ഇപ്സ്വിച്ച്:- കായംകുളം ചങ്ങരകുളങ്ങര ഷിബുവിന്റെയും ജോബിയുടെയും 18 കൊല്ലം മുന്‍പ് ഒറ്റ പ്രസവത്തിൽ പിറന്ന മക്കളായ ഏഞ്ചൽ, അനീറ്റാ, അലീനാ, അനീഷ എന്നീ കുട്ടികളിൽ മൂന്ന് പേരാണ് അടുത്ത തിങ്കളാഴ്ച മുതൽ ആതുരശുശ്രൂഷാ രംഗത്തേക്ക് പഠനത്തിനായി കാല് കുത്തുന്നത്. കായംകുളത്ത് പിറന്ന ആ നാല് കുഞ്ഞുങ്ങള്‍ ഇപ്പോള്‍ ബ്രിട്ടനിലെ മാധ്യമങ്ങളില്‍ നിറയുകയാണ്. ഒറ്റ പ്രസവത്തില്‍ നാല് മക്കള്‍ക്ക് ജന്മം നല്‍കി കേരളത്തിലെ മാധ്യമങ്ങളിൽ നിറഞ്ഞ നാല് പേരിൽ മൂന്ന് പേര്‍ ഒരുമിച്ച് ഒരേ യൂണിവേഴ്‌സിറ്റിയില്‍ നഴ്‌സിങിന് ചേരുമ്പോൾ ഇംഗ്ലീഷ് പത്രങ്ങള്‍ക്കും മികച്ച വാര്‍ത്തയാവുകയാണ്. ജോലി തേടി യുകെയില്‍ എത്തിയ മലയാളി നഴ്‌സിന്റെ മക്കള്‍ ഇംഗ്ലീഷുകാർക്ക് അത്ഭുതമാവുകയാണ്. ഒരേ പ്രസവത്തില്‍ പിറന്ന നാലു കണ്‍മണികള്‍ വളര്‍ന്നു വലുതായപ്പോള്‍ മൂന്നു പേരും ജീവിതത്തില്‍ അമ്മയെ പിന്തുടര്‍ന്ന് നേഴ്‌സുമാരാകാന്‍ തീരുമാനിച്ചത് ആഘോഷമാക്കുകയാണ് സഫോള്‍ക് യൂണിവേഴ്സിറ്റിയും ബ്രിട്ടനിലെ മാധ്യമങ്ങളും . ഇപ്സ്വിച്ചിലെ വൂഡ്ബ്രിജില്‍ താമസിക്കുന്ന ഷിബുവിന്റെയും ജോബിയുടെയും മക്കള്‍ നേഴ്‌സുമാരാകാന്‍ തീരുമാനിച്ചത് കടുത്ത നേഴ്സിങ് ക്ഷാമം നേരിടുന്ന എന്‍ എച് എസ്, പുതുതലമുറയ്ക്ക് ആവേശമാകാന്‍ പ്രചാരണത്തിനായി ഉപയോഗിക്കാന്‍ തീരുമാനിച്ചതോടെയാണ് ഈ വാര്‍ത്ത നാടെങ്ങും പാട്ടായത്. തങ്ങളുടെ ചരിത്രത്തില്‍ തന്നെ അപൂര്‍വമായി കിട്ടിയ ഈ വിദ്യാര്‍ത്ഥികളുടെ ചരിത്രം സഫോള്‍ക് യൂണിവേഴ്സ്റ്റിറ്റി വഴിയാണ് മാധ്യമങ്ങളും അറിഞ്ഞത് . അതിലേറെ രസകരം, കഴിഞ്ഞ പന്ത്രണ്ടു വർഷം ഈ പെണ്‍കുട്ടികള്‍ ഒരേ മനസോടെ ഇപ്സ്വിച്ചില്‍ കഴിഞ്ഞിട്ടും അടുത്ത കുടുംബ സുഹൃത്തുക്കള്‍ അല്ലാതെ മലയാളികള്‍ പോലും ഇവര്‍ നാല് പേരും ഒറ്റ പ്രസവത്തില്‍ ഉണ്ടായ സഹോദരങ്ങള്‍ ആണെന്ന് തിരിച്ചറിഞ്ഞിരുന്നില്ല എന്നതാണ് സത്യം.

