമ്മറ്റികൾ, വോളണ്ടിയേഴ്‌സ് എന്നിവരുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി. മാഞ്ചസ്റ്ററിൽ സെന്റ് തോമസ് മിഷനും സെന്റ് മേരീസ് ക്നാനായ മിഷനുമാണ് ഉദ്‌ഘാടനം ചെയ്യപ്പെടുന്നത്. മാഞ്ചസ്റ്ററിൽ മിഷൻ പ്രഖ്യാപനത്തോടൊപ്പം SMYM മാഞ്ചസ്റ്റർ റീജിയൻ ഉദ്‌ഘാടനവും നടക്കും. ഏവരെയും തിരുക്കർമ്മങ്ങളിലേക്ക് സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
click on malayalam character to switch languages