ലണ്ടൻ: ഇന്നലെ മരണടഞ്ഞ യുക്മ സൗത്ത് വെസ്റ്റ് റീജിയൺ മുൻ ജോയിന്റ് സെക്രട്ടറിയും ന്യൂബറി മലയാളി അസ്സോസിയേഷൻ പ്രതിനിധിയുമായ മനോജ് രാമചന്ദ്രന്റെ മൃതദേഹം നാളെ സംസ്കരിക്കും. സ്വദേശമായ ചെങ്ങന്നൂരിലെ കീഴ്ച്ചേരിമേൽ അൾത്താര ജംക്ഷന് സമീപമുള്ള ചാരുവാഴത്തിൽ വീടിന് സമീപമാണ് മനോജിന് അന്ത്യവിശ്രമമൊരുക്കുക. നാളെ രാവിലെ പതിനൊന്നര മണിയോടെ സംസ്കാര ശുശ്രൂഷകൾ ആരംഭിക്കും. അതിന് ശേഷം രണ്ടു മണിയയോടെയായിരിക്കും മനോജിന് വേണ്ടി ചിതയൊരുങ്ങുക.
യുക്മ ദേശീയ അധ്യക്ഷൻ മാമൻ ഫിലിപ്പ് ഇന്നലെ രാത്രിയോടെ തന്നെ മനോജിന്റെ ഭവനത്തിലെത്തി അന്തിമോപചാരമർപ്പിച്ചിരുന്നു. യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ പരിപാടികളിൽ സജീവ സാന്നിദ്ധ്യമായ മനോജിന്റെ വിയോഗം യുക്മക്ക് തീരാനഷ്ടമെന്ന് പറഞ്ഞ മാമ്മൻ ഫിലിപ്പ് ദുഃഖാർത്തരായ കുടുംബാങ്ങഗളുടെ ദുഃഖത്തിൽ പങ്കു ചേരുന്നതായി അറിയിച്ചു.
ക്യാൻസർ രോഗ ബാധമൂലം ഏറെ നാൾ റെഡ്ഡിങ്ങിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രോഗം മൂർച്ഛിച്ചതോടെ മൂന്നാഴ്ചകൾക്ക് മുൻപാണ് മനോജും കുടുംബവും നാട്ടിലേക്ക് മടങ്ങിയത്. നാട്ടിലെ ഒരു പാലിയേറ്റിവ് കെയർ ഹോമിൽ വച്ചായിരുന്നു അന്ത്യം.
ന്യൂബറി മലയാളി കൾച്ചറൽ അസ്സോസിയേഷൻ സജീവാംഗമായ മനോജ് നേരത്തേ ഭാരവാഹിയായും പ്രവർത്തിച്ചിരുന്നു. യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ മുൻ ജോയിന്റ് സെക്രട്ടറിയായിരുന്ന മനോജ് രാമചന്ദ്രൻ യുക്മ കലാമേളകളിലും കായികമേളകളിലും സജീവ സാന്നിദ്ധ്യമായിരുന്നു. റീജിയണൽ കമ്മിറ്റിക്കൊപ്പം പരിപാടികളുടെ നടത്തിപ്പിലും ബാക്ക് ഓഫീസ് നിയന്ത്രണത്തിലും പ്രമുഖ സ്ഥാനമാണ് മനോജ് വഹിച്ചിട്ടുള്ളത്.
ഭാര്യക്കും രണ്ടു മക്കൾക്കുമൊപ്പം ന്യൂബറിയിൽ താമസമാക്കിയിരുന്ന മനോജ് ഐടി മേഖലയിലാണ് ജോലി ചെയ്തിരുന്നത്. മികച്ച ഒരു ഗായകനും സംഘാടകനുമായ മനോജ് രോഗാവസ്ഥയിലായ ശേഷം കുടുംബത്തിന് താങ്ങും തണലുമായ സുഹൃത്തുക്കളോട് രോഗമുക്തി നേടി തിരിച്ച് വരുമെന്ന് തന്നെ പറഞ്ഞിരുന്നു. സൗമ്യമായ പെരുമാറ്റവും ചെറുപുഞ്ചിരിയുമായി ഓരോ പരിപാടികളിലും ഓടിയെത്തി സാന്നിദ്ധ്യവും സഹായവും നൽകുന്ന മനോജിന്റെ സേവനം വിസ്മരിക്കാൻ കഴിയില്ലെന്ന് സുഹൃത്തുക്കൾ പറയുന്നു.
യുക്മ സൗത്ത് വെസ്റ്റ് മുൻ ജോയിന്റ് സെക്രട്ടറി മനോജ് രാമചന്ദ്രൻ മരണമടഞ്ഞു; അന്ത്യം ക്യാൻസർ രോഗബാധ മൂലം
click on malayalam character to switch languages