അബർഡീൻ: രണ്ടു വർഷം പ്രായമായ ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ വളർച്ചയിലെ സുപ്രധാന നാഴികക്കല്ലായ ‘മിഷൻ സെന്റെറുകളുടെ’ പ്രഖ്യാപനങ്ങൾ ഇന്ന് മുതൽ. സീറോ മലബാർ സഭയുടെ തലവനും പിതാവുമായ അത്യുന്നത കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി, രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ സാന്നിധ്യത്തിൽ ചരിത്രപ്രഖ്യാപനങ്ങൾ നടത്തും. ഇരുപതിലധികം സ്ഥലങ്ങളിൽ നടക്കുന്ന സന്ദർശനങ്ങളിൽ അതാത് സ്ഥലങ്ങളിലെ ലത്തീൻ മെത്രാൻമാരും ചടങ്ങുകൾക്ക് സാക്ഷികളായെത്തും. ഓരോ സ്ഥലത്തും വി. കുർബാനയ്ക്കു നേതൃത്വം കൊടുക്കുന്ന വൈദികരും വിശ്വാസികളും അഭി. പിതാക്കന്മാരെ സ്വീകരിക്കാനും തിരുക്കർമ്മങ്ങൾക്ക് സാക്ഷികളാകാനും ഒരുങ്ങിക്കഴിഞ്ഞു. ഇപ്പോൾ പ്രഖ്യാപിക്കപ്പെടുന്ന മിഷൻ സെന്ററുകളാണ് ഭാവിയിൽ ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ ഇടവകകളായി ഉയർത്തപ്പെടുന്നത്.
കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയുടെ സന്ദർശനത്തിന്റെ ആദ്യദിവസമായ ഇന്ന് സ്കോട്ലാൻഡിലെ അബർഡീൻ ഹോളി ഫാമിലി ദൈവാലയത്തിൽ (117, Deveron Road, AB16 6LZ) വൈകിട്ട് ആറു മണിക്ക് സ്വീകരണവും, വി. കുർബാനയും ‘സെന്റ് മേരീസ്’ മിഷൻ പ്രഖ്യാപനവും നടക്കും. വി. കുർബാനക്കിടയിൽ കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയാണ് മിഷൻ പ്രഖ്യാപിക്കുന്നത്. അബർഡീൻ രൂപത മെത്രാൻ റൈറ്. റെവ. ഡോ. ഹ്യൂഗ് ഗിൽബെർട്ടും തിരുക്കർമ്മങ്ങളിൽ പങ്കുചേരും. ഒരുക്കങ്ങൾ പൂർത്തിയായതായും തിരുക്കർമ്മങ്ങളിലും തുടർന്ന് നടക്കുന്ന സ്നേഹവിരുന്നിലും പങ്കെടുക്കാൻ എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായും പ്രീസ്റ് കോ ഓർഡിനേറ്റർ റെവ. ഫാ. ജോസഫ് പിണക്കാട്ടും കമ്മറ്റിയംഗങ്ങളും അറിയിച്ചു.
നാളെ ശനിയാഴ്ച, മൂന്നു മിഷനുകളുടെ ഉദ്ഘാടനങ്ങൾ നടക്കും. രാവിലെ 11. 00 മണിക്ക് ഗ്ലാസ്ഗോ സെന്റ് കോൺവാൾസ് ദൈവാലയത്തിൽ (21, Hapland Road, Pollok, G53 5NT) വച്ച് ‘സെന്റ് തോമസ്’ മിഷനും ഉച്ചകഴിഞ്ഞു 3. 00 മണിക്ക് എഡിൻബർഗ് സെന്റ് കെന്റിഗൻ ദൈവാലയത്തിൽ (Barnton, Edinburg, EH12 8AL) വച്ച് ‘സെന്റ് അൽഫോൻസാ & സെന്റ് ആൻ്റണി’ മിഷനും വൈകിട്ട് 7. 00 മണിക്ക് സെന്റ് കുത്ബർട്സ് ദൈവാലയത്തിൽ ( 98, High Blantyre Road, Hamilton, ML3 9HW) വച്ച് ‘സെന്റ് മേരീസ്’ മിഷനും ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെടും. മാർ ജോസഫ് സ്രാമ്പിക്കലും ഓരോ സ്ഥലത്തെയും ലത്തീൻ മെത്രാന്മാരും വൈദികരും സന്യാസിനികളും അല്മായവിശ്വാസികളും ചരിത്രപ്രഖ്യാപനങ്ങൾക്കു സാക്ഷികളാകും. റെവ. ഫാ. ബിനു കിഴക്കേഇളംതോട്ടം സി. എം. എഫ്., റെവ. ഫാ. സെബാസ്റ്റ്യൻ തുരുത്തിപ്പള്ളിൽ, റെവ. ഫാ. ജോസഫ് വെമ്പാടുംതറ വി. സി., കൈക്കാരൻമാർ, കമ്മറ്റി അംഗങ്ങൾ, വോളണ്ടിയേഴ്സ് തുടടങ്ങിയവരുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി.
click on malayalam character to switch languages