ജനനം മുതല്‍ വേർപിരിയാതിരുന്ന സഹോദരങ്ങള്‍ അടുത്ത ശനിയാഴ്ച ജീവിതത്തില്‍ ആദ്യമായി വേര്‍പിരിയുന്ന സങ്കടമാണ് ഇപ്പോള്‍ വീട്ടിലെന്നു ഇവരുടെ അമ്മ ജോബി ഷിബു പറയുന്നു . സഹോദരങ്ങളില്‍ മൂന്നു പേര്‍ തിങ്കളഴ്ച മുതല്‍ സഫോള്‍ക് യൂണിവേഴ്‌സിറ്റിയില്‍ നഴ്‌സിങ്ങിന് ചേരുമ്പോള്‍ ഇളയവളായ അനീഷ താൻ പഠിക്കാനൊരുങ്ങുന്ന നോര്‍വിച്ചിലേക്കു ശനിയാഴ്ച താമസം മാറ്റുകയാണ്, ഈസ്റ്റ് ആംഗ്ലിയ യൂണിവേഴ്‌സിറ്റിയില്‍ ഫിസിയോ തെറാപ്പി കോഴ്സിസിന് ചേരുവാന്‍. മറ്റുള്ളവര്‍ നേഴ്‌സിങ്ങിന് ചേരാന്‍ തീരുമാനിച്ചപ്പോള്‍ തന്നെ മെഡിക്കല്‍ ഫീല്‍ഡില്‍ എന്തെങ്കിലും വത്യസ്തമായി ചെയ്താലോ എന്ന ചിന്തയാണ് അനീഷയെ ഫിസിയോതെറാപ്പിയില്‍ എത്തിച്ചത് . എന്തായാലും മക്കള്‍ നാലുപേരും മെഡിക്കല്‍ ഫീല്‍ഡില്‍ എത്തിയതിലുള്ള സന്തോഷവും മാതാപിതാക്കള്‍ പങ്കിടുന്നു . ഏഞ്ചൽ, അനീറ്റ , അലീന , അനീഷ എന്നീ നാലു സഹോദരങ്ങളില്‍ മൂന്നു പേര്‍ക്കും നേഴ്സിംഗില്‍ അമ്മയുടെ കാലടി പിന്തുടരാന്‍ ഉള്ള മോഹമാണ് ഇവരെ വീടിനു അടുത്തുള്ള സഫോള്‍ക് യൂണിവേഴ്സിറ്റിയില്‍ എത്തിച്ചത് .
ജനനം മുതല്‍ ഇവരുടെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും മാധ്യമങ്ങളുടെ ശ്രദ്ധ നേടിയവരാണ് ഈ നാല് സഹോദരിമാരും. പതിനെട്ടു വർഷം മുന്‍പ് കേരളത്തില്‍ അപൂര്‍വമായി പിറന്ന ടെട്രാ ട്രിപ്ളേറ്റ് സഹോദരങ്ങള്‍ ആദ്യമായി സ്‌കൂളില്‍ പോയതും മറ്റും മാധ്യമ വാര്‍ത്തയില്‍ നിറഞ്ഞിരുന്നു . ആറു വയസില്‍ രണ്ടാം ക്ളാസില്‍ ചേരുന്നതിനാണ് നാല് പേരും മാതാപിതാക്കളോടൊപ്പം യു കെ യിൽ എത്തിയത്. കായംകുളം ചങ്ങാകുളങ്ങര ആശുപത്രിയില്‍ 2000 ഏപ്രില്‍ പതിനൊന്നിന് പിറന്ന കണ്‍മണികള്‍ നാല് പേരും യൂണിവേഴ്‌സിറ്റിയില്‍ എത്തി എന്നത് പോലും ഉള്‍ക്കൊള്ളാന്‍ മാതാപിതാക്കൾക്കായിട്ടില്ല. നാലുപേരെ ഒന്നിച്ചു വളര്‍ത്തി എടുത്തതിന്റെ പ്രയാസമോ ബുദ്ധിമുട്ടോ ഒന്നും ഇപ്പോള്‍ തോന്നുന്നുമില്ല . എല്ലാം ഇന്നലെ എന്ന പോലെയാണ് മനസ്സില്‍ തോന്നുന്നത് എന്നും ഇവരുടെ അമ്മ ജോബി ഷിബു പറയുന്നു . ഇപ്സ്വിച് ആശുപത്രിയില്‍ നേഴ്‌സാണ് ജോബി ജോലി ചെയ്യുന്നത്. ഇവിടെയുള്ള കോളേജില്‍ ജീവനക്കാരനാണു ഇവരുടെ പിതാവ് ഷിബു.
ഇപ്സ്വിച്ച് മലയാളി അസോസിയേഷന്റെ സജീവ പ്രവർത്തകരാണ് ഷിബുവും കുടുംബവും. സഹോദരിമാർ നാല് പേരും യുക്മയുടെ കലാമേളകളിലടക്കം നിരവധി സമ്മാനങ്ങൾ വാരിക്കൂട്ടിയിട്ടുണ്ട്.
മൂന്നു പേരും ഒന്നിച്ചു നേഴ്‌സിങ്ങിന് പോയതൊന്നും വാര്‍ത്ത പ്രാധാന്യം ഉള്ള കാര്യമായി ഇവര്‍ കരുതിയിട്ടില്ല. യൂണിവേഴ്സിറ്റി പത്രക്കുറിപ്പിലൂടെ പുറത്തു വിട്ടപ്പോഴാണ് സംഭവം പുറം ലോകത്തു എത്തുന്നത്. സംഗതി കയ്യോടെ മാധ്യമങ്ങള്‍ ആഘോഷമാക്കുകയും ചെയ്തു. നാല് പേരും ഒന്നിച്ചുണ്ടു , ഒന്നിച്ചുറങ്ങി വളര്‍ന്ന വീട്ടില്‍ പെട്ടെന്ന് ഒരാളുടെ കുറവ് മാത്രമാണ് ഇപ്പോള്‍ ചെറിയൊരു സങ്കടമായി കൂടെയുള്ളത്. പഠനത്തില്‍ നാലുപേരും എല്ലാ ക്ലാസ്സുകളിലും ഒരേ നിലവാരത്തിലാണ് മുന്നേറിയത് . സഹോദരിമാര്‍ നാല് പേരെയും എല്ലായ്‌പ്പോഴും ഒന്നിച്ചേ കാണാന്‍ കഴിയുമായിരുന്നുള്ളൂ എന്നും കുടുംബ സുഹൃത്തുക്കള്‍ പറയുന്നു.

ഇപ്സ്വിച് തോമസ് മില്‍ ഹൈ സ്‌കൂളില്‍ നിന്നാണ് ഇവര്‍ ഈ വർഷം എ ലെവല്‍ പൂര്‍ത്തിയാക്കിയത്. ജി സി എസ് ഇ ക്കും എ ലെവലിനും മികച്ച മാര്‍ക്ക് ഉണ്ടായിട്ടും നേഴ്സിങ് എന്ന ഇഷ്ട്ട ജോലി തിരഞ്ഞെടുക്കാന്‍ ആയിരുന്നു മൂന്നു പേരുടെയും മോഹം. തങ്ങളുടെ കുടുംബ ജീവിതം ഭദ്രമാക്കിയ തൊഴിൽ എന്നതിലുപരി ആതുരശുശ്രൂഷാ രംഗത്ത് പ്രവർത്തിക്കാനുള്ള താല്പര്യം കൂടിയാണ് നേഴ്സിങ് മേഖല തിരഞ്ഞെടുത്തതെന്ന് കുട്ടികൾ പറയുന്നു. പഠനത്തിന്റെ ഭാഗമായി ഫാര്‍മസിയില്‍ വളണ്ടിയര്‍ ജോലിക്കു എത്തിയതാണ് അനീഷയെ ഫിസിയോതെറാപ്പിയില്‍ എത്തിക്കാന്‍ പ്രധാന കാരണമായത് . മറ്റുള്ളവര്‍ നേഴ്സിങ് ഹോമുകളിലാണ് വളണ്ടിയര്‍ ജോലി ചെയ്യാന്‍ തിരഞ്ഞെടുത്തതും മാത്രമല്ല, അമ്മ പഠിച്ച യൂണിവേഴ്‌സിറ്റിയില്‍ നിന്ന് തന്നെ ബിരുദം എടുക്കാന്‍ സാധിക്കുന്നതും ഇവര്‍ക്ക് ആവേശമാകുന്നു.
മസ്‌കറ്റില്‍ നിന്നും ഇപ്സ്വിച്ചില്‍ എത്തിയ ജോബി മക്കളുടെ പ്രസവശേഷമാണ് സഫോള്‍ക് യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്ന് നേഴ്സിങ് ബിരുദം പൂര്‍ത്തിയാക്കിയത്. വ്യക്തിപരമായതും പ്രൊഫഷണലായും ഉയരങ്ങള്‍ താണ്ടാന്‍ നേഴ്സിംഗില്‍ ഏറെ അവസരം ഉണ്ടെന്നതും മൂവര്‍ക്കും ഈ മേഖല തിരഞ്ഞെടുക്കാന്‍ മറ്റൊരു കാരണമാണ് . ഇംഗ്ലീഷുകാർക്ക് മാത്രമല്ല, മലയാളി സമൂഹത്തിലും ചെറുപ്പക്കാര്‍ക്ക് മാതൃകയും ആവേശവും ആകാന്‍ ഈ സഹോദരിമാർ വഴി ഒരുക്കുകയാണ് . സഫോള്‍ക് യൂണിവേഴ്സിറ്റിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരം സംഭവമെന്ന് ഡീന്‍ ഓഫ് ഹെല്‍ത്ത് സയന്‍സ് പോള്‍ ഡ്രിസ്‌കോള്‍ ഇവാന്‍സ് വക്തമാക്കി
click on malayalam character to switch languages